News
കൂട്ടായ്മ, പങ്കാളിത്തം, പ്രേഷിത പ്രവർത്തനം: പതിനാറാമത് മെത്രാൻ സിനഡിന്റെ സമാപനരേഖ പ്രസിദ്ധീകരിച്ചു
പ്രവാചകശബ്ദം 29-10-2024 - Tuesday
വത്തിക്കാന്‍ സിറ്റി: വത്തിക്കാനില്‍ നടന്നു വരികയായിരിന്ന ആഗോള മെത്രാന്‍ സിനഡിന്റെ സമാപനരേഖ പ്രസിദ്ധീകരിച്ചു. സഭയിൽ കൂട്ടായ്മ, പങ്കാളിത്തം, പ്രേഷിതപ്രവർത്തനം എന്നീ മൂന്നു ഘടകങ്ങൾ കേന്ദ്രമാക്കിയാണ് സമാപന രേഖ പ്രസിദ്ധീകരിച്ചിരിക്കുന്നത്. 155 ഖണ്ഡികകൾ അടങ്ങുന്നതാണ് സമാപനരേഖ. അസംബ്ലിയുടെ അവസാനത്തോടെ സിനഡൽ പ്രക്രിയ അവസാനിക്കുന്നില്ലെന്നും, ഈ മാർഗനിർദേശങ്ങൾ പ്രാവർത്തികമാക്കിക്കൊണ്ട്, സിനഡ് ചൈതന്യം മുൻപോട്ടു കൊണ്ടുപോകണമെന്നും രേഖയിൽ ആഹ്വാനം ചെയ്യുന്നുണ്ട്. സ്ത്രീകൾക്ക് സഭാപ്രവർത്തനങ്ങളിൽ കൂടുതൽ പങ്കാളിത്തം നൽകുന്നതിനും രേഖ നിർദേശിക്കുന്നുണ്ട്. സിനഡില്‍ സന്നിഹിതരായിരുന്ന 355 സിനഡ് അംഗങ്ങൾ അംഗീകരിച്ച 52 പേജുള്ള രേഖ, സഭാ നവീകരണത്തിന് കാര്യമായ നിർദ്ദേശങ്ങൾ നൽകുന്നുണ്ട്.
രേഖയുടെ ആമുഖത്തിൽ, യേശുവിന്റെ ഉത്ഥാന അനുഭവം ശിഷ്യന്മാരുടെ ജീവിതത്തിൽ ഉണ്ടാക്കിയ ചലനങ്ങൾ എടുത്തു പറയുന്നു. കർത്താവിന്റെ തിരുമുറിവുകളിലേക്ക് നമ്മുടെ ദൃഷ്ടികൾ ഉയർത്തുന്നത് വഴി - നമ്മെ ചുറ്റിപ്പറ്റിയുള്ള കഷ്ടപ്പാടുകൾ, യുദ്ധത്താൽ പരിഭ്രാന്തരായ കുട്ടികളുടെ മുഖങ്ങൾ, അമ്മമാരുടെ കരച്ചിൽ, നിരവധി യുവജനങ്ങളുടെ തകർന്ന സ്വപ്നങ്ങൾ, ഭയാനകമായ യാത്രകൾ നേരിടുന്ന അഭയാർത്ഥികൾ, കാലാവസ്ഥാ വ്യതിയാനത്തിൻ്റെയും സാമൂഹിക അനീതികളുടെയും ഇരകൾ എന്നിവരെ തിരിച്ചറിയാൻ നമ്മുടെ കണ്ണുകൾ തുറക്കുവാൻ നമ്മെ സഹായിക്കുന്നുവെന്നു രേഖയിൽ പറയുന്നു.
രേഖയുടെ ആദ്യഭാഗത്ത്, സഭയെ കൂടുതൽ പങ്കാളിത്തവും പ്രേഷിതയുമാക്കുന്നതിനുള്ള ആത്മീയ നവീകരണത്തിൻ്റെയും, ഘടനാപരമായ നവീകരണത്തിൻ്റെയും പാതയാണ് സിനഡാലിറ്റി എന്ന ആശയം എടുത്തു പറയുന്നു. മതാന്തര കൂട്ടായ്മയുടെയും, വൈവിധ്യങ്ങളുടെ സമ്പന്നതയും ഈ ഭാഗത്ത് പ്രത്യേകം അടിവരയിടുന്നു. ബന്ധങ്ങൾ പരിപാലിക്കുന്നത് കൂടുതൽ സംഘടനാ ഫലപ്രാപ്തിക്കുള്ള ഒരു തന്ത്രമോ ഉപകരണമോ അല്ല, മറിച്ച് പിതാവായ ദൈവം യേശുവിലും ആത്മാവിലും സ്വയം വെളിപ്പെടുത്തിയ വഴിയാണെന്നും ഇത് സുവിശേഷത്തിൽ നിന്ന് നാം വീണ്ടും പഠിക്കണം. ഇതിനു പ്രേഷിതപ്രവർത്തനം കൂടിയേ തീരൂ എന്നും രേഖ ഉദ്ബോധിപ്പിക്കുന്നു.
സൗഹാർദ്ദമായ സേവനത്തിലാണ് മെത്രാൻ ശുശ്രൂഷ നടത്തേണ്ടത്. ഇത് മറ്റുള്ളവരുമായുള്ള സഹകരണത്തിൽ പ്രത്യേകിച്ചും വൈദികരും, ഡീക്കന്മാരുമായുള്ള ബന്ധത്തിൽ ഊഷ്മളമാക്കണമെന്നും രേഖ ആഹ്വാനം ചെയ്യുന്നു. തീരുമാനമെടുക്കൽ പ്രക്രിയകൾക്ക് സഭാപരമായ വിവേചനാധികാരം ആവശ്യമാണെന്നും, അതിനു സുതാര്യതയും ഉത്തരവാദിത്തവും ഒഴിച്ചുകൂടാനാവാത്തതെന്നും രേഖ പ്രത്യേകം മൂന്നാം ഭാഗത്ത് പറയുന്നു. തീരുമാനങ്ങൾ എടുക്കുന്നവർക്ക് ദൈവജനത്തെ വിശ്വസിക്കാനും കേൾക്കാനും കഴിയണം, അധികാരം പ്രയോഗിക്കുന്നവരെ വിശ്വസിക്കാൻ ദൈവജനത്തിനു സാധിക്കണമെന്നും രേഖയില്‍ പറയുന്നു.