News

തിരുഹൃദയ ഭക്തിയെ കേന്ദ്രീകരിച്ചുള്ള ഫ്രാൻസിസ് പാപ്പയുടെ ചാക്രികലേഖനം മറ്റന്നാള്‍ പ്രസിദ്ധീകരിക്കും

പ്രവാചകശബ്ദം 22-10-2024 - Tuesday

വത്തിക്കാന്‍ സിറ്റി: തിരുഹൃദയ ഭക്തിയെ കേന്ദ്രീകരിച്ചുള്ള ഫ്രാൻസിസ് പാപ്പയുടെ ചാക്രികലേഖനം മറ്റന്നാള്‍ ഒക്ടോബർ 24 വ്യാഴാഴ്ച പ്രസിദ്ധീകരിക്കും. 'ദിലെക്സിത്ത് നോസ്' അഥവാ 'അവൻ നമ്മെ സ്നേഹിച്ചു' എന്നാണ് ഫ്രാന്‍സിസ് പാപ്പയുടെ നാലാമത്തെ ചാക്രിക ലേഖനത്തിനു പേര് നല്‍കിയിരിക്കുന്നത്. യേശുവിൻ്റെ തിരുഹൃദയത്തെക്കുറിച്ച് ലേഖനം തയാറാക്കുകയാണെന്ന് ഫ്രാന്‍സിസ് മാർപാപ്പ ഇക്കഴിഞ്ഞ ജൂണിൽ വെളിപ്പെടുത്തിയിരിന്നു. കർത്താവിൻ്റെ സ്നേഹത്തെക്കുറിച്ച് ധ്യാനിക്കുന്നത് സഭാ നവീകരണത്തിൻ്റെ പാതയെ പ്രകാശിപ്പിക്കുകയും ഹൃദയം നഷ്ടപ്പെട്ടതായി തോന്നുന്ന ലോകത്തോട് അർത്ഥവത്തായ എന്തെങ്കിലും പറയുകയും ചെയ്യുമെന്നും പാപ്പ അന്നു സൂചിപ്പിച്ചു.

1673ൽ വിശുദ്ധ മര്‍ഗ്ഗരീത്ത മറിയത്തിന് യേശുവിന്റെ തിരുഹൃദയത്തെ കുറിച്ച് ആദ്യ വെളിപ്പെടുത്തൽ നടന്നതിന്റെ മുന്നൂറ്റിയന്‍പതാം വാർഷികവേളയിലാണ്, പാപ്പ തിരുഹൃദയത്തെ കേന്ദ്രമാക്കി ചാക്രിക ലേഖനം പുറത്തുവിടുന്നതെന്നത് ശ്രദ്ധേയമാണ്. മുൻകാലങ്ങളിൽ തിരുഹൃദയഭക്തിയെ കുറിച്ചുള്ള പാപ്പയുടെ ചിന്തകൾ ക്രോഡീകരിച്ചുകൊണ്ടാണ് ഈ പുതിയ ചാക്രികലേഖനം തയാറാക്കിയിരിക്കുന്നത്. വിനാശകരമായ യുദ്ധങ്ങൾ, സാമൂഹികവും സാമ്പത്തികവുമായ അസന്തുലിതാവസ്ഥ, മനുഷ്യൻ്റെ സത്തയെത്തന്നെ വളച്ചൊടിക്കുന്ന പുതിയ സാങ്കേതികവിദ്യകൾ എന്നിവയുള്ള ആധുനികയുഗത്തിൽ- തിരുഹൃദയ ശക്തിയാൽ നമ്മുടെ ഹൃദയങ്ങളുടെ മാനസാന്തരം സാധ്യമാക്കുക എന്നതാണ് ഫ്രാൻസിസ് പാപ്പ ചാക്രിക ലേഖനത്തിലൂടെ ആവശ്യപ്പെടുന്നത്.

ഹൃദയം നഷ്ടപ്പെട്ട ഒരു ലോകത്ത് അർത്ഥവത്തായ സന്ദേശം നൽകുവാൻ യേശുവിന്റെ തിരുഹൃദയത്തോടുള്ള ഭക്തി ഏറെ പ്രാധാന്യമർഹിക്കുന്നുവെന്നു പാപ്പ തന്റെ പൊതു കൂടികാഴ്ച്ചാവേളയിൽ നേരത്തെ പറഞ്ഞിരുന്നു. 'ദിലെക്സിത്ത് നോസ്' എന്ന ലത്തീൻ ഭാഷയിലുള്ള തലക്കെട്ടിന്റെ മലയാള പരിഭാഷ, 'അവൻ നമ്മെ സ്നേഹിച്ചു' എന്നാണ്. 'യേശുക്രിസ്തുവിൻ്റെ ഹൃദയത്തിൻ്റെ മാനുഷികവും ദൈവികവുമായ സ്നേഹത്തെക്കുറിച്ചുള്ള ചാക്രികലേഖനം' എന്നാണ് ഉപശീര്‍ഷകം.

ഒക്‌ടോബർ 24 ന് വത്തിക്കാൻ പ്രസ് ഓഫീസിൽ നടക്കുന്ന പ്രസിദ്ധീകരണ ചടങ്ങിൽ ദൈവശാസ്ത്രജ്ഞനും, കിയെത്തി- വാസ്തോ ആര്‍ച്ച് ബിഷപ്പ് മോൺസിഞ്ഞോർ ബ്രൂണോ ഫോർത്തെയും, സുവിശേഷദാസീ സമൂഹത്തിലെ സിസ്റ്റർ അന്തോനെല്ല ഫ്രാക്കാറോയും പങ്കെടുക്കും. പ്രസിദ്ധീകരണത്തിന്റെ തത്സമയ സംപ്രേക്ഷണം യൂട്യൂബിലൂടെ ലഭ്യമാക്കുമെന്ന് വത്തിക്കാന്‍ അറിയിച്ചു.

കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ?




Related Articles »