News

തളര്‍വാത രോഗിയായ ബ്രിട്ടീഷ് നാവികന് അത്ഭുത സൗഖ്യം; ലൂര്‍ദ്ദില്‍ നടന്ന മറ്റൊരു അത്ഭുതത്തിന് കൂടി തിരുസഭയുടെ അംഗീകാരം

പ്രവാചകശബ്ദം 10-12-2024 - Tuesday

ലിവര്‍പൂള്‍: റോയല്‍ ബ്രിട്ടീഷ് നാവികസേനയില്‍ സേവനം ചെയ്യവേ വെടിയേറ്റ് ശരീരം തളര്‍ന്നുപോയ ജോണ്‍ (ജാക്ക്) ട്രെയ്നറിന് ലൂര്‍ദ്ദ് മാതാവിന്റെ മാധ്യസ്ഥത്താല്‍ ലഭിച്ച അത്ഭുത രോഗസൗഖ്യം ഔദ്യോഗികമായി സ്ഥിരീകരിച്ചു. ലിവര്‍പൂള്‍ ആര്‍ച്ച് ബിഷപ്പ് മാല്‍ക്കം മക്മേഹനാണ് അത്ഭുതം സ്ഥിരീകരിച്ചുകൊണ്ടുള്ള പ്രഖ്യാപനം നടത്തിയിരിക്കുന്നത്. 1923-ല്‍ ലിവര്‍പൂള്‍ അതിരൂപത ലൂര്‍ദ്ദിലേക്ക് നടത്തിയ ആദ്യ ഔദ്യോഗിക തീര്‍ത്ഥാടനത്തില്‍ അപസ്മാരവും, തളര്‍വാതവും ബാധിച്ച ജോണ്‍ ജാക്ക് ട്രെയ്നര്‍ പങ്കെടുത്തിരിന്നു. ഈ തീര്‍ത്ഥാടനത്തിനിടയിലാണ് അത്ഭുതകരമായ രോഗശാന്തി ലഭിച്ചത്.

അതിരൂപതയിലെ മുഴുവന്‍ വിശ്വാസികളും അത്ഭുതം തന്നെയാണെന്ന് ഏറ്റുപറഞ്ഞപ്പോഴും വിഷയത്തില്‍ രൂപത ഔദ്യോഗികമായി പ്രതികരിച്ചിരിന്നില്ല. സഭയുടെ നിയമങ്ങള്‍ക്ക് അനുസൃതമായി വിശദമായ പഠനത്തിന് ഒടുവിലാണ് അത്ഭുതങ്ങളെ ഔദ്യോഗികമായി അംഗീകരിക്കുന്നത്. 2023-ല്‍ ലിവര്‍പൂള്‍ അതിരൂപത ലൂര്‍ദ്ദിലേക്ക് നടത്തിയ ശതാബ്ദി തീര്‍ത്ഥാടനത്തില്‍വെച്ച് ലൂര്‍ദ്ദിലെ മെഡിക്കല്‍ നിരീക്ഷക കാര്യാലയത്തിന്റെ (ബി.ഡി.സി.എം) നിലവിലെ പ്രസിഡന്റായ ഡോ. അലെസ്സാന്‍ഡ്രോ ഡെ ഫ്രാന്‍സിസ്, ലൂര്‍ദ്ദിലെ ഇന്റര്‍നാഷണല്‍ മെഡിക്കല്‍ കമ്മിറ്റിയിലെ ഇംഗ്ലീഷ് മെംബറായ ഡോ. കിയരന്‍ മോറിയാര്‍ട്ടിയോട് ലൂര്‍ദ്ദിലെ ശേഖരത്തില്‍ സൂക്ഷിച്ചിരിക്കുന്ന ട്രെയ്നറുടെ ഫയല്‍ അവലോകനം ചെയ്യണമെന്ന് അഭ്യര്‍ത്ഥിച്ചിരിന്നു.

