Faith And Reason

മുറിവേറ്റ മനസ്സുകള്‍ക്ക് ആശ്വാസം പകര്‍ന്ന് അമേരിക്കന്‍ സൈനീകരുടെ എട്ടാമത് ലൂര്‍ദ് തീര്‍ത്ഥാടനം

പ്രവാചകശബ്ദം 17-05-2022 - Tuesday

ലൂര്‍ദ് (ഫ്രാന്‍സ്): യുദ്ധങ്ങള്‍ സൈനീക മനസ്സുകളില്‍ ഏല്‍പ്പിച്ച അദൃശ്യമായ മുറിവുകള്‍ സ്മരിച്ചുക്കൊണ്ട് അറുപത്തിരണ്ടാമത് ഇന്റര്‍നാഷണല്‍ മിലിട്ടറി തീര്‍ത്ഥാടനത്തിന്റെ ഭാഗമായി പരിശുദ്ധ കന്യകാമാതാവിന്റെ പ്രത്യക്ഷീകരണം കൊണ്ട് പ്രസിദ്ധമായ ഫ്രാന്‍സിലെ ലൂര്‍ദ്ദ് ദേവാലയത്തിലേക്ക് അമേരിക്കന്‍ സൈനീകര്‍ വാര്‍ഷികം തീര്‍ത്ഥാടനം നടത്തി. മെയ് 10 മുതല്‍ നടത്തിയ എട്ടാമത് ‘വാരിയേഴ്സ് റ്റു ലൂര്‍ദ്ദ്സ്’ (ഡബ്യു.ടി.എല്‍) വാര്‍ഷിക തീര്‍ത്ഥാടനത്തിന് ഇന്നലെയാണ് വിജയകരമായ പരിസമാപ്തിയായത്. അമേരിക്കയില്‍ ഉദയം കൊണ്ട കത്തോലിക്ക സന്നദ്ധ സംഘടനയായ ‘ക്നൈറ്റ്സ് ഓഫ് കൊളംബസ്’ സ്പോണ്‍സര്‍ ചെയ്ത തീര്‍ത്ഥാടനത്തിന് ആര്‍ച്ച് ബിഷപ്പ് തിമോത്തി പി ബ്രോഗ്ലിയോ നേതൃത്വം നല്‍കി.

നിലവില്‍ സൈനീക സേവനം ചെയ്യുന്നവരും, മുന്‍ യുദ്ധവീരന്‍മാരും ഉള്‍പ്പെടെ 175 പേര്‍ ഇക്കൊല്ലത്തെ തീര്‍ത്ഥാടനത്തില്‍ പങ്കെടുത്തു. യുദ്ധം മനസ്സില്‍ ഏല്‍പ്പിച്ച മുറിവുകളുമായി കഴിയുന്ന നിരവധി സൈനീകര്‍ക്ക് തീര്‍ത്ഥാടനം ആത്മീയ രൂപീകരണത്തിനുള്ള അവസരമായിരുന്നുവെന്നും, ആദ്യം ദിവസം മുതല്‍ക്കേ തീര്‍ത്ഥാടനത്തിന്റെ ഫലങ്ങള്‍ അനുഭവഭേദ്യമായിത്തുടങ്ങിയെന്നും സൈനീകര്‍ സാക്ഷ്യപ്പെടുത്തി. കൊറോണ പകര്‍ച്ചവ്യാധിക്ക് ശേഷം നടക്കുന്ന ആദ്യത്തെ ‘ഇന്റര്‍നാഷണല്‍ മിലിട്ടറി തീര്‍ത്ഥാടനം’ ആയിരുന്നു ഇക്കൊല്ലത്തേത്. 42 വിവിധ രാജ്യങ്ങളില്‍ നിന്നായി ഏതാണ്ട് 10,300 സൈനീകര്‍ ഇക്കൊല്ലത്തെ തീര്‍ത്ഥാടനത്തില്‍ പങ്കെടുത്തു.

ഇംഗ്ലീഷിലുള്ള, കുര്‍ബാനയും, വിശ്വാസ കൂട്ടായ്മകളും തീര്‍ത്ഥാടനത്തിന്റെ ഭാഗമായിരുന്നു. ഇറാഖിലെ അമേരിക്കന്‍ സൈനീക നടപടിക്കിടയില്‍ ഭീകരമായ പല അനുഭവങ്ങള്‍ക്കും താന്‍ സാക്ഷ്യം വഹിച്ചിട്ടുണ്ടെന്നും, തന്നേപ്പോലെയുള്ളവര്‍ക്ക് ഈ തീര്‍ത്ഥാടനം ഒരു ആശ്വാസമാണെന്നും സിയാറ്റില്‍ മേഖലയില്‍ നിന്നുള്ള തീര്‍ത്ഥാടകര്‍ക്ക് നേതൃത്വം നല്‍കിയ മുന്‍ ആര്‍മി ഇന്റലിജന്‍സ് ഉദ്യോഗസ്ഥയായ ഡോരോത്തി പെര്‍കിന്‍സ് പറഞ്ഞു. ആത്മാവിന്റെ സൗഖ്യത്തില്‍ കൂദാശകള്‍ക്കു വലിയ പങ്കുണ്ടെന്ന് യു.എസ് മറീന്‍ കോര്‍പ്സില്‍ നിന്നും വിരമിച്ച കേണല്‍ ചാള്‍സ് എച്ച്. ഗല്ലിന പറഞ്ഞു. യുക്രൈന്‍ യുദ്ധം ഇക്കൊല്ലത്തെ തീര്‍ത്ഥാടനത്തിന്റെ നിയോഗമായിരുന്നു.

യുക്രൈന്‍ സൈനീകര്‍ക്ക് അയക്കുന്നതിനായി ലൂര്‍ദ്ദിലെ വിശുദ്ധ ജലവും, ജപമാലയും, മാതാവിനോടുള്ള പ്രാര്‍ത്ഥനയുടെയും, വാഴ്ത്തപ്പെട്ട മൈക്കേല്‍ മക്ഗിവ്നിയുടെ പ്രാര്‍ത്ഥനയുടേയും കാര്‍ഡുകളും അടങ്ങിയ മൂവായിരത്തോളം പ്രാര്‍ത്ഥനാകിറ്റുകള്‍ തീര്‍ത്ഥാടകര്‍ സമാഹരിച്ചു. രണ്ടാം ലോകമഹാ യുദ്ധത്തിന്റെ അന്ത്യത്തില്‍ ലോകത്ത് സമാധാനവും, അനുരജ്ഞനവും പുനസ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ ലൂര്‍ദ്ദിലെ മരിയന്‍ പ്രത്യക്ഷീകരണത്തിന്റെ നൂറാം വാര്‍ഷികമായ 1958-ലാണ് ഇന്റര്‍നാഷണല്‍ മിലിട്ടറി തീര്‍ത്ഥാടനത്തിന് ആരംഭം കുറിക്കുന്നത്.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »