News - 2024
ഗാസയിൽ ഇപ്പോഴും നിരവധി ആളുകൾ ബന്ദികളായി ഉണ്ടെന്നുള്ള കാര്യം വിസ്മരിക്കരുത്: ഫ്രാൻസിസ് പാപ്പ
പ്രവാചകശബ്ദം 08-10-2024 - Tuesday
വത്തിക്കാന്‍ സിറ്റി: ഗാസയിൽ ഇപ്പോഴും നിരവധി ആളുകൾ ബന്ദികളായി ഉണ്ടെന്നുള്ള കാര്യം വിസ്മരിക്കരുതെന്നു ഫ്രാൻസിസ് പാപ്പ. ഒക്ടോബർ ആറാം തീയതി ഞായറാഴ്ച മധ്യാഹ്ന പ്രാർത്ഥനയ്ക്കുശേഷം നടത്തിയ സന്ദേശത്തിലാണ് പാപ്പ ഇക്കാര്യം സൂചിപ്പിച്ചത്. ഇസ്രായേൽ ജനതയ്ക്കു നേരെ ഹമാസ് നടത്തിയ ഭീകരാക്രമണത്തിന് ഒരു വർഷം തികയുമ്പോൾ, ഒരിക്കൽ കൂടി വെടിനിർത്തലിനുള്ള ആഹ്വാനം നൽകിക്കൊണ്ട് ഫ്രാൻസിസ് പാപ്പ സംസാരിക്കുകയായിരിന്നു.
ബന്ദികളായി കഴിയുന്നവരുടെ മോചനം ദ്രുതഗതിയിൽ സാധ്യമാക്കുന്നതിനുള്ള എല്ലാ നടപടികളും കൈക്കൊള്ളണമെന്നും പാപ്പ അഭ്യർത്ഥിച്ചു. ലെബനൻ ഉൾപ്പെടെ വിവിധ രാജ്യങ്ങളിൽ എത്രയും വേഗം വെടിനിർത്തൽ പ്രാബല്യത്തിൽ വരേണ്ടത് ഏറെ ആവശ്യമാണ്. ഗ്രാമങ്ങൾ ഉപേക്ഷിച്ചുകൊണ്ട്, കുടിയേറുവാൻ നിർബന്ധിതരായ ജനതയ്ക്കുവേണ്ടി പ്രാർത്ഥിക്കണമെന്നും പാപ്പ ഓർമ്മിപ്പിച്ചു.
പ്രതികാരത്തിന്റെ ദുഷ്ടത അവസാനിപ്പിക്കണം. കഴിഞ്ഞ ദിവസം ഇറാൻ നടത്തിയതുപോലെയുള്ള അക്രമങ്ങൾ ഇനി ആവർത്തിക്കപ്പെടാതിരിക്കുവാൻ വേണ്ട മുൻകരുതലുകൾ സ്വീകരിക്കുവാനും പാപ്പാ അന്താരാഷ്ട്ര സമൂഹങ്ങളോട് അഭ്യർത്ഥിച്ചു. ഇപ്രകാരമുള്ള ആക്രമണങ്ങൾ, യുദ്ധത്തിന്റെ വ്യാപ്തി വർദ്ധിപ്പിക്കും. അവ ജനതയെ കൂടുതൽ ദുരിതത്തിലാഴ്ത്തുമെന്നും പാപ്പ മുന്നറിയിപ്പ് നല്‍കി. ഇന്നലെ ഒക്ടോബർ ഏഴാം തീയതി ഫ്രാന്‍സിസ് പാപ്പയുടെ ആഹ്വാന പ്രകാരം ലോക സമാധാനത്തിനായുള്ള ആഗോള ഉപവാസ പ്രാര്‍ത്ഥനാദിനമായി ആചരിച്ചിരിന്നു.