ബി.ഡി.സി.എമ്മിന്റെ അന്നത്തെ ആക്ടിംഗ് പ്രസിഡന്റായിരുന്ന ഡോ. വാല്ലെറ്റിന്റെ റിപ്പോര്‍ട്ടിനെ കുറിച്ചുള്ള ഒരു പരാമര്‍ശം മോറിയാര്‍ട്ടി ഫയലില്‍ നിന്നും കണ്ടെത്തി. 1926 ഡിസംബറില്‍ 'ജേര്‍ണല്‍ ഡെ ലാ ഗ്രോട്ടേ'യില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടായിരിന്നു അത്. അതേവര്‍ഷം തന്നെ ഡോ. അസുര്‍ഡിയ, ഡോ. മാര്‍ലി, ഡോ. ഫിന്‍ എന്നീ ഡോക്ടര്‍മാര്‍ക്കൊപ്പം ഡോ. വാല്ലെറ്റ് ട്രെയ്നറെ പരിശോധിച്ചിരുന്നു. 1923-ല്‍ ലിവര്‍പൂളില്‍ വെച്ച് സൗഖ്യത്തിന് മുന്‍പും ട്രെയ്നറെ ഇവര്‍ പരിശോധിച്ചിട്ടുണ്ടായിരിന്നു.

“ഈ മഹത്തായ രോഗശാന്തി പ്രക്രിയ പ്രകൃതിശക്തികള്‍ക്കും അതീതമാണെന്ന് സഹപ്രവര്‍ത്തകര്‍ക്കൊപ്പം ഞങ്ങള്‍ അംഗീകരിക്കുകയും പ്രഖ്യാപിക്കുകയും ചെയ്യുന്നു” എന്നാണ് ഡോ. വാല്ലെറ്റിന്റെ റിപ്പോര്‍ട്ടിന്റെ നിഗമനമായി പറയുന്നത്. ഫ്രഞ്ച് ഭാഷയിലെ പ്രസിദ്ധീകരിച്ച ഈ റിപ്പോര്‍ട്ട് ലിവര്‍പൂളിലേക്ക് അയച്ചിരുന്നില്ല. അതിനാല്‍ത്തന്നെ രോഗശാന്തി സംബന്ധിച്ച യാതൊരു പരാമര്‍ശവും ലൂര്‍ദ്ദില്‍ നിന്നും രൂപതാ മെത്രാന്മാര്‍ക്ക് ലഭിച്ചിരുന്നില്ല. അതേസമയം ഡോ. മോറിയാര്‍ട്ടി തന്റെ ഗവേഷണങ്ങള്‍ തുടര്‍ന്നപ്പോള്‍ ഇതുസംബന്ധിച്ച മെഡിക്കല്‍ തെളിവുകള്‍ ഉള്‍പ്പെടെ നിരവധി രേഖകളാണ് അദ്ദേഹത്തിന് ലഭിച്ചത്.

ഈ തെളിവുകള്‍ ഉള്‍പ്പെടുന്ന രേഖകള്‍ ടാര്‍ബസ് - ലൂര്‍ദ്ദ് രൂപതാ മെത്രാന്‍ മോണ്‍. ജീന്‍-മാര്‍ക്ക് മിക്കാസ് വഴി അതിരൂപതയ്ക്കു അയയ്ക്കുകയായിരിന്നു. ട്രെയ്നറുടേത് ഒരു അത്ഭുതരോഗശാന്തിയാണെന്ന് വ്യക്തമാക്കുന്ന നിരവധി തെളിവുകള്‍ അതില്‍ ഉണ്ടായിരുന്നു. തുടര്‍ന്ന്‍ ഡോ. മോറിയാര്‍ട്ടിയേയും, ഡോ. ഫ്രാന്‍സിസിനേയും സാക്ഷികളാക്കിക്കൊണ്ട് ലിവര്‍പ്പൂള്‍ മെത്രാപ്പോലീത്ത കാനോനിക്കല്‍ കമ്മീഷന്‍ രൂപീകരിച്ചു. ഇതിന്റെ പഠനഫലങ്ങളുടെ അന്തിമഘട്ടമായാണ് അത്ഭുതസൗഖ്യത്തിന് ഔദ്യോഗിക അംഗീകാരം നല്‍കിയിരിക്കുന്നത്. ഇത് സംബന്ധിച്ചു ലിവര്‍പ്പൂള്‍ മെത്രാപ്പോലീത്ത ഔദ്യോഗിക വാര്‍ത്തകുറിപ്പ് പുറത്തിറക്കി.

