India - 2025

ഉരുൾപൊട്ടലുണ്ടായ വിലങ്ങാട് മേഖല സന്ദർശിച്ച് മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ

05-09-2024 - Thursday

വിലങ്ങാട്: വയനാട്, വിലങ്ങാട് ഉരുൾപൊട്ടൽ ദുരന്തത്തിനിരയായ ആളുകൾക്കു ജാതി-മത ഭേദമില്ലാതെ സീറോമലബാർ സഭയും കേരള കത്തോലിക്ക മെത്രാൻ സമിതിയും ചേർന്നു സഹായമെത്തിക്കുമെന്ന് മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ പറഞ്ഞു. ഉരുൾപൊട്ടലുണ്ടായ വിലങ്ങാട് മേഖല സന്ദർശിച്ചശേഷം മാധ്യമ പ്രവർത്ത കരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. അർഹരായ ആളുകൾക്ക് സഹായം നൽകുന്നതിനു ജാതിയോ മതമോ തടസമാകില്ല. കെസിബിസിയുടെ നേതൃത്വത്തിൽ വയനാട്, വിലങ്ങാട് മേഖലകളിൽ 100 വീടുകൾ നിർമിച്ചു നൽകും. അതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്.

മറ്റൊരു ഏജൻസിയെയും ഏൽപ്പിക്കാതെ സഭയുടെ കീഴിലുള്ള സംവിധാനങ്ങളെ ഉപയോഗിച്ച് കുറ്റമറ്റ വീടുകൾ നിർമിച്ചു നൽകും. മേജർ ആർച്ച് ബിഷപ്പ് എന്ന നിലയിൽ ദുരിതബാധിതരുടെ ആവശ്യങ്ങൾ സർക്കാരിൻ്റെ ശ്രദ്ധയിൽപ്പെടുത്തുമെന്നും മാർ റാഫേൽ തട്ടിൽ പറഞ്ഞു. നാം കുറേക്കൂടി ഒന്നാകണമെന്ന സന്ദേശമാണ് പ്രകൃതിദുരന്തങ്ങൾ നൽകുന്നത്. ദുരന്തമുണ്ടായപ്പോൾ എല്ലാ വിഭാഗീയതകളും മറന്നു മനുഷ്യർ ഒന്നായി. ദുരന്തമില്ലാത്ത അവസ്ഥയിലും നമുക്ക് ഒന്നാകാൻ കഴിയണമെന്നും മാർ റാഫേൽ തട്ടിൽ പറഞ്ഞു.


Related Articles »