News - 2024

മറിയം സ്വർഗ്ഗീയ യാത്രയിലെ ഗോവണി | മരിയ സ്പന്ദനങ്ങൾ | മെയ് മാസ ചിന്തകൾ 15

സിസ്റ്റർ റെറ്റി FCC 15-05-2024 - Wednesday

പരിശുദ്ധ കന്യകാമറിയം ഒരു ഗോവണിയാണ്. ഈ ഗോവണിയിലൂടെയാണ് ദൈവം ഭൂമിയിലേക്ക് ഇറങ്ങിവന്നത് എന്ന് വിശുദ്ധ അംബ്രോസ് പറയുന്നു. എന്തിനായിരുന്നു ദൈവം ഭൂമിയിലേക്ക് ഇറങ്ങിവന്നത്? ഭൂമിയിലെ മനുഷ്യരെ സ്വർഗ്ഗത്തിലേക്ക് കൊണ്ടുപോകാൻ ആയിരുന്നു. പരിശുദ്ധ മറിയത്തിന്റെ സംരക്ഷണത്തിന് അർപ്പിക്കുന്നവരെ സ്വീകരിക്കാൻ സ്വർഗ്ഗ കവാടം തുറക്കപ്പെടും എന്ന് വിശുദ്ധ ബൊനവെന്തുര പഠിപ്പിക്കുന്നു.

പറുദീസായുടെ കവാടമേ എന്നാണ് വിശുദ്ധ എഫ്രേം ദൈവമാതാവിനെ വിശേഷിപ്പിച്ചത്. ബ്രദർ ലിയോ ഒരു ദർശനത്തിൽ രണ്ട് ഗോവണികൾ കണ്ടതായി വിവരിക്കുന്നുണ്ട് ചുവന്ന ഗോവണിയുടെ മുകളിൽ ഈശോമിശിഹാ നിൽക്കുന്നതായും വേറൊരു വെളുത്ത ഗോവണിയുടെ മുകളിൽ പരിശുദ്ധ അമ്മ നിൽക്കുന്നതായും കണ്ടു. ഏതാനും പേർ ചുവന്ന ഗോവണിയിൽ രണ്ട് തവണ കയറാൻ പരിശ്രമിച്ചെങ്കിലും താഴെ വീണു. പിന്നീട് അവരോട് വെളുത്ത ഗോവണിയിൽ കയറാൻ ആവശ്യപ്പെടുന്നതായും ബ്രദർ ലിയോ കണ്ടു. അനുഗ്രഹീത കന്യക തന്റെ കരങ്ങൾ അവരുടെ നേരെ നീട്ടി അവരെ ഗോവണിയിൽ കയറ്റുന്നു അങ്ങനെ അവർ സുരക്ഷിതമായി പറുദീസായിയിലേക്ക് ആരോഹണം ചെയ്യപ്പെട്ടു.

വിശുദ്ധ പീറ്റർ ഡാമിയനും പരിശുദ്ധ അമ്മയെ വിളിക്കുന്നത് സ്വർഗ്ഗത്തിന്റെ ഗോവണി എന്നാണ്. എന്തുകൊണ്ടെന്നാൽ മനുഷ്യർ ഭൂമിയിൽ നിന്ന് സ്വർഗ്ഗത്തിലേക്ക് കയറാനുള്ള യോഗ്യത പരിശുദ്ധ മറിയത്തിലൂടെ നേടിയെടുത്തു. മറിയത്തിൻ്റെ "ഇതാ കർത്താവിൻ്റെ ദാസി " എന്ന കീഴ് വഴങ്ങലിൽ ദൈവപുത്രൻ്റെ മനുഷ്യവതാരം എളുപ്പമുള്ളതാക്കി മാറ്റി. സ്വർഗ്ഗം മാതാവിന്റെ ശക്തമായ പ്രാർത്ഥനകളും സഹായങ്ങളും നിരന്തരം ബഹുമാനിക്കുകയും പറുദീസ കവാടങ്ങൾ അവളുടെ യാചനകൾക്കു മുമ്പിൽ തുറക്കുകയും ചെയ്യുന്നു.

ദാവീദ് കർത്താവിനോട് ചോദിച്ചു, കർത്താവേ നിന്റെ കൂടാരത്തിൽ ആരു വിശ്രമിക്കും? അങ്ങയുടെ വിശുദ്ധ ഗിരിയിൽ ആര് വിശ്രമം ഉറപ്പിക്കും(Ps15/1). നമുക്ക് അമ്മയുടെ കാൽപ്പാടുകൾ പിന്തുടർന്ന് ഈശോയെ അടുത്ത് നമുക്കു അടുത്തനുഗമിക്കാം. അവൻ്റെ വിശുദ്ധഗിരിയിൽ രാപാർക്കാം. പരിശുദ്ധ അമ്മയുടെ അനുഗ്രഹീത പാദങ്ങളിൽ നമുക്കു കമിഴ്ന്നു വീഴാം. അമ്മ നമ്മളെ അനുഗ്രഹിക്കുന്നതുവരെ നമുക്ക് അമ്മയെ പിരിയാതിരിക്കാം എന്തെന്നാൽ അമ്മയുടെ ആശീർവാദം നമ്മൾ പറുദീസ സ്വന്തമാക്കുന്നതിൽ നമ്മെ സുരക്ഷിതരാക്കും.

ഓ സ്വർഗ്ഗത്തിന്റെ അമ്മേ, പരിശുദ്ധ സ്നേഹത്തിന്റെ അമ്മേ, എല്ലാ സൃഷ്ടികളുടെയും ഇടയിൽ ഏറ്റവും സ്നേഹനിധിയും ദൈവത്തിന്റെ ആദ്യ പ്രേമ ഭാജനവും അമ്മ തന്നെയാണ്. ഈ ഭൂമിയിൽ ഏറ്റവും നന്ദി ഹീനനും, ഏറ്റവും ദരിദ്രപൂർണ്ണനും,പാപിയുമായ ഞാൻ അങ്ങയെ സ്നേഹിക്കാനായി എന്നെ അനുവദിക്കണമേ. എന്റെ പ്രത്യാശയായ എന്റെ പരിശുദ്ധ മറിയമേ അങ്ങ് എന്നെ രക്ഷിക്കണമേ.


Related Articles »