ജൂബിലി വര്‍ഷത്തിന്റെ ആഘോഷത്തോടനുബന്ധിച്ച് 2025 ഫെബ്രുവരിയില്‍ ക്രൈസ്റ്റ് ദി കിംഗ് മെട്രോപ്പോളിറ്റന്‍ കത്തീഡ്രലില്‍വെച്ച് അതിരൂപതയുടെ ചരിത്രത്തിലെ ഈ സുപ്രധാന നിമിഷം ആഘോഷിക്കുമെന്നും മെത്രാപ്പോലീത്ത അറിയിച്ചിട്ടുണ്ട്.

ലൂര്‍ദ്ദില്‍ പതിനായിരകണക്കിന് അത്ഭുതങ്ങളും അടയാളങ്ങളും ഉണ്ടായിട്ടുണ്ടെങ്കിലും സഭ ഔദ്യോഗിക പഠനം നടത്തി അംഗീകരിച്ച് പ്രഖ്യാപിച്ച എഴുപത്തിയൊന്നാമത്തെ അത്ഭുതമാണ് ഇത്. വിശദമായ പഠനങ്ങള്‍ക്കു ശേഷമാണ് ഒരു അത്ഭുതത്തിന് സഭ അംഗീകാരം നല്‍കുന്നത്. മുപ്പതു വർഷത്തോളം തളർവാത രോഗിയായി നടക്കാൻ സാധിക്കാതിരുന്ന ബെര്‍ണര്‍ഡേട്ടെ മൊറിയോ എന്ന കന്യാസ്ത്രീയ്ക്കു ലൂര്‍ദ്ദില്‍ ലഭിച്ച അത്ഭുതസൗഖ്യത്തിനായിരിന്നു തിരുസഭ ഏറ്റവും അവസാനമായി അംഗീകാരം നല്‍കിയത്. 2018-ലായിരിന്നു ഇത്.

ലക്ഷങ്ങള്‍ സന്ദര്‍ശിക്കുന്ന അത്ഭുതങ്ങളുടെ വിളനിലമായ ലൂര്‍ദ് ‍

1858-ൽ വിശുദ്ധ ബെര്‍ണാഡെറ്റേക്കാണ് ആദ്യമായി ലൂർദിൽ പരിശുദ്ധ അമ്മയുടെ ദർശനം ലഭിക്കുന്നത്. പിന്നീട് പല തവണ പരിശുദ്ധ 'അമ്മ പ്രത്യക്ഷപ്പെടുകയും പാപികൾക്കുവേണ്ടി പ്രത്യേകം പ്രാർത്ഥിക്കണമെന്ന് അവളോട് ആവശ്യപ്പെടുകയും ചെയ്തു. ലൂർദ് മാതാവിന്റെ മധ്യസ്ഥതയാൽ അനേകർക്ക് അത്ഭുതരോഗശാന്തി ലഭിച്ചിട്ടുണ്ടെന്ന് ഇതിനോടകം തന്നെ നിരവധി പേർ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.

ഇന്ന് അനേകായിരങ്ങൾ സന്ദർശിക്കുന്ന ലോകത്തിലെ ഒരു വലിയ മരിയൻ തീർത്ഥാടന കേന്ദ്രമാണ് ലൂർദ്. പരിശുദ്ധ ദൈവമാതാവിന്റെ മധ്യസ്ഥതയില്‍ ലൂര്‍ദ്ദില്‍ നടക്കുന്ന അത്ഭുതങ്ങള്‍ ശാസ്ത്രത്തിന് വിശദീകരിക്കാന്‍ കഴിയാത്തതാണെന്ന്‌ എച്ച്‌ ഐ വി അടക്കം നിരവധി കണ്ടുപിടുത്തങ്ങള്‍ നടത്തിയ പ്രശസ്‌ത ശാസ്‌ത്രജ്ഞനും 2008ലെ നോബല്‍ സമ്മാന ജേതാവുമായ ഡോ. ലൂക്ക്‌ മൊണ്ടഗെനര്‍ 2017-ല്‍ അഭിപ്രായപ്പെട്ടിരിന്നു.

കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ?


Related Articles »