News - 2024

ഭക്ഷണവും വസ്ത്രങ്ങളും, മരുന്നും: വേദനയിലൂടെ കടന്നുപോകുന്ന യുക്രൈൻ ജനതയ്ക്ക് പാപ്പയുടെ കൈത്താങ്ങ് വീണ്ടും

പ്രവാചകശബ്ദം 12-08-2024 - Monday

വത്തിക്കാന്‍ സിറ്റി: യുക്രൈനിലേക്ക് ഭക്ഷണവും വസ്ത്രങ്ങളും, മരുന്നുകളുമായി ഫ്രാന്‍സിസ് പാപ്പയുടെ കൈത്താങ്ങ് വീണ്ടും. റോമിലെ വിശുദ്ധ സോഫിയയുടെ നാമധേയത്തിലുള്ള ബസിലിക്കയിൽ നിന്ന് യുക്രൈനിലേക്ക് ഒരു ട്രക്കിലാണ് ദീർഘകാലത്തേക്ക് പഴക്കം കൂടാതെ സൂക്ഷിക്കാവുന്ന ഭക്ഷണസാധനങ്ങൾ ഉൾപ്പെടെയുള്ളവ എത്തിക്കുക. റഷ്യ നടത്തിയ ആക്രമണങ്ങളില്‍ വേദനയിലൂടെ കടന്നുപോകുന്ന യുക്രൈൻ ജനതയ്ക്കു ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുള്ള ഫ്രാന്‍സിസ് പാപ്പയുടെ നിർദ്ദേശപ്രകാരമാണ് കർദ്ദിനാൾ കോൺറാഡ് ക്രജേവ്സ്കി നയിക്കുന്ന കാരുണ്യവിഭാഗം ഇത്തവണയും യുക്രൈനിലേക്ക് സഹായമെത്തിക്കുന്നതെന്ന് വത്തിക്കാന്‍ മീഡിയ റിപ്പോര്‍ട്ട് ചെയ്യുന്നു.

കഴിഞ്ഞ ബുധനാഴ്ച വത്തിക്കാനിൽ അനുവദിച്ച പതിവ് പൊതുകൂടിക്കാഴ്ചയിലും, യുക്രൈൻ ജനതയ്ക്ക് വേണ്ടി പ്രാർത്ഥിക്കാൻ പാപ്പ ഏവരെയും ആഹ്വാനം ചെയ്‌തിരുന്നു. മേഖലയില്‍ സംഘർഷങ്ങൾ ആരംഭിച്ചതുമുതൽ ഏറെ പീഡനങ്ങൾ ഏറ്റുവാങ്ങേണ്ടിവന്ന യുക്രൈൻ ജനതയ്ക്ക് സാന്ത്വനവുമായി നിരവധി തവണ പാപ്പ രംഗത്തുവന്നിരിന്നു. കേവലം പ്രസ്താവനകളില്‍ മാത്രം ഒതുക്കി നിര്‍ത്താതെ നിരവധി തവണ ടൺ കണക്കിന് സാധനസാമഗ്രികൾ പല പ്രാവശ്യങ്ങളിലായി വത്തിക്കാനിൽനിന്ന് യുക്രൈനിലെത്തിച്ചിരുന്നു.


Related Articles »