News - 2024
ഒന്നര പതിറ്റാണ്ടിനിടെ മെക്സിക്കോ സിറ്റിയിൽ ഗർഭഛിദ്രത്തിന് ഇരയായത് 864,750 കുഞ്ഞുങ്ങൾ
പ്രവാചകശബ്ദം 27-09-2024 - Friday
മെക്സിക്കോസിറ്റി: 2007 മുതൽ മെക്സിക്കോ സിറ്റിയിൽ മാത്രം 864,750 കുഞ്ഞുങ്ങൾ ഗർഭഛിദ്രത്തിന് ഇരയായതായി റിപ്പോര്‍ട്ട്. ഗർഭാവസ്ഥയിലുള്ളവരുടെ ജീവനെക്കുറിച്ച് മെക്‌സിക്കൻ തലസ്ഥാനത്ത് നിന്നു പുറത്തുവിട്ട ഔദ്യോഗിക റിപ്പോര്‍ട്ടിലാണ് ഈ കണക്കെന്ന് പ്രോലൈഫ് പ്രവർത്തകർ വെളിപ്പെടുത്തി. 2018 മുതൽ 2024 വരെയുള്ള വെറും ആറ് വർഷത്തിനുള്ളിൽ, ഒന്‍പത് സംസ്ഥാനങ്ങളില്‍ ഗർഭാവസ്ഥയുടെ 12 ആഴ്ച വരെ ഗർഭഛിദ്രം കുറ്റകരമല്ലാതാക്കുന്ന നിയമം പാസാക്കിയിരിന്നു.
2007 ഏപ്രിലിൽ ഗർഭാവസ്ഥയുടെ 12 ആഴ്ചകൾ വരെ ഭ്രൂണഹത്യ നടത്തുന്നത് ക്രിമിനൽ കുറ്റമല്ലാതാക്കി ഗർഭഛിദ്രത്തിന് വാതിലുകൾ തുറന്ന ആദ്യത്തെ ഫെഡറൽ ഭരണകൂടമാണ് മെക്സിക്കോ സിറ്റിയിലേത്. ഒന്‍പത് ലക്ഷത്തോളം കുഞ്ഞുങ്ങളെ ക്രൂരമായി കൊലപ്പെടുത്തുവാന്‍ അനുവദിച്ച ഭരണകൂടത്തിനെതിരെ പ്രതിഷേധവുമായി പ്രോലൈഫ് സംഘടനകള്‍ രംഗത്തു വന്നിട്ടുണ്ട്. "ഗർഭഛിദ്രം ഒരു അവകാശമല്ല" എന്ന ക്യാംപെയ്‌നിൽ ചേരാൻ പ്രോലൈഫ് സംഘടനകള്‍ പൊതുജനങ്ങളോട് ആഹ്വാനം ചെയ്തു.
ക്യാംപെയിനില്‍ ഇതിനകം ഒന്‍പതിനായിരത്തിലധികം പേര്‍ ഒപ്പിട്ടുണ്ട്. നിയമസഭാംഗങ്ങൾ ജീവൻ സംരക്ഷിക്കണമെന്ന് ആവശ്യപ്പെടുന്ന ആയിരക്കണക്കിന് മെക്സിക്കന്‍ ജനതയുടെ ശബ്ദവും ഇച്ഛാശക്തിയുമാണ് ഈ ഒപ്പിട്ടവരെന്ന് പ്രോലൈഫ് സന്നദ്ധപ്രവർത്തകനായ അഡ്രിയാൻ മാർട്ടഗോൺ പറഞ്ഞു. സിഗ്നേച്ചർ കളക്ഷൻ പ്ലാറ്റ്‌ഫോം ആക്ടിവേറ്റ്, സിവിൽ അസോസിയേഷൻ സ്റ്റെപ്‌സ് ഫോർ ലൈഫ് എന്നീ സംഘടനകള്‍ എല്ലാ വർഷവും മെക്‌സിക്കൻ തലസ്ഥാനത്ത് ജീവനുവേണ്ടി മാർച്ച് സംഘടിപ്പിക്കുന്നുണ്ട്. സെപ്റ്റംബർ 26-ന് മെക്‌സിക്കോ സിറ്റി ലെജിസ്ലേറ്റീവ് അസംബ്ലിക്ക് മുന്നിൽ സംഘടനകള്‍ പ്രകടനം നടത്തിയിരിന്നു. കത്തോലിക്ക ഭൂരിപക്ഷ രാജ്യമായ മെക്സിക്കോയില്‍ വര്‍ദ്ധിച്ച് വരുന്ന ഭ്രൂണഹത്യയില്‍ സഭാനേതൃത്വം നേരത്തെ തന്നെ ആശങ്ക പ്രകടിപ്പിച്ചിരിന്നു.
▛ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ▟