News - 2024

"എന്തുകൊണ്ടാണ് ആളുകൾ എന്നെ ക്രിസ്ത്യാനി എന്ന് പറയുന്നത്?"

ജിൽസ ജോയ് / പ്രവാചകശബ്ദം 20-10-2024 - Sunday

"എന്തുകൊണ്ടാ ആളുകൾ എന്നെ ക്രിസ്ത്യാനി എന്ന് പറയുന്നത്?" മതബോധനക്ലാസ്സിൽ തന്നെ സൂക്ഷിച്ചു നോക്കിയിരിക്കുന്ന പ്രസരിപ്പുള്ള കുട്ടികളോട് ടീച്ചർ ചോദിച്ചു. ആദ്യം വന്ന ഉത്തരം തന്നെ ടീച്ചർ ഒട്ടും പ്രതീക്ഷിക്കാത്തതായിരുന്നു. ഒരു മിടുക്കൻ പറഞ്ഞത് ഇങ്ങനെ, "അവർക്ക് ടീച്ചറെ ശരിക്ക് അറിയാത്തത് കൊണ്ടാവും ടീച്ചറെ!"

നമ്മളെ ഓരോരുത്തരെയും വ്യക്തിപരമായി അറിയാവുന്ന ക്രിസ്തു പറയുമോ, നമ്മൾ ക്രിസ്ത്യാനി ആണെന്ന്? നമ്മുടെ പറച്ചിലും പെരുമാറ്റവും (സോഷ്യൽ മീഡിയയിലെ പെർഫോമൻസും ) അറിയുന്നവർ പറയുമോ നമ്മൾ ശരിക്കും ക്രിസ്ത്യാനി ( ക്രിസ്തുവിന്റെ അനുയായി ) ആണെന്ന്? എന്തുമാത്രം രൂപാന്തരീകരണം നമുക്ക് സംഭവിക്കുന്നുണ്ട്? ക്രിസ്തുവിനെ എത്രമാത്രം നമ്മൾ അനുകരിക്കുന്നുണ്ട്? ക്രിസ്തുവിന്റെ സാദൃശ്യത്തിലേക്ക് എന്ത് മാത്രം മാറുന്നുണ്ട്?

സാഹിത്യത്തിൽ പ്രതിഭാശാലി ആയിരുന്നു വിശുദ്ധ ജെറോം. ലാറ്റിൻ, ഗ്രീക്ക്, ഹീബ്രുഭാഷകളിൽ ഇത്രയും പാണ്ഡിത്യമുള്ള വേറൊരാൾ ഉണ്ടായിരുന്നില്ല, കാരണം അത്രയധികം വർഷങ്ങളാണ് ഈ ഭാഷകൾ പഠിക്കുന്നതിന് വേണ്ടി അദ്ദേഹം ചിലവഴിച്ചത്. ഉത്തമസാഹിത്യ കൃതികൾ വായിക്കാൻ വളരെ താല്പര്യമുണ്ടായിരുന്ന അദ്ദേഹം, ഒരു രാത്രിയിൽ വിചിത്രമായ സ്വപ്നമുണ്ടാകുന്നത് വരെ പ്ലോട്ടസിന്റെയും വെർജിലിന്റെയും സിസേറോയുടെയും പുസ്തകങ്ങൾ ഏറെ വായിച്ചുകൂട്ടി.

ആ സ്വപ്നം ഇങ്ങനെയായിരുന്നു. "സ്വർഗ്ഗത്തിലേക്ക് എടുക്കപ്പെട്ട ഞാൻ നിത്യനായ വിധികർത്താവിനെ മുഖത്തോട് മുഖം കണ്ടു. തേജസ്സാർന്ന പ്രകാശത്തിന്റെ ആധിക്യം കൊണ്ട് ഞാൻ തലയുയർത്തി നോക്കാൻ ധൈര്യപ്പെട്ടില്ല".

"ആരാണ് നീ?" ക്രിസ്തു ചോദിച്ചു.

"ജെറോം, ഒരു ക്രിസ്ത്യാനി " ഞാൻ പറഞ്ഞു.

