News

കർദ്ദിനാളുമാരുടെ സ്ഥാനവും പദവിയും ദൗത്യവും; അറിയേണ്ടതെല്ലാം..!

ഡോ. ജെയിംസ് മാത്യു പാമ്പാറ സിഎംഐ/ ദീപിക 07-12-2024 - Saturday

കത്തോലിക്ക സഭയിൽ കർദ്ദിനാളുമാരുടെ സ്ഥാനവും പദവിയും ദൗത്യവുമെല്ലാം വ്യക്തമാക്കപ്പെട്ടിട്ടുണ്ട്. പൗരസ്ത്യ കാനോന സംഹിതയിൽ പരാമർശമില്ലാത്തതും എന്നാൽ, ലത്തീൻ സഭയുടെ കാനൻ നിയമത്തിൽ 349 മുതൽ 359 വരെയുള്ള കാനോനകളിൽ വിശദമായ നിയമം ഉൾക്കൊള്ളുന്നതുമായ കർദ്ദിനാൾ സംഘത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ദൗത്യം കോൺക്ലേവിൽ പങ്കെടുത്ത് പുതിയ മാർപാപ്പയെ തെരഞ്ഞെടുക്കുക തന്നെയാണ്.

എങ്കിലും സാർവത്രിക സഭയെ ഭരിക്കാനും നയിക്കാനുമുള്ള പരിശുദ്ധ റോമാ മാർപാപ്പയുടെ ദൗത്യത്തിൽ അദ്ദേഹത്തോട് ഏറ്റവും അധികം സഹകരിക്കുന്നവരാണ് പദവിയിൽ റോമ മാർപാപ്പയ്ക്കു ശേഷം ഉടനെതന്നെ വരുന്ന കർദ്ദിനാളുമാർ. മാർപാപ്പയാൽ തെരഞ്ഞെടുക്കപ്പെട്ട് കൺസിസ്റ്ററിയിൽവച്ച് മാർപാപ്പയാൽ കർദ്ദിനാൾ സ്ഥാനത്തേക്ക് ഉയർത്തപ്പെടുന്നവർ മരണംവരെ കർദ്ദിനാൾ സംഘത്തിലെ അംഗങ്ങളായിരിക്കുമെങ്കിലും അതിൽ 80 വയസ് പൂർത്തിയായവർക്ക് പുതിയ മാർപാപ്പയെ തെരഞ്ഞെടുക്കുന്ന കോൺക്ലേവിൽ വോട്ടവകാശമുണ്ടായിരിക്കുകയില്ല.

ഉദ്ഭവവും ഘടനയും ‍

കർദ്ദിനാൾ എന്ന വാക്ക് കാർഡോ എന്ന ലത്തീൻ വാക്കിൽനിന്നാണ് ഉത്ഭവിച്ചിരിക്കുന്നത്. കാർഡോ എന്ന ലത്തീൻ വാക്കിന്റെ അർഥം വിജാഗിരി എന്നതാണ്. ഒരു വാതിലിന് വിജാഗിരി എത്രമാത്രം പ്രാധാന്യമുള്ളതാണോ അതു പോലെ ആളുകളുടെ വാതിലായ ക്രിസ്‌തുവിന്റെ വികാരിയായ മാർപാപ്പയുടെ സഭയെ ഭരിക്കുന്ന ശുശ്രൂഷയിൽ വളരെ പ്രധാനമായ ഒരു ദൗത്യം നിർവഹിക്കുന്നവരാണ് കർദ്ദിനാളുമാർ. കത്തോലിക്കാ സഭയുടെ ഹയരാർക്കിയിൽ രണ്ടാംസ്ഥാനത്ത് കാണപ്പെടുന്ന കർദ്ദിനാളുമാർ മഹാനായ ഗ്രിഗറി മാർപാപ്പയുടെ കാലം (590-604 എഡി) മുതലെങ്കിലും പ്രസ്തു‌ത പേരിലും ഔന്നത്യത്തിലും അറിയപ്പെടുകയും മാർപാപ്പമാരെ തെരഞ്ഞെടുക്കുക തുടങ്ങി കത്തോലിക്കാ സഭയുടെ റോമിലെ ഭരണത്തിൽ പ്രധാനപ്പെട്ട പങ്കുവഹിക്കുകയും ചെയ്‌തിരുന്നു. ഇന്നും റോമൻ കുരിയ എന്ന പേരിലറിയപ്പെടുന്ന വത്തിക്കാനിലെ മാർപാപ്പയെ സാർവത്രിക സഭയുടെ ഭരണത്തിൽ സഹായിക്കുന്ന ഡിക്കാസ്റ്ററികളിൽ മിക്കതിന്റെയും തലപ്പത്തുള്ളവർ കർദ്ദിനാളുമാർതന്നെ.

