India - 2025
മാഹി സെൻ്റ തെരേസ ബസിലിക്ക തീർത്ഥാടന കേന്ദ്രത്തിൽ തിരുനാളിന് ഇന്നു കൊടിയേറും
പ്രവാചകശബ്ദം 05-10-2024 - Saturday
മാഹി സെന്‍റ് തെരേസ ബസിലിക്ക തീർഥാടന കേന്ദ്രത്തിൽ വിശുദ്ധ അമ്മ ത്രേസ്യ പുണ്യവതിയുടെ 18 ദിവസം നീണ്ടു നിൽക്കുന്ന തിരുനാൾ ആഘോഷത്തിന് ഇന്നു കൊടിയേറും. രാവിലെ 11.30ന് വിശുദ്ധ അമ്മ ത്രേസ്യയുടെ പതാക കോഴിക്കോട് രൂപത വികാരി ജനറാൾ മോൺ. ഡോ. ജൻസൺ പുത്തൻവീട്ടിൽ പ്രാർഥന ചടങ്ങുകളോടെ കൊടിയേറ്റും. ഉച്ചയ്ക്ക് 12 ന് അമ്മത്രേസ്യ പുണ്യവതിയുടെ തിരുസ്വരൂപം രഹസ്യ അറയിൽ നിന്നെടുത്ത് പൊതുവണക്കത്തിനായി ദേവാലയത്തിൽ പ്രതിഷ്ഠിക്കും.
തിരുനാളറിയിച്ചുകൊണ്ട് കതിനാ വെടികളും മാഹി മുനിസിപ്പാലിറ്റിയിൽ ഈ സമയം പ്രത്യേക സൈറണും മുഴക്കും. വൈകുന്നേരം ആറിന് ആഘോഷമായ ദിവ്യബലിക്ക് കോഴിക്കോട് രൂപത വി കാരി ജനറാൾ മോൺ. ജൻസൺ പുത്തൻവീട്ടിൽ മുഖ്യകാർമികത്വം വഹിക്കും. തുടർന്ന് നൊവേന, പ്രദക്ഷിണം, പരിശുദ്ധ കുർബാനയുടെ ആശീർവാ ദം എന്നിവ ഉണ്ടായിരിക്കും. 14, 15 തീയതികളിൽ പ്രധാന തിരുനാൾ നടക്കും. 14ന് വൈകുന്നേരം തിരുസ്വരൂപം വഹിച്ചുകൊണ്ടുള്ള നഗരപ്രദക്ഷിണം, 15ന് പുലർച്ചെ ഉരുൾ നേർച്ച എന്നിവ നടക്കും.
വിശുദ്ധ കുർബാന നിയോഗം നൽകുന്നതിനും അടിമ വയ്ക്കുന്നതിനും നേർച്ചകൾ സമർപ്പിക്കുന്നതിനും കുമ്പസാരത്തിനും എല്ലാ ദിവസവും സൗകര്യം ഉണ്ടായിരിക്കും. 22 ന് ഉച്ചകഴിഞ്ഞ് അമ്മത്രേസ്യയുടെ തിരുസ്വരൂപം രഹസ്യ അറയിലേക്ക് മാറ്റുന്നതോടെ തിരുനാൾ സമാപിക്കും. തീർത്ഥാടകർക്ക് വാഹനം പാർക്ക് ചെയ്യുന്നതിനായി മാഹി കോളജ് ഗ്രൗണ്ടിൽ വിപുലമായ സൗകര്യമൊരുക്കും.
