News - 2024
ആഗോള തലത്തില്‍ കത്തോലിക്ക വിശ്വാസികളുടെ എണ്ണത്തില്‍ വര്‍ദ്ധനവ്; 138.95 കോടിയായി ഉയര്‍ന്നു
പ്രവാചകശബ്ദം 17-10-2024 - Thursday
വത്തിക്കാൻ സിറ്റി: ലോക മിഷൻ ഞായറിനോട് അനുബന്ധിച്ച് ആഗോള കത്തോലിക്ക സഭയുടെ കണക്കുകള്‍ പുറത്തുവിട്ട് ഏജന്‍സിയ ഫിദേസ് വാര്‍ത്ത ഏജന്‍സി. സുവിശേഷവൽക്കരണത്തിനായുള്ള ഡിക്കാസ്റ്ററിയെ ഉദ്ധരിച്ചുള്ള ചര്‍ച്ച് ബുക്ക് സ്റ്റാറ്റിസ്റ്റിക്‌സിലാണ് വിശ്വാസികളുടെ എണ്ണം സംബന്ധിച്ച വിവരങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 2022 വരെ അപ്‌ഡേറ്റ് ചെയ്‌ത വിവരങ്ങള്‍ പ്രകാരം ആഗോള കത്തോലിക്ക വിശ്വാസികളുടെ എണ്ണം 138.95 കോടിയാണ്.
യൂറോപ്പിൽ ഒഴികെയുള്ള ഭൂഖണ്ഡങ്ങളില്‍ കത്തോലിക്ക വിശ്വാസികളുടെ എണ്ണത്തില്‍ വര്‍ദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. മുൻ വർഷങ്ങള്‍ക്കു സമാനമായി ആഫ്രിക്കയിലും ഏഷ്യയിലും ഓഷ്യാനിയയിലും വിശ്വാസികളുടെ എണ്ണം വലിയ തോതില്‍ വര്‍ദ്ധിച്ചിട്ടുണ്ട്. മുന്‍ വര്‍ഷങ്ങളില്‍ ആഫ്രിക്കയില്‍ 72 ലക്ഷം കത്തോലിക്കരുടെ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അമേരിക്കയില്‍ 59 ലക്ഷം വിശ്വാസികളുടെ വര്‍ദ്ധനവും ഏഷ്യയില്‍ 8,89,000 വിശ്വാസികളുടെ വര്‍ദ്ധനവുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
കഴിഞ്ഞ വര്‍ഷങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഒരുകോടി മുപ്പത്തിയേഴ് ലക്ഷം വിശ്വാസികളുടെ വര്‍ദ്ധനവാണ് ഇത്തവണ രേഖപ്പെടുത്തിയിരിക്കുന്നത്. അതേസമയം കഴിഞ്ഞ അഞ്ച് വർഷമായി, ലഭ്യമായ സ്ഥിതിവിവരക്കണക്കുകൾ പ്രകാരം ആഗോള വൈദികരുടെ എണ്ണം കുറയുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. യൂറോപ്പിലും അമേരിക്കയിലും വൈദികരുടെ എണ്ണം കുറയുമ്പോള്‍ ആഫ്രിക്കയില്‍ വര്‍ദ്ധനവ് രേഖപ്പെടുത്തുന്നുണ്ടെന്നതും ശ്രദ്ധേയമാണ്. അതേസമയം ആഗോള തലത്തില്‍ ക്രൈസ്തവ വിരുദ്ധ പീഡനം രൂക്ഷമായ ആഫ്രിക്കയില്‍ സഹനങ്ങളെ അതിജീവിച്ച് ക്രിസ്തു വിശ്വാസം തഴച്ചു വളരുകയാണെന്ന പ്രകടമായ അടയാളമാണ് പുതിയ റിപ്പോര്‍ട്ടിലൂടെ വ്യക്തമാകുന്നത്.
▛ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ▟