അങ്ങനെ മാർപാപ്പമാരെ ഭരണത്തിൽ സഹായിച്ചും പത്രോസിന്റെ പിൻഗാമിയായ മാർപാപ്പയ്ക്കു വേണ്ട ഉപദേശങ്ങൾ നൽകിക്കൊണ്ടും കത്തോലിക്കാ സഭയിൽ പ്രധാനപ്പെട്ട സ്ഥാനം വഹിക്കുന്ന കർദ്ദിനാൾ സ്ഥാനം, പക്ഷേ, മെത്രാൻപട്ടത്തിനു മുകളിലുള്ള മറ്റൊരു പട്ടമല്ല. കത്തോലിക്കാ സഭയിലെ പട്ടങ്ങൾ ഡീക്കൻപട്ടം, പുരോഹിതപട്ടം, മെത്രാൻപട്ടം എന്നിങ്ങനെ മൂന്നു മാത്രം. എന്നാൽ, കർദ്ദിനാൾമാർ മൂന്നു ഗണമായി തരംതിരിക്കപ്പെട്ടിരിക്കുന്നു. അവ കർദ്ദിനാൾ മെത്രാൻ, പുരോഹിത കർദ്ദിനാൾ, ഡീക്കൻ കർദ്ദിനാൾ എന്നിവയാണ്. പൗരസ്‌ത്യ സഭയുടെ ഒരു പാത്രിയാർക്കീസിനെ കർദ്ദിനാൾ സ്ഥാനത്തേക്ക് ഉയർത്തുമ്പോൾ മാർപാപ്പ അദ്ദേഹത്തെ നേരിട്ട് കർദ്ദിനാൾ മെത്രാൻ സ്ഥാനത്തേക്കാണ് ഉയർത്തുക.

കത്തോലിക്കാ സഭയിലെ ഒരു വൈദികനെങ്കിലുമായിട്ടുള്ള ഏതൊരു വ്യക്തിയെയും മാർപാപ്പയ്ക്ക് കർദ്ദിനാൾ സ്ഥാനത്തേക്ക് ഉയർത്താമെന്നും എന്നാൽ, മെത്രാൻപട്ടം സ്വീകരിക്കാത്തവരെ കർദ്ദിനാൾ സ്ഥാനത്തേക്ക് ഉയർത്തുന്നതിനു മുമ്പായി അവർക്ക് മെത്രാൻപട്ടം കൊടുക്കേണ്ടതാണ് എന്നും ലത്തീൻ സഭയുടെ കാനൻ നിയമത്തിലെ 351-ാം കാനോനയുടെ ഒന്നാം അനുച്ഛേദം വ്യക്തമാക്കുന്നു. സാധാരണഗതിയിൽ കർദ്ദിനാൾ സ്ഥാനത്തേക്ക് ഉയർത്തപ്പെടുന്നവർ ഡീക്കൻ കർദ്ദിനാൾ ഗണത്തിലേക്കാണ് നിയമിക്കപ്പെടുക. എന്നിരുന്നാലും നേരിട്ട് പുരോഹിത കർദ്ദിനാൾ സ്ഥാനത്തേക്ക് ഒരു വ്യക്തിയെ നിയമിക്കുന്നതും അസാധാരണമല്ല. പദവികൊണ്ട് കത്തോലിക്കാ സഭയിൽ മാർപാപ്പയ്ക്ക് തൊട്ടുതാഴെയാണ് കർദ്ദിനാളുമാർ വരിക. എന്നിരുന്നാലും, അവരെ ഏത് ദൗത്യമാണ് മാർപാപ്പ ഏൽപ്പിച്ചിരിക്കുന്നത് എന്നതിനനുസരിച്ചായിരിക്കും അവരുടെ അധികാരം.

