India - 2024

മാർ തോമസ് തറയിലിന്റെ സ്ഥാനാരോഹണത്തിന് ഇനി 9 നാള്‍

പ്രവാചകശബ്ദം 22-10-2024 - Tuesday

ചങ്ങനാശേരി: ചങ്ങനാശേരി അതിരൂപതയുടെ അഞ്ചാമത് ആർച്ച് ബിഷപ്പായി നിയമിതനായ മാർ തോമസ് തറയിലിൻ്റെ സ്ഥാനാരോഹണം 31ന് ചങ്ങനാശേരി സെന്റ് മേരീസ് മെത്രാപ്പോലീത്തൻ പള്ളിയിൽ നടക്കും. ശുശ്രൂഷാ ചടങ്ങുകൾക്കായി മെത്രാപ്പോലീത്തൻപള്ളി അങ്കണത്തിൽ വിശാലമായ പന്തൽ പൂർത്തിയായി വരുന്നു. രാവിലെ ഒമ്പതിന് ആരംഭിക്കുന്ന സ്ഥാനാരോഹണ ശുശ്രൂഷയ്ക്ക് സീറോമലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ മുഖ്യകാർമികത്വം വഹിക്കും. ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം, പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് എന്നിവർ സഹകാർമികരായിരിക്കും. തുടർന്ന് മാർ തോമസ് തറയിലിൻ്റെ മുഖ്യകാർമി കത്വത്തിൽ വിശുദ്ധ കുർബാന അർപ്പിക്കും.

11.45ന് നടക്കുന്ന പൊതുസമ്മേളനത്തിൽ സ്ഥാനമൊഴിയുന്ന ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടത്തിന് നന്ദിയും പുതിയ ആർച്ച് ബിഷപ്പ് മാർ തോമസ് തറയിലിന് ആശംസകളും നേരും. സിബിസിഐ പ്രസിഡൻ്റ് ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് അധ്യക്ഷത വഹിക്കും. കേന്ദ്രമന്ത്രി ജോർജ് കുര്യൻ ഉദ്ഘാടനം ചെയ്യും. ആർച്ച് ബിഷപ്പ് മാർ ജോർജ് കോച്ചേരി ദീപം തെളിക്കും. കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി അനുഗ്രഹ പ്രഭാഷണം നടത്തും.

തിരുവനന്തപുരം ആർച്ച് ബിഷപ്പ് ഡോ. തോമസ് ജെ.നെറ്റോ, മാവേലിക്കര ബിഷപ്പ് ജോഷ്വാ മാർ ഇഗ്നാത്തിയോസ്, ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാബാവ, തിയോഡേഷ്യസ് മാർതോമ്മാ മെത്രാപ്പോലീത്ത തുടങ്ങിയവർ സന്ദേശങ്ങൾ നൽകും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, മന്ത്രിമാരായ റോഷി അഗസ്റ്റിൻ, വി.എൻ.വാസവൻ, ജനപ്രതിനിധികൾ തുടങ്ങിയവർ ആശംസകൾ അർപ്പിക്കും. വത്തിക്കാൻ പ്രതിനിധി, യൂറോപ്യൻ സഭാപ്രതിനിധികൾ ഉൾപ്പെടെ അമ്പതിൽപ്പരം മെത്രാൻമാർ, വിവിധ മതസാമുദായിക, രാഷ്ട്രീയ നേതാക്കൾ തുടങ്ങിയവർ സ്ഥാനാരോഹണ ശുശ്രൂഷകളിലും സമ്മേളനത്തിലും അതിഥികളാകും.


Related Articles »