India - 2024

മുനമ്പത്തെ ഭൂമി പ്രശ്‌നത്തിന് അടിയന്തര പരിഹാരമുണ്ടാക്കേണ്ടത് ഭരണകൂടം: മോൺ. പയസ് മലേക്കണ്ടത്തിൽ

പ്രവാചകശബ്ദം 18-10-2024 - Friday

മുനമ്പം: മുനമ്പത്തെ ഭൂമി പ്രശ്‌നത്തിന് അടിയന്തര പരിഹാരമുണ്ടാക്കേണ്ടത് ഭരണകൂടമാണെന്നു കോതമംഗലം രൂപത വികാരി ജനറാൾ മോൺ. പയസ് മലേക്കണ്ടത്തിൽ. വഖഫ് ബോർഡിൻ്റെ അന്യായമായ അവകാശവാദം മൂലം പ്രതിസന്ധിയിലായ മുനമ്പം നിവാസികൾ റവന്യു അവകാശങ്ങൾ പുനഃസ്ഥാപിച്ചു കിട്ടാൻ നടത്തുന്ന റിലേ നിരാഹാര സത്യഗ്രഹത്തിൻ്റെ അഞ്ചാം ദിനത്തിൽ ഐക്യദാർഢ്യം അറിയിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മുനമ്പം ജനതയുടെ ജനാധിപത്യ അവകാശങ്ങൾ സംരക്ഷിക്കപ്പെടണം. അനാവശ്യ കടന്നുകയറ്റങ്ങൾ അനുവദിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

കോതമംഗലം രൂപത പ്രതിനിധികളായ വൈദികർക്കും അല്‌മായർക്കുമൊപ്പമാണ് വികാരി ജനറാൾ മുനമ്പത്ത് എത്തിയത്. ഫാ. തോമസ് പറയിടം, ഫാ. ജോസ് കിഴക്കേൽ, ഫാ. സിബി ഇടപ്പുളവൻ, ഫാ. സെബാസ്റ്റ്യൻ നെടുമ്പുറത്ത്, കടപ്പുറം വേളാങ്കണ്ണിമാത പള്ളി വികാരി ഫാ. ആന്റണി സേവ്യർ തറയിൽ, ഭൂസംരക്ഷണ സമിതി ചെയർമാൻ ജോസഫ് റോക്കി പാലക്കൽ എന്നിവർ പ്രസംഗിച്ചു. അഞ്ചാം ദിനത്തിൽ ബെർളി കുരിശിങ്കൽ സമരം നയിച്ചു. ഇന്ന് കെആർഎൽസിസി പ്രസിഡൻ്റ് ബിഷപ്പ് ഡോ. വർഗീസ് ചക്കാലക്കൽ സമരപ്പന്തലിലെത്തി ഐക്യദാർഢ്യമറിയിക്കും.

More Archives >>

Page 1 of 606