News - 2024
മെക്സിക്കോയില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പണത്തിന് പിന്നാലെ വൈദികന്‍ വെടിയേറ്റ് കൊല്ലപ്പെട്ടു
പ്രവാചകശബ്ദം 21-10-2024 - Monday
മെക്സിക്കോ സിറ്റി: ലാറ്റിന്‍ അമേരിക്കന്‍ രാജ്യമായ മെക്സിക്കോയില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പണത്തിന് പിന്നാലെ വൈദികന്‍ വെടിയേറ്റ് കൊല്ലപ്പെട്ടു. സാൻ ക്രിസ്റ്റോബൽ ഡി ലാസ് കാസസ് രൂപത വൈദികനായ ഫാ. മാർസെലോ പെരെസാണ് ഇന്നലെ ഞായറാഴ്ച കുർബാനയ്ക്കു ശേഷം തൻ്റെ അജപാലന ചുമതലകൾ തുടരാൻ മറ്റൊരു ദേവാലയത്തിലേക്ക് പോകുവാന്‍ തുടങ്ങുന്നതിനിടെ കൊല്ലപ്പെട്ടത്. അജ്ഞാതരായ അക്രമികൾ അദ്ദേഹത്തെ വെടിവച്ച് കൊലപ്പെടുത്തുകയായിരിന്നു.
കുക്‌സിറ്റാലിയിലെ ദേവാലയത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് ഗ്വാഡലൂപ്പ പള്ളിയിലേക്ക് പോകുവാന്‍ തുടങ്ങുന്നതിനിടെ മോട്ടോർ സൈക്കിളിൽ എത്തിയ അക്രമികള്‍ വൈദികന് നേരെ നിറയൊഴിക്കുകയായിരിന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. മെക്‌സിക്കൻ എപ്പിസ്‌കോപ്പൽ കോൺഫറൻസ് (സിഇഎം) കൊലപാതകത്തെ അപലപിച്ചു. ചിയാപാസ് പ്രദേശത്തു സത്യത്തിനും നീതിക്കും വേണ്ടി അക്ഷീണം പോരാടിയ പ്രവാചകശബ്‌ദത്തെയാണ് അക്രമികള്‍ നിശബ്ദമാക്കിയതെന്ന് മെത്രാന്‍ സമിതി പ്രസ്താവിച്ചു.
സമൂഹത്തിലെ ഏറ്റവും ദരിദ്രരും ദുർബലരുമായവരോടുള്ള പൗരോഹിത്യ പ്രതിബദ്ധതയുടെ ജീവിക്കുന്ന ഉദാഹരണമായിരുന്നു ഫാ. മാർസെലോ പെരെസ്. ജനങ്ങളോടുള്ള അടുപ്പവും ഏറ്റവും ആവശ്യമുള്ളവർക്ക് നിരന്തരമായ പിന്തുണയും നൽകുന്ന അദ്ദേഹത്തിന്റെ അജപാലന പ്രവർത്തനങ്ങൾ എല്ലാവരുടെയും ഹൃദയങ്ങളിൽ നിലനിൽക്കുന്ന സ്‌നേഹത്തിൻ്റെയും സേവനത്തിൻ്റെയും പൈതൃകം അവശേഷിപ്പിക്കുകയാണെന്നും മെക്‌സിക്കൻ എപ്പിസ്‌കോപ്പൽ കോൺഫറൻസിന്റെ പ്രസ്താവനയില്‍ പറയുന്നു. ലോകത്ത് ഏറ്റവും അധികം വൈദികര്‍ കൊല്ലപ്പെടുന്ന രാജ്യമാണ് മെക്സിക്കോ.
▛ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ▟