News - 2024

രോഗിലേപനം നല്‍കാന്‍ വൈദികര്‍ക്ക് ആശുപത്രികളില്‍ വിലക്ക്; പുതിയ നിയന്ത്രണവുമായി നിക്കരാഗ്വേ

പ്രവാചകശബ്ദം 14-11-2024 - Thursday

മതഗൽപ്പ: നിക്കരാഗ്വേ പ്രസിഡൻ്റ് ഡാനിയേൽ ഒർട്ടേഗയുടെയും ഭാര്യയും വൈസ് പ്രസിഡന്‍റുമായ റൊസാരിയോ മുറില്ലോയുടെയും സ്വേച്ഛാധിപത്യ ഭരണകൂടം കത്തോലിക്ക സഭയ്ക്കു നേരെയുള്ള വേട്ടയാടല്‍ തുടരുന്നു. നിലവില്‍ നിക്കരാഗ്വേയിലെ ആശുപത്രികളിൽ പ്രവേശിക്കുന്നതിൽ നിന്ന് വൈദികരെ തടയുകയാണെന്ന് "നിക്കരാഗ്വേ: ഒരു പീഡിപ്പിക്കപ്പെട്ട സഭ?” എന്ന റിപ്പോർട്ടിൻ്റെ രചയിതാവും അഭിഭാഷകയുമായ മാർത്ത പട്രീഷ്യ വെളിപ്പെടുത്തി. വിവിധ രൂപതകളിൽ നിന്നുള്ള ഏകദേശം പത്തോളം വൈദികർ ഇക്കാര്യം വെളിപ്പെടുത്തിയതായി മാർത്ത പറയുന്നു.

കത്തോലിക്ക മാധ്യമമായ ഇ‌ഡബ്ല്യു‌ടി‌എന്‍ ന്യൂസിൻ്റെ സ്പാനിഷ് പതിപ്പിന് നൽകിയ അഭിമുഖത്തിലാണ് അവര്‍ ഇക്കാര്യം പറഞ്ഞത്. കത്തോലിക്ക വൈദികര്‍ക്ക് ആശുപത്രികളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ രോഗിലേപനം, വിശുദ്ധ കുര്‍ബാന ഉള്‍പ്പെടെയുള്ള കൂദാശകള്‍ സ്വീകരിക്കാന്‍ രോഗികള്‍ ബുദ്ധിമുട്ട് നേരിടുകയാണ്. ഈ വർഷത്തിന് മുമ്പ് വൈദികര്‍ക്ക് ആശുപത്രികളിൽ പ്രവേശിക്കാൻ അനുമതിയുണ്ടായിരിന്നു. എന്നാല്‍ ഇപ്പോള്‍ യാതൊരു വിശദീകരണവുമില്ലാതെ സുരക്ഷാ നടപടികൾ കർശനമാക്കിയിരിക്കുകയാണ്.

വൈദികര്‍, വൈദിക വേഷത്തിൽ പ്രവേശിക്കാൻ ശ്രമിക്കുമ്പോൾ പീഡനം കൂടുതൽ രൂക്ഷമാകുകയാണെന്നും അതിനാല്‍ പല വൈദികരും സാധാരണ വസ്ത്രം ധരിച്ച് ആശുപത്രികളില്‍ പ്രവേശിക്കുകയാണെന്നും മാർത്ത പട്രീഷ്യ വെളിപ്പെടുത്തി. ജനാധിപത്യത്തെ പിന്തുണക്കുന്ന സഭാനിലപാടാണ് കത്തോലിക്ക സഭയെ ഒര്‍ട്ടേഗയുടെ ശത്രുവാക്കി മാറ്റിയത്. ജനങ്ങള്‍ക്കു വേണ്ടി നിലകൊണ്ടുള്ള സഭയുടെ പ്രസ്താവനകളും ഐക്യദാര്‍ഢ്യ സമ്മേളനങ്ങളും ഭരണകൂടത്തെ ചൊടിപ്പിക്കുകയായിരിന്നു. ലാറ്റിന്‍ അമേരിക്കന്‍ രാജ്യമായ നിക്കരാഗ്വേയിലെ ബഹു ഭൂരിപക്ഷവും കത്തോലിക്ക വിശ്വാസികളാണ്.

കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ?


Related Articles »