News - 2024
വ്യാജ മതനിന്ദ കേസ്; പാക്കിസ്ഥാനില്‍ ക്രൈസ്തവ വനിതയ്ക്കു വധശിക്ഷ
പ്രവാചകശബ്ദം 25-09-2024 - Wednesday
ഇസ്‌ലാമാബാദ്: പാക്കിസ്ഥാനില്‍ വാട്ട്‌സ്ആപ്പ് സന്ദേശത്തിലൂടെ മതനിന്ദ പ്രചരിപ്പിച്ചെന്നാരോപിച്ച് ക്രൈസ്തവ വനിതയ്ക്കു വധശിക്ഷ. പാക്ക് തലസ്ഥാനമായ ഇസ്‌ലാമാബാദിലെ പ്രത്യേക കോടതിയിലെ വിചാരണ ജഡ്ജി നാല് മക്കളുടെ അമ്മയെ വധശിക്ഷയ്ക്ക് വിധിച്ചു. 300,000 പാകിസ്ഥാൻ രൂപ (ഏകദേശം 1,000 യുഎസ് ഡോളർ) പിഴ അടക്കണമെന്നും നിര്‍ദ്ദേശമുണ്ട്. 4 കുഞ്ഞുങ്ങളുടെ അമ്മയായ ഷഗുഫ്ത കിരണ്‍ മൂന്നു വർഷം മുമ്പാണ് വ്യാജ മതനിന്ദ കേസില്‍ അറസ്റ്റിലായത്.
വിദ്വേഷ സന്ദേശങ്ങൾ പ്രചരിപ്പിച്ചുവെന്ന് ആരോപിച്ച് 2021-ൽ ഷഗുഫ്തയെ ഭർത്താവിനും മകനുമൊപ്പമാണ് അറസ്റ്റ് ചെയ്തത്. പൊന്തിഫിക്കൽ സന്നദ്ധ സംഘടനയായ എയിഡ് ടു ദ ചർച്ച് ഇൻ നീഡ് (ACN) കോടതി വിധിയില്‍ അപ്പീൽ നൽകുമെന്ന് അറിയിച്ചു. ഷഗുഫ്ത ഒരു ക്രിസ്ത്യാനിയായതിനാലാണ് കുറ്റാരോപിതയായതെന്ന് അഭിഭാഷകൻ റാണ അബ്ദുൾ ഹമീദ് പറഞ്ഞു. മുഹമ്മദ് നബിയെ നിന്ദിച്ചതിന് വധശിക്ഷ ലഭിക്കാവുന്ന ശിക്ഷാനിയമത്തിലെ 295-സി വകുപ്പ് പ്രകാരമാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. ശിക്ഷ തീരുന്നത് വരെ റാവൽപിണ്ടിയിലെ അദ്യാല സെൻട്രൽ ജയിലില്‍ പാര്‍പ്പിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
1980-കളില്‍ ഇസ്ലാമികവല്‍ക്കരിക്കപ്പെട്ടതു മുതല്‍ പാക്കിസ്ഥാനിലെ മതനിന്ദാ നിയമം ക്രൈസ്തവര്‍ക്കെതിരെയുള്ള വിവേചനത്തിനും അടിച്ചമര്‍ത്തലിനുമുളള പ്രധാന ഉപകരണമായി മാറിയിരിന്നു. പലപ്പോഴും മതന്യൂനപക്ഷങ്ങളോട് വ്യക്തിവൈരാഗ്യം തീര്‍ക്കാനുള്ള മാര്‍ഗ്ഗമായാണ് രാജ്യത്തെ മതനിന്ദ നിയമം കണക്കാക്കുന്നത്. പാക്കിസ്ഥാനിലെ ആകെ ജനസംഖ്യയുടെ 96 ശതമാനത്തിലധികം മുസ്ലീങ്ങളാണ്. ജനസംഖ്യയുടെ 1.3% വരുന്ന ക്രൈസ്തവര്‍ വലിയ രീതിയിലുള്ള ഭീഷണി രാജ്യത്തു നേരിടുന്നുണ്ട്.