News

ഭാരതത്തിലെ നാലു രൂപതകൾക്ക് പുതിയ മെത്രാന്മാർ

പ്രവാചകശബ്ദം 10-11-2024 - Sunday

ബാംഗ്ലൂർ: ഭാരതത്തിലെ നെല്ലൂർ, വെല്ലൂർ, ബഗദോഗ്ര, വസായി എന്നീ നാലു രൂപതകൾക്ക് മാർപാപ്പ പുതിയ മെത്രാന്മാരെ നിയമിച്ചു. മഹാരാഷ്ട്രയിലെ വസായ് ബിഷപ്പായി ഫാ. ഡോ. തോമസ് ഡിസൂസയെയും (54) തമിഴ്‌നാട്ടിലെ വെല്ലൂർ ബിഷപ്പായി ആംബ്രോസ് പിച്ചൈമുത്തു (58)വിനെയും ആന്ധ്രാപ്രദേശിലെ നെല്ലൂർ ബിഷപ്പായി ആൻ്റണി ദാസ് പിള്ളയെയും (51) പാപ്പ നിയമിച്ചു. ഇതോടൊപ്പം നേപ്പാളിലെ അപ്പസ്‌തോലിക് വികാരിയായിരുന്ന ബിഷപ്പ് പോൾ സിമിക്കിനെ (61) ബാഗ്‌ഡോഗ്രയിലെ ബിഷപ്പായി ഉയര്‍ത്തുകയും ചെയ്തിട്ടുണ്ട്. ഇന്നലെ നവംബർ 9-നാണ് നിയമനങ്ങൾ പ്രഖ്യാപിച്ചത്.

1970 മാർച്ച് 23 ന് വസായ് രൂപതയിലെ ചുൽനെയിൽ ജനിച്ച തോമസ് ഡിസൂസ ഗോരേഗാവിലെ സെൻ്റ് പയസ് എക്സ് കോളേജിൽ തത്വശാസ്ത്രവും ദൈവശാസ്ത്രവും പഠിച്ചു. 1998 ഏപ്രിൽ 18-ന് വസായ് രൂപത വൈദികനായി. മദ്രാസ് സർവ്വകലാശാലയിൽ നിന്ന് തത്ത്വശാസ്ത്രത്തിലും ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്. നിരവധി അജപാലന ഉത്തരവാദിത്വങ്ങള്‍ നിര്‍വ്വഹിച്ച അദ്ദേഹം 2019 മുതൽ, നന്ദഖലിലെ സെൻ്റ് ജോസഫ് ഹൈസ്‌കൂൾ, ജൂനിയർ കോളേജ് പ്രിൻസിപ്പലായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

1966 മെയ് 3-ന് തമിഴ്‌നാട്ടിലെ ചെയ്യൂരിൽ ജനിച്ച പിച്ചൈമുത്തു ചെന്നൈയിലെ സേക്രഡ് ഹാർട്ട് സെമിനാരിയിൽ വൈദികപഠനം നടത്തി. പിന്നീട് റോമിലെ സെൻ്റ് തോമസ് അക്വിനാസ് പൊന്തിഫിക്കൽ യൂണിവേഴ്സിറ്റിയിൽ നിന്ന് ഫിലോസഫിയിൽ ഡോക്ടറേറ്റ് പൂർത്തിയാക്കി. 1993 മാർച്ച് 25ന് നിയമിതനായ അദ്ദേഹം സേക്രഡ് ഹാർട്ട് സെമിനാരിയിൽ അസിസ്റ്റൻ്റ് പാസ്റ്റർ, പ്രൊഫസർ, വൈസ് റെക്ടർ, ചിംഗിൾപുട്ട് വികാരി ജനറല്‍ എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

1973 ഓഗസ്റ്റ് 24 ന് ഡോണകൊണ്ടയിൽ ജനിച്ച ആൻ്റണി ദാസ് പിള്ളി സെൻ്റ് ജോൺസ് റീജിയണൽ സെമിനാരിയിൽ തത്വശാസ്ത്രവും ദൈവശാസ്ത്രവും പഠിക്കുകയും റോമിലെ പൊന്തിഫിക്കൽ ഉർബാനിയാന യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഡോഗ്മാറ്റിക് തിയോളജിയിൽ ഡോക്ടറേറ്റ് നേടുകയും ചെയ്തു. 2000 ഏപ്രിൽ 24-ന് നെല്ലൂർ രൂപത ബിഷപ്പിൻ്റെ സെക്രട്ടറി, ഗുഡലൂർ, സെൻ്റ് ജോൺസ് മൈനർ സെമിനാരി റെക്ടർ, ഡോഗ്മാറ്റിക് തിയോളജി പ്രൊഫസർ തുടങ്ങി വിവിധ ചുമതലകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

1963 ഓഗസ്റ്റ് 7-ന് ഡാർജിലിംഗ് രൂപതയിലെ ഗിറ്റ്‌ഡബ്ലിങ്ങിൽ ജനിച്ച സിമിക്ക് റോമിലെ പൊന്തിഫിക്കൽ ഉർബാനിയാന യൂണിവേഴ്‌സിറ്റിയിൽ നിന്ന് ബൈബിൾ ദൈവശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടിയിട്ടുണ്ട്. ഡാർജിലിംഗ് രൂപതയ്ക്ക് വേണ്ടി 1992 ഏപ്രിൽ 9-ന് വൈദികനായി നിയമിതനായ അദ്ദേഹം നാംചി പബ്ലിക് സ്‌കൂളിലെ ഹോസ്റ്റൽ പ്രീഫെക്റ്റ്, സുറുക്കിലെ സെൻ്റ് മൗറീസ് വികാരി, മോണിംഗ് സ്റ്റാർ കോളേജിലെ സേക്രഡ് സ്‌ക്രിപ്ച്ചർ പ്രൊഫസർ തുടങ്ങി നിരവധി റോളുകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2014-ൽ നേപ്പാളിലെ അപ്പസ്‌തോലിക് വികാരിയായി നിയമിതനായ ബിഷപ്പ് സിമിക്ക് അതേ വർഷം തന്നെ മെത്രാഭിഷേകം സ്വീകരിച്ചു.


Related Articles »