News - 2025
ഹിറ്റായ ക്രിസ്ത്യന്‍ മൊബൈല്‍ ആപ്ലിക്കേഷന് വിലക്കിട്ട് ചൈന
പ്രവാചകശബ്ദം 27-02-2024 - Tuesday
ബെയ്ജിംഗ്: ക്രൈസ്തവ പ്രാർത്ഥനകളും ബൈബിൾ സംഭവ കഥകളും, അനുദിന വചനവിചിന്തനങ്ങളും ഉൾപ്പെടുത്തി ഒന്നര കോടിയിലധികം ആളുകള്‍ ഉപയോഗിച്ചിരുന്ന പ്രേ ഡോട്ട് കോം എന്ന പ്രശസ്തമായ അപ്ലിക്കേഷൻ ചൈനയിലെ ആപ്പിളിന്റെ ആപ്പ് സ്റ്റോറിൽ നിന്ന് നീക്കം ചെയ്തു. നേരത്തെ സമാനമായ ക്രൈസ്തവ ആപ്പുകൾ നീക്കം ചെയ്യപ്പെട്ടപ്പോഴും പ്രേ ഡോട്ട് കോമിന് രാജ്യത്ത് പ്രവർത്തിക്കാൻ സ്വാതന്ത്ര്യം ഉണ്ടായിരുന്നു. എന്നാൽ സർക്കാരിൻറെ നയം മാറുന്നതിന്റെ സൂചനയായി ഇപ്പോഴത്തെ നടപടി കരുതപ്പെടുന്നു. അമേരിക്കൻ പ്രസിഡൻറ് അടക്കമുള്ളവർ പങ്കെടുക്കുന്ന ദേശീയ പ്രാർത്ഥനാ ദിനവും പ്രേ ഡോട്ട് കോം ആളുകളിൽ എത്തിച്ചിരുന്നു. 2016 ലാണ് ആപ്ലിക്കേഷന് തുടക്കം കുറിക്കപ്പെടുന്നത്.
ചൈനീസ് സർക്കാർ നിയന്ത്രണം ഏർപ്പെടുത്തിയതിന് പിന്നാലെ മറ്റ് മാർഗ്ഗങ്ങളിലൂടെ ചൈനയിലെ വിശ്വാസികളുടെ ഇടയിൽ എങ്ങനെ പ്രവർത്തിക്കാം എന്നതിനെപ്പറ്റി പ്രേ ഡോട്ട് കോം ആപ്പിന്റെ അധികൃതർ ചർച്ചകൾ നടത്തുകയാണ്. 2024 അമേരിക്കൻ പ്രസിഡൻറ് തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർത്ഥിയാകാൻ സാധ്യതയുള്ള ഡൊണാൾഡ് ട്രംപുമായി സംസാരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഈ അടുത്തകാലത്തായി നിരവധി ബൈബിൾ ആപ്ലിക്കേഷനുകളും, ക്രൈസ്തവ വി ചാറ്റ് അക്കൗണ്ടുകളും ചൈന നീക്കം ചെയ്തിരുന്നു. ഏഷ്യയില്‍ ക്രിസ്തീയ വിശ്വാസം ഏറ്റവും അധികം വ്യാപിക്കുന്ന രാജ്യമാണ് ചൈന. ഇതില്‍ അസ്വസ്ഥരായ കമ്മ്യൂണിസ്റ്റ് ഭരണകൂടം ശക്തമായ നിയന്ത്രണമാണ് ക്രൈസ്തവ സമൂഹത്തിന് ഏര്‍പ്പെടുത്തുന്നത്.
2013 മുതല്‍ കമ്മ്യൂണിസ്റ്റ് നിരീശ്വര അജണ്ടയുടെ ഭാഗമായി ദേവാലയങ്ങളിലെ കുരിശു നീക്കം ചെയ്യുന്നത് ഏറെ വിവാദമായിരിന്നു. 2018-ല്‍ വലിയ തോതിലുള്ള കുരിശ് തകര്‍ക്കലിനാണ് ഹെനാന്‍ പ്രവിശ്യയിലെ ക്രിസ്ത്യാനികള്‍ സാക്ഷ്യം വഹിച്ചത്. പ്രവിശ്യയിലെ ദേവാലയങ്ങളിലെ ബൈബിളുകള്‍ കത്തിച്ചതിന്റെയും വിശുദ്ധ രൂപങ്ങള്‍ നീക്കം ചെയ്തതിന്റെയും ചിത്രങ്ങള്‍ സഹിതം വിവിധ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരിന്നു. രാജ്യത്തു ഓൺലൈനായി അച്ചടി ബൈബിൾ വാങ്ങുന്നത് രാജ്യത്തു നിരോധിച്ചിരിന്നുവെന്ന് ക്രൈസ്തവ സന്നദ്ധ സംഘടനയായ ഇൻറർനാഷണൽ ക്രിസ്ത്യൻ കൺസേനും റിപ്പോർട്ട് ചെയ്തിരുന്നു. ക്രൈസ്തവര്‍ ഏറ്റവും കൂടുതലായി പീഡിപ്പിക്കപ്പെടുന്ന 50 രാഷ്ട്രങ്ങളെ കുറിച്ചുള്ള ‘ഓപ്പണ്‍ഡോഴ്സ് യു.എസ്.എ’യുടെ പട്ടികയില്‍ പത്തൊന്‍പതാമതാണ് ചൈനയുടെ സ്ഥാനം.