News

ഓട്ടോമന്‍ ഭരണാധികാരികള്‍ നടത്തിയ ക്രൂരമായ അർമേനിയൻ ക്രൈസ്തവ വംശഹത്യ | ലേഖനപരമ്പര 14

ഡോ. ജോര്‍ജ്ജ് കടൂപ്പാറയില്‍ / പ്രവാചകശബ്ദം 15-12-2024 - Sunday

തുർക്കിയിലെ ഓട്ടോമൻ മുസ്ലിം ഭരണകൂടം തങ്ങളുടെ സാമ്രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടായിരുന്ന ക്രിസ്‌ത്യാനികളെ ഇല്ലായ്മ‌ ചെയ്യാൻ ആസൂത്രിതവും സംഘടിതവുമായി നടത്തിയ വംശഹത്യകൾ ലോകചരിത്രത്തിൽ കറുത്ത ഏടുകളിൽ രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു. പ്രധാനമായും മൂന്നു വംശഹത്യകളാണ് തുർക്കി നടപ്പിലാക്കിയത്: അർമേനിയൻ വംശഹത്യ, അസീറിയൻ വംശഹത്യ, ഗ്രീക്ക് വംശഹത്യ, ബൾഗേറിയൻ കൂട്ടക്കൊലയും മൗണ്ട് ലെബനോനിലെ കൃത്രിമക്ഷാമം സൃഷ്‌ടിച്ച മരണങ്ങളും വംശഹത്യയെന്നു വിശേഷിപ്പിക്കാവുന്ന ചരിത്രസംഭവങ്ങളാണ്. ക്രിസ്‌ത്യാനികളെ തങ്ങളുടെ സാമ്രാജ്യത്തിൽനിന്ന് ഉന്മൂലനം ചെയ്യാൻ തുർക്കി നടത്തിയ വംശഹത്യകളുടെ വിശദാംശങ്ങളിലേക്ക് കടക്കാം.

1. അർമേനിയൻ വംശഹത്യ (1914-1923) ‍

തുർക്കിയിലെ ഇസ്ലാമിക ഭരണകൂടം, അവരുടെ രാജ്യത്തുണ്ടായിരുന്ന 15 ലക്ഷത്തിലധികം അർമേനിയൻ ക്രിസ്‌ത്യാനികളെ 1914-നും 1923-നുമിടയിൽ നിഷ്‌ഠൂരമായ രീതിയിൽ കൊന്നൊടുക്കിയതിനെയാണ് അർമേനിയൻ വംശഹത്യ എന്നു വിളിക്കുന്നത്. ആസൂത്രിതമായ ഈ വംശഹത്യയ്ക്കു മുമ്പുതന്നെ തുർക്കി, ക്രിസ്ത്യാനികളുടെ മേലുള്ള പീഡനം ആരംഭിച്ചിരുന്നു. പതിനാറാം നൂറ്റാണ്ടിൽ ഓട്ടോമൻ തുർക്കികൾ അർമേനിയൻ ക്രിസ്ത്യാനികളുടെ പ്രദേശം കീഴടക്കിയതോടെയാണ് പീഡനങ്ങളുടെ തുടക്കം. ആദ്യ കാലങ്ങളിൽ ചെറിയ തോതിൽ സ്വാതന്ത്ര്യം അനുവദിച്ചിരുന്നെങ്കിലും 'അവിശ്വാസികൾ' (infidels) ആയിട്ടാണ് ക്രിസ്‌ത്യാനികളെ അവർ കണക്കാക്കിയിരുന്നത്. പത്തൊൻപതാം നൂറ്റാണ്ടായപ്പോൾ പീഡനങ്ങളുടെ അളവ് വർദ്ധിച്ചു. അതിനെതുടർന്നാണ് 1894 മുതൽ 1896 വരെ ക്രൂരമായ ഹമീദിയൻ കൂട്ടക്കൊല അരങ്ങേറിയത്. അതിനാൽ അർമേനിയൻ വംശഹത്യയെക്കുറിച്ച് അറിയും മുമ്പേ ഹമീദിയൻ കൂട്ടക്കൊലയെക്കുറിച്ച് അറിയേണ്ടതുണ്ട്.

ഹമീദിയൻ വംശഹത്യ (1894-1896) ‍

തുർക്കികളും കുർദ്ദുകളും ചേർന്ന് ഓട്ടോമൻ സാമ്രാജ്യത്തിലെ അർമേനിയൻ ക്രിസ്‌ത്യാനികൾക്കെതിരെ 1894-നും 1896-നും ഇടയ്ക്ക് നടത്തിയ വിവിധ കൂട്ടക്കൊലകളാണ് ഹമീദിയൻ കൂട്ടക്കൊല എന്ന് അറിയപ്പെടുന്നത്. അന്നത്തെ ഓട്ടോമൻ സുൽത്താനായിരുന്ന അബ്ദുൾ ഹമീദ് രണ്ടാമന്റെ ഉത്തരവിൻ പ്രകാരം ഇതു നടത്തിയതിനാലാണ് ഹമീദിയൻ കൂട്ടക്കൊല എന്ന് ഇതിനു പേരു വന്നത്.

