India - 2024
അമ്മമാരുടെ കണ്ണീരും കഷ്ടപ്പാടും കണ്ടിട്ടെങ്കിലും മദ്യവ്യാപനത്തിന് അറുതിവരുത്താൻ സര്‍ക്കാര്‍ ഇടപെടണം: ബിഷപ്പ് ജോഷ്വാ മാർ ഇഗ്നാത്തിയോസ്
പ്രവാചകശബ്ദം 16-08-2024 - Friday
മലപ്പുറം: അമ്മമാരുടെ കണ്ണീരും കഷ്ടപ്പാടും കണ്ടിട്ടെങ്കിലും മദ്യവ്യാപനത്തിന് അറുതിവരുത്താൻ സംസ്ഥാന സർക്കാർ തയാറാകണമെന്ന് മദ്യവിരുദ്ധ ജനകീയ മുന്നണി സംസ്ഥാന ചെയർമാൻ ബിഷപ്പ് ജോഷ്വാ മാർ ഇഗ്നാത്തിയോസ് ആവശ്യപ്പെട്ടു. മദ്യനിരോധന സമിതി സംസ്ഥാന കമ്മിറ്റി, മലപ്പുറം കളക്ടറേറ്റിനു മുന്നിൽ നടത്തിവരുന്ന അനിശ്ചിതകാല സത്യഗ്രഹത്തിൻ്റെ 365-ാം ദിന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ബാറുകളുടെയും വില്പനശാലകളുടെയും എണ്ണം വർദ്ധിപ്പിച്ചതോടെ മദ്യം ഉപയോഗിക്കുന്നവരുടെ എണ്ണവും സാരമായി വർധിച്ചു. കുടുംബം തകർക്കുന്ന മദ്യനയം സർക്കാർ തിരുത്തണം. മദ്യം വിറ്റുണ്ടാക്കുന്ന പണമില്ലാതെ ഞങ്ങൾക്കു ഭരിക്കാനാകില്ലെന്നു പറയുന്നത് ഒരു പരിഷ്കൃത ഭരണകൂടത്തിനും ഭൂഷണമല്ല. മദ്യലഭ്യത കുറയ്ക്കും എന്നത് ഇട തുപക്ഷജനാധിപത്യ മുന്നണി തെരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ ജനങ്ങൾക്ക് നൽകിയ വാഗ്ദാനമാണ്. അത് പാലിക്കാൻ തയാറാകണമെന്നും ബിഷപ്പ് ആവശ്യപ്പെട്ടു. യോഗത്തിൽ മദ്യനിരോധന സമിതി സംസ്ഥാന പ്രസിഡൻ്റ ഇയ്യച്ചേരി കുഞ്ഞികൃഷ്ണൻ അധ്യക്ഷത വഹിച്ചു.