"നീ നുണ പറയുന്നു". മുഖമടച്ചു ഒരടി കിട്ടിയ പോലെ എനിക്ക് തോന്നി.

"ഞാൻ ക്രിസ്ത്യാനിയാണ് " ഞാൻ വിളിച്ചുപറഞ്ഞു.

"നീ സിസെറോയുടെ ആളാണ്‌.നീ ക്രിസ്ത്യാനിയല്ല"!

അത്ര മാത്രം മതിയായിരുന്നു വിശുദ്ധ ജെറോമിന് തനിക്ക് പ്രിയപ്പെട്ട എല്ലാ എഴുത്തുകാരുടെയും പുസ്തകങ്ങൾ അടച്ചുവെച്ച് പിന്നെയുള്ള കാലം തിരുവചനങ്ങൾ മാത്രം ധ്യാനിക്കുവാൻ.

ക്രിസ്ത്യാനി ആയല്ല നമ്മൾ ജീവിച്ചത് എന്ന തിരിച്ചറിവ് നമുക്കുണ്ടാവുന്നത് തനതുവിധി സമയത്താണെങ്കിൽ? "നിങ്ങൾ എവിടെ നിന്നാണെന്ന് ഞാൻ അറിയുന്നില്ല" എന്ന അവന്റെ ഒറ്റ പറച്ചിലിൽ തീരില്ലേ എല്ലാം? പിന്നെ, ഞാൻ ക്രിസ്ത്യാനി ആണെന്നോ, കുർബാനക്ക് കൂടാറുണ്ടെന്നോ , അവനെപ്പറ്റി ഫേസ്ബുക്കിൽ കുറേ എഴുതിയിട്ടുണ്ടെന്നോ ഒന്നും പറഞ്ഞിട്ട് ഒരു കാര്യവുമില്ല.

യാക്കോബ് ഏസാവിനെ ചതിച്ച്, സങ്കടപ്പെടുത്തി നാടുവിട്ടതിനുശേഷം കാലങ്ങൾ കഴിഞ്ഞു തിരിച്ചു വരുമ്പോൾ തൻറെ ചതിക്കപ്പെട്ട ചേട്ടനോട് പറയുന്ന ഒരു ഡയലോഗ് ഉണ്ട്. ദൈവത്തിന്റെ മുഖം കണ്ടാലെന്ന പോലെയാണ് അങ്ങയുടെ മുഖം ഞാൻ കണ്ടതെന്ന്. കാരണം അത്ര ദയയോടെയാണ് ഏസാവ് യാക്കോബിനെ സ്വീകരിച്ചത്. ദയയോടും സൗമ്യതയോടും കൂടിയുള്ള പ്രതികരണങ്ങൾ വെളിപ്പെടുത്തുന്നത് ദൈവത്തിന്റെ മുഖമാണ്, സ്വഭാവമാണ്. കൊലപാതകികളെയും തീവ്രവാദികളെയും പോലും മാറ്റിമറിക്കുന്ന, ക്ഷമിക്കുന്ന സ്നേഹം.

അപ്പസ്തോലർക്കും വിശുദ്ധർക്കും ലോകമെങ്ങും പോകുന്ന മിഷനറിമാർക്കും 'വസുധൈവ കുടുംബകം' ആയിരുന്നു. രാജ്യത്തിന്റെ പേരിൽ, മതത്തിന്റെ പേരിൽ, കണ്ടുമുട്ടുന്ന ആരോടും അയിത്തമോ പ്രിവിലേജോ അവർ കല്പിച്ചിട്ടില്ല.

"ഞങ്ങളാകട്ടെ ക്രിസ്തുവിന്റെ മനസ്സറിയുന്നു" എന്ന് പൗലോസ് അപ്പസ്തോലനെപ്പോലെ നമുക്കും പറയാൻ കഴിയട്ടെ. അക്ഷരം തെറ്റാതെ ക്രിസ്ത്യാനി എന്ന് നമ്മളെ നോക്കി മറ്റുള്ളവർക്ക് വിളിക്കാൻ പറ്റട്ടെ.

- ജിൽസ ജോയ് ‍


Related Articles »