ജന്മനാട്ടിൽ അടിമകളെപ്പോലെ കഴിയേണ്ടിവന്ന അർമേനിയക്കാരുടെ ദേശീയബോധം ഉടലെടുത്ത പശ്ചാത്തലത്തിലായിരുന്നു ഈ ആക്രമണങ്ങൾ. ആദ്യം അർമേനിയക്കാരുടെമേൽ ചില പ്രത്യേക നികുതികൾ ഏർപ്പെടുത്തി. പക്ഷേ, അത് അടയ്ക്കാൻ സാസുൺ പ്രദേശത്തെ അർമേനിയക്കാർ വിസമ്മതിച്ചതോടെ തുർക്കികളും കുർദ്ദുകളും അവരുടെമേൽ ക്രൂരമായ ആക്രമണം അഴിച്ചുവിട്ടു. അവരുടെ ഗ്രാമങ്ങൾ കത്തിക്കുകയും ആയിരക്കണക്കിന് അർമേനിയക്കാരെ കൊല്ലുകയും ചെയ്‌തു. 1894-ലാണ് ഇത് നടന്നത്.

1895 സെപ്റ്റംബറിൽ, ഇസ്‌താംബൂളിൽ നടന്ന ഒരു പ്രതിഷേധ പ്രകടനത്തെ തുടർന്ന് നിരവധി കൂട്ടക്കൊലകൾ അരങ്ങേറി. 1895 ഡിസംബറിൽ അതു മൂർദ്ധന്യാവസ്ഥയിലെത്തി. ഉർഫാ കത്തീഡ്രലിൽ അഭയം തേടിയ 3,000 അർമേനിയൻ ക്രിസ്ത്യാനികളെ മുസ്ലീം ഭരണകൂടം ജീവനോടെ ചുട്ടെരിച്ചതാണ് അവയിൽ ഏറ്റവും ഭീകരമായത്.

ഉർഫാ (സർലിഉർഫാ) നഗരത്തിൻ്റെ പഴയ പേര് ഏദേസ എന്നായിരുന്നു; സുറിയാനി ക്രിസ്‌ത്യാനികളുടെ ഏറ്റവും പ്രധാനപ്പെട്ട നഗരങ്ങളിലൊന്ന്. അർമേനിയൻ അക്ഷരമാല കണ്ടുപിടിച്ചത് ഈ നഗരത്തിലാണ് എന്നു കരുതപ്പെടുന്നു. അവിടുത്തെ പ്രസിദ്ധമായ വി. പത്രോസിന്റെയും വി. പൗലോസിൻ്റെയും പേരിലുള്ള അസീറിയൻ ദൈവാലയം ഇപ്പോൾ ഇസ്ലാമിൻ്റെ ഹാരാൻ യൂണിവേഴ്സിറ്റിയാണ്. ഒരു കാലത്ത് ഉർഫാ നഗരത്തിൽ ഏകദേശം മുന്നൂറോളം ക്രിസ്ത‌്യൻ ദേവാലയങ്ങളും ആശ്രമങ്ങളും ഉണ്ടായിരുന്നു. ഇന്ന് അവയിൽ ഒന്നുമില്ല; എല്ലാം നശിപ്പിക്കപ്പെട്ടിരിക്കുന്നു. പകരം എല്ലായിടത്തും മോസ്‌കുകളാണ്. കൊറീണ ഷട്ടക് (Corinna Shattuck) എന്ന അമേരിക്കൻ വിദ്യാഭ്യാസ മിഷനറി പ്രവർത്തക, അക്രമാസക്തരായ മുസ്ലീം ജനക്കൂട്ടത്തിനു മുമ്പിൽനിന്ന് അമേരിക്കൻ പതാക ഉയർത്തിപ്പിടിച്ച്, അന്നത്തെ ആക്രമണങ്ങൾക്കിടയിൽ അർമേനിയൻ സ്ത്രീകളെയും കുട്ടികളെയും രക്ഷപ്പെടുത്തിയ ചരിത്രം പ്രസിദ്ധമാണ്.