കർദ്ദിനാൾ പദവിയും മെത്രാൻ പട്ടവും ‍

കർദ്ദിനാൾ മെത്രാൻപട്ടം സ്വീകരിച്ചിരിക്കണമെന്ന് നൈയാമികമായി നിഷ്‌കർഷയില്ലെങ്കിലും സാധാരണഗതിയി ൽ മെത്രാൻപട്ടം സ്വീകരിച്ചവരാണ് കർദിനാൾ പദവിയിലേക്ക് ഉയർത്തപ്പെടുക. ഇന്ത്യയിൽനിന്ന് ആദ്യമായാണ് ഒരു വൈദികനെ മാർപാപ്പ നേരിട്ട് കർദ്ദിനാൾ പദവിയിലേക്ക് ഉയർത്തുന്നത്. വൈദികരെ കർദ്ദിനാളുമാരായി ഉയർത്താനായി നിശ്ചയിക്കുമ്പോൾ, സാമാന്യഗതിയിൽ പ്രസ്‌തുത കൺസിസ്റ്ററിക്ക് മുമ്പായി അവർക്ക് മെത്രാൻപട്ടം നൽകും. മോൺ. കൂവക്കാട്ട് അതനുസരിച്ച് നവംബർ 24ന് ചങ്ങനാശേരിയിൽ വച്ച് മെത്രാൻപട്ടം സ്വീകരിച്ചു. ഫ്രാൻസിസ് മാർപാപ്പ ഇത്തവണ കർദ്ദിനാൾ സ്ഥാനത്തേക്ക് ഉയർത്തുന്നവരിൽ 44 വയസ് മുതൽ 99 വയസുവരെയുള്ളവരുണ്ട്.

തങ്ങളുടെ പ്രശംസനീയമായ സഭാസേവനത്തെയോ ദൈവശാസ്ത്ര സംഭാവനകളെയോ പരിഗണിച്ച് 80നു മുകളിൽ പ്രായമായ വൈദികരെ മാർപാപ്പ കർദ്ദിനാൾ പദവിയിലേക്കുയർത്തുമ്പോൾ, അവർ മെത്രാൻ പട്ടം സ്വീകരിക്കാൻ ആഗ്രഹിക്കുന്നില്ലെങ്കിൽ അതിൽനിന്ന് അവർക്ക് മാർപാപ്പമാർ ഒഴിവുകൊടുക്കാറുമുണ്ട്.

അങ്ങനെ മെത്രാൻ പട്ടത്തിൽ നിന്ന് ഒഴിവു വാങ്ങി വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പയിൽ നിന്ന് 2001 ജനുവരി 21ന് കർദ്ദിനാൾ പദവി സ്വീകരിച്ച പ്രശസ്‌ത അമേരിക്കൻ ദൈവശാസ്ത്രജ്ഞനാണ് അമേരിക്കൻ സെക്രട്ടറി ഓഫ് സ്റ്റേറ്റ് ആയിരുന്ന ജോൺ ഫോസ്റ്റർ ഡീസിൻ്റെ പുത്രൻ ആവി ഡള്ളസ് (Avery Dulles SJ). അതിനുമുമ്പ് 1977ൽ മാരിയോ ലൂയിജി ചാപ്പി (1909-1996) എന്ന ഡൊമിനിക്കൻ സന്യാസ വൈദികനെ മാർപാപ്പ കർദ്ദിനാളായി ഉയർത്തിയെങ്കിലും കൺസിസ്റ്ററിക്ക് മുമ്പായി 1977 ജൂൺ പത്തിന് അദ്ദേഹം മെത്രാൻ പട്ടം സ്വീകരിച്ചു.

1945 ഓഗസ്റ്റ് 22ന് ലണ്ടനിൽ ജനിച്ച, ഡൊമിനിക്കൻ സന്യാസ സമൂഹത്തിന്റെ മുൻ ജനറാളായിരുന്ന തിമോത്തി പീറ്റർ ജോസഫ് റാഡ്‌ക്ലിഫ് ഇത്തവണ ഫ്രാൻസിസ് മാർപാപ്പ കർദ്ദിനാൾ സ്ഥാനത്തേക്ക് ഉയർത്തുന്ന വൈദികരിലൊരാളാണ്. ചെക്കോസ്ലോവാക്യൻ ജെസ്യൂട്ട് വൈദികനായിരുന്ന തോമസ് സ്‌പിഡ്ലിക്കിനെ 2003ൽ മാർപാപ്പ കർദ്ദിനാളായി ഉയർത്തിയപ്പോൾ അദ്ദേഹത്തിന്റെ പ്രായം 83 ആയിരുന്നു. അദ്ദേഹം മെത്രാൻപട്ടം സ്വീകരിച്ചില്ല.


Related Articles »