News - 2024

ക്രിസ്തുവിന്റെ ജീവിതം ചിത്രീകരിക്കുന്ന ആദ്യത്തെ വിര്‍ച്വല്‍ റിയാലിറ്റി ചലച്ചിത്രം 'ജീസസ് വിആര്‍-ദ സ്റ്റോറി ഓഫ് ക്രൈസ്റ്റ്' വെനീസ് ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിക്കും

സ്വന്തം ലേഖകന്‍ 27-08-2016 - Saturday

വെനീസ്: വിര്‍ച്വല്‍ റിയാലിറ്റി എന്ന അതിനൂതന സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി പുറത്തിറക്കുന്ന 'ജീസസ് വിആര്‍- ദ സ്റ്റോറി ഓഫ് ക്രൈസ്റ്റ്' വെനീസില്‍ നടക്കുന്ന ചലച്ചിത്രോത്സവത്തില്‍ പ്രദര്‍ശിപ്പിക്കും. വിര്‍ച്വല്‍ റിയാലിറ്റിയില്‍ ഇറങ്ങുന്ന ആദ്യത്തെ ബൈബിള്‍ ചലച്ചിത്രമാണിത്. സാങ്കേതിക തികവാണ് ചിത്രത്തിന്റെ പ്രത്യേകത. ഒന്നരമണിക്കൂര്‍ ദൈര്‍ഘ്യമുള്ള ചലച്ചിത്രം ചിത്രീകരിച്ചിരിക്കുന്നത് ഇറ്റലിയിലെ മറ്റീറ എന്ന സ്ഥലത്താണ്. ഇവിടെ തന്നെയാണ് 'പാഷന്‍ ഓഫ് ദ ക്രൈസ്റ്റ്' എന്ന ചലച്ചിത്രത്തിന്റെയും ചിത്രീകരണം നടത്തിയത്.

ഡേവിഡ് ഹാന്‍സന്‍, ജോണി മാക് എന്നിവരാണ് പുതിയ ചിത്രത്തിന്റെ സംവിധാനവും നിര്‍മ്മാണവും നടത്തിയിരിക്കുന്നത്. 2000 വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള കാഴ്ച്ചകളുടെ തനി പകര്‍പ്പിലേക്കായിരിക്കും വിര്‍ച്വല്‍ റിയാലിറ്റി സാങ്കേതിക വിദ്യ ഉപയോഗിച്ചു പുറത്തുവരുന്ന ചലച്ചിത്രം പ്രേക്ഷകരെ കൂട്ടിക്കൊണ്ടു പോകുക. 73-ാമത് വെനീസ് ചലച്ചിത്ര പ്രദര്‍ശനത്തില്‍ 'ജീസസ് വിആര്‍- ദ സ്റ്റോറി ഓഫ് ക്രൈസ്റ്റിന്റെ' 40 മിനിറ്റ് ദൈര്‍ഘ്യമുള്ള പ്രത്യേക പതിപ്പാണ് പ്രദര്‍ശിപ്പിക്കുക.

ക്രിസ്തുവിന്റെ ജനനം മുതല്‍ സ്വര്‍ഗാരോഹണം വരെയുള്ള എല്ലാ സംഭവങ്ങളും പുതിയ ചിത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഫാദര്‍ വില്യം ഫുള്‍ക്കോയാണ് ചലച്ചിത്ര നിര്‍മ്മാണത്തിന് ആവശ്യമായ ഉപദേശങ്ങള്‍ നല്‍കുന്നത്. പാഷന്‍ ഓഫ് ദ ക്രൈസ്റ്റിനും ആവശ്യമായ ആത്മീയ നിര്‍ദേശങ്ങള്‍ നല്‍കിയത് ഇദ്ദേഹം തന്നെയാണ്. ടിം ഫില്ലിംഗ്ഹാം, ക്രിസ്റ്റ്യാന്‍ സേരിറ്റിലോ, മിഷ് ബൊയ്‌ക്കോ തുടങ്ങിയ പ്രമുഖരാണ് ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്. വെനീസ് ചലച്ചിത്രോത്സവം 31-നു ആരംഭിക്കും.

SaveFrTom

ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി Change.org വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.

ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക


Related Articles »