അർമേനിയൻ വംശഹത്യയുടെ തുടക്കം ‍

വംശഹത്യ നേരിടുന്നതിനുമുമ്പ് സാമ്പത്തികമായി വളരെയധികം ഉയർന്ന നിലയിലായിരുന്നു അർമേനിയക്കാർ. അർമേനിയൻ പാർലമെൻ്റേറിയനും എഴുത്തുകാരനുമായ ക്രിക്കോർ സൊഹാറബ് 1913-ൽ ഇങ്ങനെ എഴുതിയിരിക്കുന്നു: “തുർക്കിയിൽനിന്ന് ഇറക്കുമതി ചെയ്യുന്നവരിലെ 166 പേരിൽ 141 പേരും അർമേനിയക്കാരാണ്. തുർക്കികൾ 13 മാത്രം. 9800 വ്യാപാരശാലകളിൽ 6,800 അർമേനിയക്കാരുടേതും 2550 എണ്ണം തുർക്കികളുടേതും. 150 കയറ്റുമതിക്കാരിൽ 127 അർമേനിയക്കാരും 23 തുർക്കികളും. 153 വ്യവസായികളിൽ 130 അർമേനിയക്കാരും 20 തുർക്കികളും. 37 ബാങ്കുകാരിൽ 32 പേർ അർമേനിയക്കാർ''. ഇത്രയും സാമ്പത്തിക ഭദ്രതയുള്ളവരായിരുന്നു അർമേനിയക്കാർ. ഇതിനിടയിൽ സംഭവിച്ച മൂന്നു പ്രധാന സംഭവങ്ങൾ അർമേനിയൻ വംശഹത്യയിലേക്കു നയിച്ചു.

1. 1912-1913 കാലഘട്ടത്തിൽ നടന്ന ബാൽക്കൺ യുദ്ധത്തിലെ തുർക്കിയുടെ പരാജയവും ഭൂപ്രദേശം നഷ്ടപ്പെടലും.

2. യുവതുർക്കികൾ നടത്തിയ പട്ടാളഭരണ അട്ടിമറി.

3. ഒന്നാം ലോകമഹായുദ്ധത്തിന്റെ ആരംഭം. ‍


അർമേനിയക്കാർ ബാൽക്കൺ യുദ്ധത്തിൽ ശത്രുപക്ഷത്തിൻ്റെ ഒപ്പമായിരുന്നു എന്നു യുവതുർക്കികൾ പ്രചരിപ്പിക്കുകയും അത് അർമേനിയക്കാരോടുള്ള വലിയ വിദ്വേഷത്തിൽ കലാശിക്കുകയും ചെയ്തു. താലാത്ത്, എൻവർ എന്നീ രണ്ടുപേരുടെ നേതൃത്വത്തിൽ 50 പേരുടെ ഒരു ഗ്രൂപ്പായിരുന്നു യുവതുർക്കികളുടെ ഭരണം നിയന്ത്രിച്ചിരുന്നത്. അവർക്കിടയിലുള്ള വൈരാഗ്യവും അവർ ക്രിസ്‌ത്യാനികളുടെമേൽ തീർത്തു. ബാൽക്കൺ യുദ്ധത്തിൽ നഷ്ടപ്പെട്ടതെല്ലാം ഒന്നാം ലോകമഹായുദ്ധത്തിൽ തിരിച്ചുപിടിക്കാമെന്നു തുർക്കികൾ വ്യാമോഹിച്ചു. യുദ്ധത്തിന്റെ മറവിൽ രാജ്യത്തിനുള്ളിലെ ക്രിസ്‌ത്യാനികളെ ഇല്ലാതാക്കാനും അവർ പദ്ധതിയിട്ടു.

വംശഹത്യയുടെ രീതി ‍

വർഷങ്ങളോളം നീണ്ടു നിന്ന ആസൂത്രിതമായ കൂട്ടക്കൊലപാതകങ്ങളും നശിപ്പിക്കലുകളും സ്വത്തു തട്ടിയെടുക്കലുകളും നാടുകടത്തലുകളും ക്രൂരമർദ്ദനങ്ങളും ചുട്ടെരിക്കലുകളും കലാപം അഴിച്ചു വിടലും കൃത്രിമക്ഷാമം സൃഷ്ടിക്കലുകളുമെല്ലാം ചേർന്നതായിരുന്നു അർമേനിയൻ വംശഹത്യ.

1. ബൗദ്ധിക-സാംസ്‌കാരിക നേതാക്കന്മാരെ ഇല്ലായ്‌മ ചെയ്യൽ ‍

തുർക്കിയിലെ മുസ്ലീം നേതൃത്വം ആദ്യം ചെയ്തത് അർമേനിയൻ ബൗദ്ധിക-സാംസ്‌കാരിക നേതാക്കന്മാരെ അറസ്റ്റ് ചെയ്യുക എന്നതായിരുന്നു. 1915 ഏപ്രിൽ 24-ന് തുർക്കിയുടെ വിശാല സാമ്രാജ്യത്തിന്റെ എല്ലാ ഭാഗത്തുനിന്നുമുള്ള 'ഇന്റലക്‌ചൽസിനെയും' അറസ്റ്റ് ചെയ്തു. മെയ് 30-നു നടന്ന 'ദിയാർബെകിർ കൂട്ടക്കൊല' അത്തരം അറസ്റ്റുകൾക്കുശേഷം നടന്നതാണ്. 636 അർമേനിയൻ സാംസ്ക്കാരിക-ബൗദ്ധിക -രാഷ്ട്രീയനായകരെ ദിയാർബെകിർ പട്ടണത്തിൽ കൊണ്ടുവന്നു. ആ കൂട്ടത്തിൽ ഒരു മെത്രാനും ഉണ്ടായിരുന്നു.

