News - 2024

'ട്രാമി' വിതച്ച ദുരിതത്തില്‍ അകപ്പെട്ടവരെ ചേര്‍ത്തുപിടിച്ച് കത്തോലിക്ക സഭ

പ്രവാചകശബ്ദം 30-10-2024 - Wednesday

മനില: ഫിലിപ്പീൻസിൽ വൻ നാശനഷ്ടം വിതച്ച ട്രാമി ഉഷ്ണമേഖലാ കൊടുങ്കാറ്റിൽ സഹായവുമായി കത്തോലിക്ക സഭ. ദുരിതം ബാധിച്ച ജനങ്ങള്‍ക്കു സഹായവുമായി കത്തോലിക്ക സന്നദ്ധ സംഘടനയായ കാരിത്താസിന്റെ ഫിലിപ്പീന്‍സ് വിഭാഗം രംഗത്തുണ്ട്. ദുരിതം ബാധിച്ചവരെ ചേര്‍ത്തുപിടിക്കുവാന്‍ ഇടവകകളും സന്യാസ സമൂഹങ്ങളും ഒക്‌ടോബർ 27-ന് ധനസമാഹരണ യജ്ഞം നടത്തിയിരിന്നു. പൊതു ഇടവക ഫണ്ടിൽ നിന്ന് നിശ്ചിത തുക അനുവദിച്ചുകൊണ്ട് ഇടവകകളോട് സന്നദ്ധ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുവാന്‍ സഭാനേതൃത്വം നേരത്തെ ആഹ്വാനം ചെയ്തിട്ടുണ്ടെന്നതും ശ്രദ്ധേയമാണ്.

ഓരോ ഇടവകയുടെയും അധികാരപരിധിയിലുള്ള സമ്പന്ന കുടുംബങ്ങൾ, സംഘടനകൾ, അസോസിയേഷനുകൾ, പ്രസ്ഥാനങ്ങൾ, തുടങ്ങീ വിവിധ മേഖലകളിലൂടെ സമാഹരിക്കുന്ന തുക കാരിത്താസ് വഴിയാണ് ദുരിതബാധിതരിലേക്ക് എത്തിക്കുന്നത്. ഭക്ഷണം, വസ്ത്രം, ശുദ്ധജലം, ആവശ്യ വസ്തുക്കള്‍ ഉള്‍പ്പെടെയാണ് കാരിത്താസ് സഹായമെത്തിക്കുന്നത്. മറ്റ് കത്തോലിക്ക സന്നദ്ധ സംഘടനകളുടെയും സന്യാസിനികളുടെയും നേതൃത്വത്തിലും സഹായം ലഭ്യമാക്കുന്നുണ്ട്.

കലപ്പൻ വികാരിയേറ്റ്, കാസെറസ് രൂപത എന്നിവയുൾപ്പെടെ ബികോൾ റീജിയണിൻ്റെ പ്രദേശം ഉൾക്കൊള്ളുന്ന കുടുംബങ്ങളെയും കമ്മ്യൂണിറ്റികളെയും ദുരന്തം ബാധിച്ചിട്ടുണ്ട്. മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലുമായി ഇതുവരെ 136 പേർ മരിച്ചു. നിരവധി പേരെ കാണാതായി. നാഷണൽ ഡിസാസ്റ്റർ റിസ്ക് മാനേജ്‌മെൻ്റ് (എൻഡിആർആർഎംസി) റിപ്പോര്‍ട്ട് അനുസരിച്ച്, ഏകദേശം 190,000 കുടുംബങ്ങളില്‍ നിന്നായി പ്രായമായവരും സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 970,000-ത്തിലധികം ആളുകളെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്.


Related Articles »