India - 2025
മോണ്‍. ജോര്‍ജ് കൂവക്കാടിന്റെ കര്‍ദ്ദിനാള്‍ പദവി: സീറോ മലബാര്‍ സഭയ്ക്ക് അഭിമാന നിമിഷമെന്ന് മാര്‍ റാഫേൽ തട്ടിൽ
പ്രവാചകശബ്ദം 07-10-2024 - Monday
കൊച്ചി: സീറോ മലബാര്‍ സഭയുടെ ഒരു പുത്രന്‍ കൂടി കത്തോലിക്കാസഭയില്‍ കര്‍ദ്ദിനാളുമാരുടെ ഗണത്തിലേക്കുയര്‍ത്തപ്പെടുന്നതു സഭയ്ക്കു മുഴുവന്‍ അഭിമാനവും സന്തോഷവുമെന്നു മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍. മോണ്‍. ജോര്‍ജ് കൂവക്കാടിനെ, സഭയുടെ വിശ്വസ്തപുത്രന്‍, ആത്മീയപിതാവ് എന്നീ നിലകളില്‍ മാര്‍പാപ്പ വിശ്വാസമര്‍പ്പിച്ചതുപോലെ, കര്‍ദ്ദിനാളെന്ന നിലയിലുള്ള എല്ലാ ശുശ്രൂഷകളും ദൈവാനുഗ്രഹനിറവുള്ളതാകട്ടെ എന്നു പ്രാര്‍ത്ഥിക്കുകയും ആശംസിക്കുകയും ചെയ്യുകയാണെന്ന് മേജര്‍ ആര്‍ച്ച് ബിഷപ്പ് പറഞ്ഞു.
സീറോ മലബാര്‍ സഭയില്‍ നിന്ന് അഞ്ചാമത്തെ കര്‍ദിനാളിനെയാണു നമുക്കു ലഭിച്ചിരിക്കുന്നത്. ഇന്ത്യയില്‍ നിന്ന് ആദ്യമായി ഒരു വൈദികന്‍ നേരിട്ടു കര്‍ദിനാളായി ഉയര്‍ത്തപ്പെടുന്നതിന്റെ അതുല്യമായ അഭിമാനം കൂടിയാണ് സഭയെ തേടിയെത്തിയത്. വര്‍ഷങ്ങളായി അദ്ദേഹവുമായി അടുത്ത പരിചയവും സൗഹൃദവും പുലര്‍ത്താന്‍ അവസരം ലഭിച്ചു.
ചങ്ങനാശേരി അതിരൂപതയിലെ മാമ്മൂട് ഇടവകാംഗമായ മോണ്‍. കൂവക്കാട് 2006 മുതല്‍ വത്തിക്കാന്‍ നയതന്ത്ര കാര്യാലയത്തില്‍ സേവനം ചെയ്യുന്നുണ്ട്. 2020 മുതല്‍ മാര്‍പാപ്പയുടെ യാത്രകളുമായി ബന്ധപ്പെട്ട ചുമതലകളുമായി വത്തിക്കാനില്‍ ശുശ്രൂഷ ചെയ്തുവരവേയാണു കര്‍ദിനാള്‍ സ്ഥാനത്തേയ്ക്കുള്ള പുതിയ നിയോഗം. അദ്ദേഹത്തിന്റെ എല്ലാ നിയോഗങ്ങളിലും ശുശ്രൂഷകളിലും ദൈവാനുഗ്രഹം സമൃദ്ധമായി ഉണ്ടാകട്ടെയെന്നു പ്രാര്‍ത്ഥിക്കുന്നതായും മാര്‍ റാഫേല്‍ തട്ടില്‍ പറഞ്ഞു.