India
പ്രതിബന്ധങ്ങളെ പ്രാർത്ഥനയിലും ഐക്യത്തിലും അതിജീവിക്കാൻ കഴിയും: കര്‍ദ്ദിനാള്‍ ബസേലിയോസ് ക്ലീമിസ് ബാവ
പ്രവാചകശബ്ദം 04-12-2024 - Wednesday
കൊച്ചി: സഭയും സമൂഹവും നേരിടുന്ന വെല്ലുവിളികളെയും പ്രതിബന്ധങ്ങളെയും പ്രാർത്ഥനയിലും ഐക്യത്തിലും അതിജീവിക്കാൻ നമുക്കാകുമെന്നു കെസിബിസി പ്രസിഡന്‍റ് കര്‍ദ്ദിനാള്‍ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ. കേരള കത്തോലിക്ക മെത്രാന്‍ സമിതിയുടെയും (കെസിബിസി) കേരള കാത്തലിക് കൗൺസിലിന്റെയും (കെസിസി) സംയുക്തയോഗം പാലാരിവട്ടം പിഒസിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സഭയുടെ സംവിധാനങ്ങളോടു കൂടുതൽ ചേർന്നു നിന്ന് പ്രേഷിത, സേവന പ്രവർത്തനങ്ങൾ നിർവഹിക്കാനുള്ള ദൗത്യം അല്മായ സമൂഹത്തിനുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കെസിബിസി വൈസ് പ്രസിഡന്‍റ് ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ അധ്യക്ഷത വഹിച്ചു. കെസിബിസി സെക്രട്ടറി ജനറൽ ബിഷപ്പ് ഡോ. അലക്സ് വടക്കുംതല, ഡപ്യൂട്ടി സെക്രട്ടറി ജനറൽ ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി, കെസിസി സെക്രട്ടറി ജെസി ജെയിംസ്, ട്രഷറർ ജോഷി വടക്കൻ എന്നിവർ പ്രസംഗിച്ചു. സഭയുടെ വിശ്വാസപ്രബോധന കാര്യാലയം പുറപ്പെടുവിച്ച 'അനന്തമാഹാത്മ്യം' എന്ന പഠനരേഖയെക്കുറിച്ചു റവ.ഡോ. ജേക്കബ് പ്രസാദും, റവ. ഡോ. ഷാനു ഫെര്‍ണാണ്ടസും സെഷനുകൾ നയിച്ചു. കേരളത്തിലെ കത്തോലിക്കാ രൂപതകളുടെ മെത്രാന്മാര്‍ പങ്കെടുക്കുന്ന സമ്മേളനത്തിൽ സഭയും സമൂഹവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും. സമ്മേളനം ആറിനു സമാപിക്കും.