News - 2025
തീവ്രവാദ ഭീഷണി; കനത്ത സുരക്ഷയില്‍ മാതാവിന്റെ സ്വര്‍ഗ്ഗാരോപണ തിരുനാള്‍ ആഘോഷിച്ച് ഫ്രാന്‍സ്
പ്രവാചകശബ്ദം 16-08-2024 - Friday
പാരീസ്: ആഗോള കത്തോലിക്ക സഭയിലെ ഏറ്റവും പ്രധാനപ്പെട്ട തിരുനാള്‍ ദിനമായ ദൈവമാതാവിന്റെ സ്വര്‍ഗ്ഗാരോപണ തിരുനാള്‍ ദിനത്തില്‍ ഫ്രാന്‍സില്‍ ഒരുക്കിയത് കനത്ത സുരക്ഷ. രാജ്യത്തു ഏറ്റവും അധികം പ്രാധാന്യം കൊടുക്കുന്ന ദിവസമായതിനാല്‍ വിശ്വാസപരമായ കൂട്ടായ്മകള്‍ക്കും ആരാധനാലയങ്ങൾക്കും നേരെ തീവ്രവാദ ഭീഷണി ഉയരുന്ന പശ്ചാത്തലത്തിൽ ഫ്രഞ്ച് സർക്കാർ "തീവ്ര ജാഗ്രത" നിര്‍ദ്ദേശം നല്‍കിയിരിന്നു. ഫ്രഞ്ച് ആഭ്യന്തര മന്ത്രി ജെറാൾഡ് ഡർമാനിനാണ് നേരത്തെ ജാഗ്രത നിര്‍ദ്ദേശം പുറപ്പെടുവിച്ചത്.
മെസഞ്ചർ ആപ്പായ ടെലിഗ്രാമിലൂടെ ചൊവ്വാഴ്ച അയച്ച സന്ദേശത്തിൽ രാജ്യം വളരെ ഉയർന്ന തലത്തിലുള്ള തീവ്രവാദ ഭീഷണി നേരിടുന്നുണ്ടെന്ന് ആഭ്യന്തര മന്ത്രി പ്രാദേശിക ഉദ്യോഗസ്ഥർക്ക് മുന്നറിയിപ്പ് നൽകി. പരമ്പരാഗത മരിയൻ ഭക്തിയുമായി ബന്ധപ്പെട്ട ഒത്തുചേരലുകൾ, ഘോഷയാത്രകൾ, തീർത്ഥാടനങ്ങൾ എന്നിവ ഈ ദിവസങ്ങളില്‍ നടക്കുന്നതിനാല്‍ വലിയ രീതിയില്‍ അപകടത്തെ അഭിമുഖീകരിക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി.
ലോകത്തിലെ ഏറ്റവും പഴക്കമുള്ള കത്തോലിക്ക രാജ്യങ്ങളിലൊന്നായ ഫ്രാൻസിൽ, സ്വർഗ്ഗാരോപണ തിരുനാൾ പൊതു അവധി ദിവസമാണ്. ലൂര്‍ദ് തീര്‍ത്ഥാടന കേന്ദ്രത്തിലേക്ക് ഉള്‍പ്പെടെ രാജ്യത്തു വന്‍ തീര്‍ത്ഥാടന പ്രവാഹമാണ്. രാജ്യത്തെ പ്രധാന തീർത്ഥാടന കേന്ദ്രങ്ങളിൽ ഫ്രഞ്ച് സർക്കാർ തീവ്രവാദ വിരുദ്ധ ഓപ്പറേഷൻ വിഭാഗത്തിന്റെ സേനാംഗങ്ങളെ നിയമിച്ചിരിന്നു. ഫ്രാന്‍സിലെ ആകെ ജനസംഖ്യയുടെ അഞ്ചില്‍ മൂന്നു ആളുകളും കത്തോലിക്ക വിശ്വാസികളാണ്.