India - 2025
പാക്ക് ക്രിസ്‌ത്യൻ പൗരന് പൗരത്വ ഭേദഗതി നിയമപ്രകാരം ഇന്ത്യൻ പൗരത്വം
ദീപിക 29-08-2024 - Thursday
പനാജി: ഗോവയിൽ താമസിക്കുന്ന പാക്കിസ്ഥാനി ക്രിസ്‌ത്യൻ പൗരന് പൗരത്വ ഭേദഗതി നിയമ (സിഎഎ) പ്രകാരം ഇന്ത്യൻ പൗരത്വം നൽകി. ജോസഫ് ഫ്രാൻസിസ് എ. പെരേര (78) എന്നയാൾക്കാണു മുഖ്യമന്ത്രി പ്രമോദ് സാവന്ത് ഇന്നലെ പനാജിയിൽ നടന്ന ചടങ്ങിൽ ഇന്ത്യൻ പൗരത്വ സർട്ടിഫിക്കറ്റ് നൽകിയത്. നിലവിൽ തെക്കൻ ഗോവയിലെ കാൻസുവാലിമിൽ താമസിക്കുന്ന പെരേര സിഎഎ പ്രകാരം ഇന്ത്യൻ പൗരത്വം ലഭിക്കുന്ന ഗോവ സംസ്ഥാനത്തെ ആദ്യ വ്യക്തിയായി.
പെരേര വിവാഹം ചെയ്‌തതു ഗോവക്കാരിയായ മരിയയെയാണെങ്കിലും പൗരത്വ നിയമം ഭേദഗതി ചെയ്യുന്നതുവരെ ഇന്ത്യൻ പൗരത്വം നേടുന്നതിൽ വിവിധ തടസങ്ങൾ നേരിട്ടിരുന്നു. വിവാഹം കഴിഞ്ഞതുമുതൽ തങ്ങൾ പൗരത്വത്തി നായി ശ്രമിക്കുന്നുണ്ടെന്നും എന്നാൽ ലഭിച്ചില്ലെന്നും അദ്ദേഹത്തിന്റെ ഭാര്യ മരിയ പറഞ്ഞു. കഴിഞ്ഞ ജൂണിലാണ് സിഎഎ വഴി പൗരത്വത്തിന് ഇവർ അപേക്ഷിച്ചത്.
പൗരത്വ നിയമത്തിലെ സെക്‌ഷൻ 6 ബിയിലെ വ്യവസ്ഥകൾ പ്രകാര മാണ് പെരേരയ്ക്ക് പൗരത്വം ലഭിച്ചത്. പോർച്ചുഗീസ് അധീനതയിൽനിന്ന് ഇന്ത്യൻ സൈന്യം ഗോവ മോചിപ്പിച്ചതിനു മുന്‍പ് 1960ലാണ് ജോസഫ് പെരേര ഉപരിപഠനാർഥം പാക്കിസ്ഥാനിലേക്കു കുടിയേറിയത്. പഠനശേഷം കറാച്ചിയിൽ ജോലിചെയ്‌തു. തുടർന്ന് അദ്ദേഹം 37 വർഷം ബഹറിനിൽ ജോലി ചെയ്തു. 2013ൽ വിരമിച്ചതിനെത്തുടർന്ന് ഇന്ത്യക്കാരിയായ ഭാര്യയോടൊപ്പം ഗോവയിൽ താമസിക്കുകയാണ്. 1979 ലാണ് അദ്ദേഹം പാക്കിസ്ഥാൻ അവസാനമായി സന്ദർശിച്ചത്.