News - 2024

ലെബനീസ് ക്രിസ്ത്യൻ ഗ്രാമത്തിന് നേരെ ഇസ്രായേല്‍ ആക്രമണം; 23 പേർക്കു ദാരുണാന്ത്യം

പ്രവാചകശബ്ദം 15-10-2024 - Tuesday

ബെയ്‌റൂട്ട്: ലെബനോന്റെ വടക്കുഭാഗത്ത് ക്രിസ്ത്യൻ ഗ്രാമമായ സ്ഗാർട്ടയ്ക്ക് സമീപത്തു, ഇസ്രായേല്‍ സേന നടത്തിയ ബോംബാക്രമണത്തില്‍ 23 പേർ കൊല്ലപ്പെട്ടു. ഇന്നലെ ഒക്ടോബർ 14ന് സ്ഗാർട്ടയ്ക്ക് സമീപമുള്ള, ക്രിസ്ത്യൻ ഗ്രാമമായ ഐറ്റൂവിലെ ഒരു കെട്ടിടത്തിന് നേരെയാണ് ബോംബാക്രമണമുണ്ടായത്. മാരോണൈറ്റ് ക്രൈസ്തവര്‍ കൂടുതലായി അധിവസിക്കുന്ന ഐറ്റൂവിലെ പാർപ്പിടസമുച്ചയത്തിനു നേർക്കായിരുന്നു ആക്രമണം. ഹിസ്ബുള്ള കമാൻഡറെ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്നാണ് ഇസ്രായേൽ പറയുന്നതെങ്കിലും മരണസംഖ്യ ഉയരുന്നത് ലെബനീസ് ക്രൈസ്തവര്‍ക്ക് ഇടയില്‍ വലിയ ആശങ്ക ഉയര്‍ത്തുകയാണ്.

പൊതുജനാരോഗ്യ മന്ത്രാലയത്തിൻ്റെ കണക്കനുസരിച്ച് കുറഞ്ഞത് എട്ട് പേർക്കെങ്കിലും പരിക്കേറ്റിട്ടുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. ആക്രമണം നടന്ന സ്ഥലത്തു അവശിഷ്ടങ്ങളുടെ കൂമ്പാരങ്ങളിലൂടെ രക്ഷാപ്രവർത്തകർ തിരച്ചിൽ തുടരുകയാണ്. കത്തിനശിച്ച വാഹനങ്ങളും നിലത്തു ചിതറിക്കിടക്കുന്ന മൃതദേഹങ്ങളുടെ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. ഒരു വർഷത്തിനിടെ ക്രിസ്ത്യൻ ഭൂരിപക്ഷ പ്രദേശം ഇസ്രായേൽ ആക്രമിക്കുന്നത് ഇതാദ്യമായാണ്. തെക്കൻ ലെബനോനിലെ 25 ഗ്രാമങ്ങളിലെ താമസക്കാരോട് ഇസ്രായേലി അതിർത്തിയിൽ നിന്ന് ഏകദേശം 60 കിലോമീറ്റർ (35 മൈൽ) വടക്ക് ഒഴുകുന്ന അവാലി നദിയുടെ വടക്ക് ഭാഗത്തേക്ക് ഒഴിഞ്ഞു പോകാൻ ഇസ്രായേൽ ഉത്തരവിട്ടിരിന്നു.

നേരത്തെ ഇസ്രായേലി സൈന്യം നടത്തിയ വ്യോമാക്രമണത്തിൽ ലെബനോനിലെ മെൽക്കൈറ്റ് ഗ്രീക്ക് കത്തോലിക്ക രൂപതയുടെ കീഴിലുള്ള ദേവാലയം തകര്‍ന്നിരിന്നു. എട്ടുപേരോളം ആക്രമണത്തില്‍ കൊല്ലപ്പെട്ടിരിന്നു. ദെർദ്ഘായ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന കുടിയൊഴിപ്പിക്കപ്പെട്ട ആളുകൾക്ക് അഭയം നൽകുന്ന ദേവാലയത്തിന് നേരെയാണ് ആക്രമണം നടന്നത്. ഒരു വൈദികന്‍ താമസിച്ച ഭവനവും ഇടവക ഓഫീസുകൾ സ്ഥിതി ചെയ്യുന്ന മൂന്ന് നില കെട്ടിടവും മറ്റൊരു മിസൈൽ ആക്രമണത്തിൽ പൂർണ്ണമായും തകർന്നിരിന്നു. ഇതിന്റെ ഞെട്ടല്‍ മാറും മുന്‍പാണ് ക്രിസ്ത്യൻ ഗ്രാമമായ ഐറ്റൂവിനു നേരെ ആക്രമണം അരങ്ങേറിയത്.


Related Articles »