India - 2024

മറിയത്തിന്റെ ദൈവ സ്തുതിഗീതം | ഉണ്ണീശോയെ സ്വന്തമാക്കാൻ 25 പ്രാർത്ഥനകൾ | പതിനൊന്നാം ദിനം

ഫാ. ജയ്സൺ കുന്നേൽ എം‌സി‌ബി‌എസ്/ പ്രവാചകശബ്ദം 11-12-2024 - Wednesday

വചനം: ‍

എന്റെ ചിത്തം എന്റെ രക്‌ഷകനായ ദൈവത്തില്‍ ആനന്‌ദിക്കുന്നു. അവിടുന്ന്‌ തന്റെ ദാസിയുടെ താഴ്‌മയെ കടാക്‌ഷിച്ചു. ഇപ്പോള്‍ മുതല്‍ സകല തലമുറകളും എന്നെ ഭാഗ്യവതി എന്നു പ്രകീര്‍ത്തിക്കും (ലൂക്കാ 1 : 47-48).

വിചിന്തനം: ‍

നസറത്തിൽ നിന്നുള്ള എളിയ പെൺകുട്ടിയായ മറിയത്തിന്റെ സ്‌തോത്രഗീതത്തെ ( ലൂക്കാ 1: 46-56) മനുഷ്യകുലത്തിന്റെ മുഴുവൻ സ്തുതിഗീതമായാണ് ഫ്രാൻസിസ് മാർപാപ്പ പഠിപ്പിക്കുക. ഉണ്ണിയേശുവിനെ ഉദരത്തിൽ സ്വീകരിച്ച മറിയം നടത്തുന്ന ഈ സ്‌തോത്രഗീതം ആഗമന കാലത്തിൻ്റെ ചൈതന്യമാണ്. ദൈവം എളിയ ദാസിയായ അവളെ സ്വപുത്രനു ഭൂമിയിൽ വാസമൊരുക്കാൻ തിരഞ്ഞെടുത്തതിൻ്റെ ആനന്ദവും ഉത്സാഹവും ഈ പ്രാർത്ഥനയിൽ ദർശിക്കാം. ദൈവം വ്യക്തിപരമായി സ്നേഹിക്കുന്ന ദൈവമാണന്നും, അവിടുന്നു തൻ്റെ മക്കളെ എല്ലാവരെയും ശ്രദ്ധിക്കുന്നുവെന്നും മറിയം പഠിപ്പിക്കുന്നു.

പ്രാർത്ഥന ‍

പിതാവേ, ആഗമന കാലത്തിന്റെ ഈ പുണ്യ ദിനത്തിൽ, ഞങ്ങളെ വ്യക്തിപരമായി ശ്രദ്ധിക്കുന്ന നിനക്കു ഞങ്ങൾ നന്ദി പറയുന്നു. ഞങ്ങളെ വ്യക്തിപരമായി നീ സ്നേഹിക്കുന്നു എന്നതിന്റെ സാക്ഷ്യപത്രമാണല്ലോ ഈശോയുടെ മനുഷ്യവതാരം. ഈശോയുള്ള വ്യക്തിപരമായ ബന്ധത്തിൽ, പ്രാർത്ഥതയിലൂടെയും വചന വായനയിലൂടെയും, പരിശുദ്ധാരൂപിയുടെ ചൈതന്യത്തിനടുത്ത ജീവിതത്തിലൂടെയും വളരാൻ ഞങ്ങളെ സഹായിക്കണമേ. നിത്യം പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശ്വരാ എന്നേക്കും. ആമ്മേൻ.

സുകൃതജപം ‍

എന്റെ ഹൃദയം, എന്റെ രക്ഷകനായ ഈശോയിൽ ആനന്ദിക്കുന്നു.

കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ?



Related Articles »