India - 2024
കേരള വനം നിയമ ഭേദഗതി ജനങ്ങളോടും നിയമ വാഴ്ചയോടുമുള്ള വെല്ലുവിളി: മാർ ജോർജ് മഠത്തിക്കണ്ടത്തിൽ
പ്രവാചകശബ്ദം 14-12-2024 - Saturday
കോതമംഗലം: വനംവകുപ്പിന് അനിയന്ത്രിതമായ അധികാരങ്ങൾ നൽകി ഫോറസ്റ്റ് ഗുണ്ടാരാജിന് വഴിയൊരുക്കുന്ന കേരള വനം നിയമ ഭേദഗതി ജനങ്ങളോടും നിയമ വാഴ്ചയോടുമുള്ള വെല്ലുവിളിയാണെന്ന് കോതമംഗലം ബിഷപ്പ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ. ഈ നിയമഭേദഗതിയിലൂടെ ജനജീവിതത്തെ ദുസഹമാക്കുന്നതിനുള്ള ഗൂഢപദ്ധതിയാണ് വനംവകുപ്പും ഭരണാധികാരികളും ചേർന്നു നടപ്പാക്കുന്നത്. ഫോറസ്റ്റ് ഡിപ്പാർട്ട്മെൻ്റിലെ ബീറ്റ് ഫോറസ്റ്റ് ഓഫീസർമാർക്കുപോലും വാറന്റില്ലാതെ ആരുടെ വീട്ടിലും എവിടെയും കയറി പരിശോധിക്കാനും അറസ്റ്റ് ചെയ്യാനുമുള്ള അനിയന്ത്രിതമായ അധികാരം നൽകുന്ന ഈ നിയമഭേദഗതി ദൂരവ്യാപകമായ മനുഷ്യാവകാശ ലംഘനങ്ങൾക്കു കാരണമാകുമെന്ന് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ ചൂണ്ടിക്കാട്ടി.
വനത്തോടുചേർന്നുള്ള പുഴകളിൽ പരിപൂർണ മീൻപിടിത്ത നിരോധനവും തദ്ദേശവാസികളുടെ എല്ലാവിധ അവകാശങ്ങളും ഹനിച്ചുകൊണ്ട് വനംവകുപ്പിന്റെ കൈപ്പി ടിയിൽ പുഴയും മറ്റു വനാതിർത്തി പ്രദേശങ്ങളും കൊണ്ടുവരുന്നതും പ്രകൃതിയുടെ യഥാർഥ സംരക്ഷകരായ സാധാരണക്കാർക്ക് വലിയ ബുദ്ധിമുട്ടുകൾ ഉണ്ടാക്കും. അ തിനുപുറമേ പോലീസിൻ്റെ അധികാരം വനംവകുപ്പിനു നൽകുന്നത് വനംരാജ് നടപ്പാക്കാനുള്ള ഗൂഢ തന്ത്രമാണ്. അതിനാൽ ഇതിൽനിന്നു സർക്കാർ അടിയന്തരമായി പിന്മാറണമെന്ന് ബിഷപ്പ് ആവശ്യപ്പെട്ടു.
നിലവിലുള്ള നിയമങ്ങൾ വനസംരക്ഷണത്തിനു പര്യാപ്‌തമാണ്. കേരളത്തിൽ ഓരോ വർഷവും വനവിസ്ത്യതി കൂടുന്നുവെന്നുള്ളത് പഠനങ്ങൾ തെളിയിക്കുന്ന കാര്യ മാണ്. തന്നെയുമല്ല വനം നിയമ പരിഷ്‌കരണം ഉണ്ടാകുമ്പോൾ ഇക്കാലത്തെ അടിയന്തര പ്രശ്നമായ വന്യജീവി ആക്രമണം നിയന്ത്രിക്കാനോ ദുരിതം പേറുന്ന ജനതയെ സംരക്ഷിക്കാനോ ഉള്ള ഒരു ശിപാർശയുമില്ല എന്നുള്ളത് ആശങ്കപ്പെടുത്തുന്നു. ഗസറ്റിൽ വരുന്നതിനുമുമ്പേ 140 എംഎൽഎമാർക്കും ഈ ബില്ലിൻ്റെ കോപ്പി ലഭിച്ചിട്ടുണ്ടാകണം.
എന്നിട്ടും ഒരു പ്രതിഷേധക്കുറിപ്പ് എഴുതാൻപോലും ഒരു എംഎൽഎയ്ക്കും കഴിഞ്ഞില്ല എന്നുള്ളത് ഭരണ - പ്രതിപക്ഷത്തിന്റെ ജനവിരുദ്ധതയുടെ അടയാളമാണ്. വനവിസ്തൃതി കൂട്ടി ജനങ്ങളെ ദുരിതത്തിലാഴ്ത്തുന്ന ഈ നിലപാട് ഉപേക്ഷിച്ചില്ലെങ്കിൽ ജനം കൂടെയുണ്ടാകില്ല. ജനവിരുദ്ധമായ നിയമങ്ങൾ അടിച്ചേൽപ്പിച്ച് മലയോര ജനതയെ ദ്രോഹിക്കാനാണു സർക്കാരിന്റെ ഭാവമെങ്കിൽ ജനപക്ഷത്തു നിന്ന് ശക്തമായ പ്രതിഷേധത്തിന് നേതൃത്വം നൽകുമെന്നും മാർ ജോർജ് മഠത്തിക്കണ്ടത്തിൽ മുന്നറിയിപ്പു നൽകി.