News - 2024

മാര്‍പാപ്പമാരുടെ മൃതസംസ്കാര ചടങ്ങുകൾക്കായുള്ള നവീകരിച്ച ക്രമം പ്രസിദ്ധീകരിച്ചു

പ്രവാചകശബ്ദം 21-11-2024 - Thursday

വത്തിക്കാന്‍ സിറ്റി: മാര്‍പാപ്പമാരുടെ മൃതസംസ്കാര ചടങ്ങുകൾക്കായുള്ള നവീകരിച്ച പുസ്തകം ഫ്രാന്‍സിസ് പാപ്പയുടെ അംഗീകാരത്തോടെ ആരാധനാക്രമ ചടങ്ങുകൾക്കായുള്ള വത്തിക്കാനിലെ ഓഫീസ് പ്രസിദ്ധീകരിച്ചു. 1998-ൽ അന്നത്തെ മാര്‍പാപ്പയായിരിന്ന ജോൺ പോൾ രണ്ടാമൻ പാപ്പയുടെ അംഗീകാരത്തോടെ പ്രസിദ്ധീകരിച്ച പാപ്പമാരുടെ മൃതസംസ്കാര ചടങ്ങുകൾക്കായുള്ള പുസ്തകത്തിന്റെ നവീകരിച്ച പതിപ്പെന്ന രീതിയിലാണ് പുതിയ പുസ്തകം പുറത്തിറക്കിയിരിക്കുന്നത്. 2005-ൽ വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പയുടെ മൃതസംസ്കാര ചടങ്ങുകൾക്ക് 1998-ലെ പുസ്തകമനുസരിച്ചുള്ള ക്രമങ്ങളാണ് സ്വീകരിച്ചിരുന്നത്. ഇവയിൽ ചില മാറ്റങ്ങൾ വരുത്തിയാണ്, 2023-ൽ ബെനഡിക്ട് പതിനാറാമൻ പാപ്പയുടെ മൃതസംസ്കാരച്ചടങ്ങുകൾ നടന്നത്.

പുതുക്കിയ ക്രമമനുസരിച്ച്, മാര്‍പാപ്പയുടെ മുറിയിലല്ല, സ്വകാര്യ ചാപ്പലിൽവച്ചായിരിക്കും മരണം സ്ഥിരീകരിക്കുക. മരണ ശേഷം മൃതശരീരം തുറന്ന പെട്ടിക്കുള്ളിൽ സൂക്ഷിക്കുക, വിശ്വാസികൾക്ക് വണക്കത്തിനായി തുറന്ന പെട്ടിയിൽത്തന്നെ പാപ്പയുടെ ശരീരം പ്രദർശിപ്പിക്കുക, മുൻപുണ്ടായിരുന്നതിൽനിന്ന് വ്യത്യസ്തമായി, സൈപ്രസിന്റെയും, ഈയത്തിന്റെയും, ഓക്കുമരത്തിന്റെതുമായ മൂന്ന് പെട്ടികളിൽ അടയ്ക്കുന്നത് നിറുത്തലാക്കുക തുടങ്ങിയ മാറ്റങ്ങളാണ് പുസ്തകത്തിൽ നിർദ്ദേശിച്ചിരിക്കുന്നത്. പുതിയ ക്രമമനുസരിച്ച്, നാകപ്പെട്ടിക്കുള്ളിലുള്ള തടിപ്പെട്ടിയിലായിരിക്കും പാപ്പായുടെ ഭൗതികശരീരം സൂക്ഷിക്കുക.

മാര്‍പാപ്പമാരുടെ മൃതസംസ്കാര ചടങ്ങുകൾ കൂടുതൽ ലളിതമാക്കുകയും, ഉത്ഥിതനായ ക്രിസ്‌തുവിലുള്ള വിശ്വാസത്തെ കൂടുതല്‍ പ്രഘോഷിക്കുന്നതിനായി മാറ്റുകയും ചെയ്യുന്നതിനായാണ് പുസ്തകം നവീകരിച്ചതെന്ന് പാപ്പയുടെ ആരാധനാക്രമ ചടങ്ങുകൾക്കായുള്ള വത്തിക്കാനിലെ ഓഫീസിന്റെ നേതൃത്വം വഹിക്കുന്ന ആർച്ച് ബിഷപ്പ് ദിയേഗൊ റവേല്ലി പറഞ്ഞു. 2024 ഏപ്രിൽ 29ന് ഫ്രാൻസിസ് പാപ്പ അംഗീകാരം നൽകിയതിനെത്തുടർന്ന്, പാപ്പമാരുടെ മൃതസംസ്കാര ചടങ്ങുകൾക്കായുള്ള പുസ്തകത്തിന്റെ നവീകരിച്ച പതിപ്പ് പുറത്തിറക്കിയത്. നവംബർ നാലിന് ഇതിന്റെ പ്രഥമ കോപ്പി ഫ്രാൻസിസ് പാപ്പയ്ക്കു കൈമാറിയെന്നും അദ്ദേഹം അറിയിച്ചു.


Related Articles »