അവിടെനിന്നു ടൈഗ്രിസ് നദി വഴി അവരെ കൊണ്ടുപോകും വഴി പട്ടാളക്കാർ അവരുടെ കയ്യിലുണ്ടായിരുന്ന പണം തട്ടിയെടുത്തു. ആറു പേരുള്ള ഗ്രൂപ്പുകളായി തിരിച്ച്, വസ്ത്രങ്ങൾ ഉരിഞ്ഞെടുത്ത്, കോടാലി, കഠാര, തോക്ക് എന്നിവ ഉപയോഗിച്ച് അവരെല്ലാവരെയും കൊന്നു. ശവശരീരങ്ങൾ നദിയിൽ തള്ളി. ബൗദ്ധിക സാംസ്കാരിക-രാഷ്ട്രീയ നേതാക്കളെ കൂട്ടത്തോടെ കൊന്നൊടുക്കി അർമേനിയക്കാർക്കിടയിൽ നേതാക്കന്മാരെ ഇല്ലാതാക്കുകയായിരുന്നു തുർക്കികളുടെ ലക്ഷ്യം.

2. ചതിയിലൂടെ സമ്പത്ത് കൈക്കലാക്കൽ ‍

ആധുനികകാലത്ത് നടന്ന ഏറ്റവും വലിയ സാമ്പത്തിക കൊള്ള നടന്നത് തുർക്കിയിലാണ്. അർമേനിയക്കാരുടെ സമ്പത്ത്, ഭവനങ്ങൾ, വ്യാപാരസ്ഥാപനങ്ങൾ തുടങ്ങിയവയെല്ലാം തുർക്കികൾ നിയമംവഴി തട്ടിയെടുത്തു. 1915 ജൂൺ 10-ന് തുർക്കി ഗവണ്മെന്റ് പാസ്സാക്കിയ 'Abandoned Property Commission' ലൂടെ അർമേനിയാക്കാരുടെ എല്ലാ സ്വത്തുക്കളും ഗവൺമെൻ്റിൻ്റേതായി മാറി. ജൂൺ 15-ന് ഇറങ്ങിയ ഗവൺമെൻ്റ് കുറിപ്പ് ഇപ്രകാരമായിരുന്നു;

"നിങ്ങളുടെ എല്ലാ സ്വത്തുക്കളും ഉപേക്ഷിക്കുക; ഫർണീച്ചറുകളും മറ്റു വസ്തുക്കളുമെല്ലാം. നിങ്ങളുടെ വ്യവസായ സ്ഥാപനങ്ങളും കടകളുമെല്ലാം, എല്ലാ സാധനങ്ങളും ഉള്ളിൽവച്ച് അടച്ചുപൂട്ടുക. പ്രത്യേക അടയാളത്താൽ നിങ്ങളുടെ വാതിലുകൾ മുദ്ര ചെയ്യപ്പെടും. നിങ്ങൾ തിരിച്ചുവരുമ്പോൾ നിങ്ങൾക്ക് എല്ലാം ലഭിക്കും. വസ്‌തുക്കളൊന്നും വില്ക്കാൻ പാടില്ല. നിങ്ങളുടെ കയ്യിലുള്ള പണം, വിദേശത്തുള്ള നിങ്ങളുടെ ബന്ധുവിൻ്റെ പേരിൽ ബാങ്കിൽ നിക്ഷേപിക്കും. ഇത് എല്ലാം നടപ്പിലാക്കാൻ 10 ദിവസങ്ങൾ നിങ്ങൾക്കു നല്‌കുന്നു". ഇതെത്തുടർന്ന് നിർബന്ധിത പലായനം ചെയ്യിക്കൽ ആയിരുന്നു.

3. നിർബന്ധിത പലായനം ‍

അർമേനിയക്കാർ മുഴുവനെയും അവർ സിറിയൻ മരുഭൂമിയിലേക്ക് കൊണ്ടുപോയി. പോകാനുള്ള ഒരുക്കത്തിന് ഭൂരിഭാഗം അർമേനിയക്കാർക്കും ഒട്ടും സമയം ലഭിച്ചില്ല. എർസുരും എന്ന പട്ടണത്തിൽ നിന്നുള്ള ഒരു ദൃശ്യം ഇങ്ങനെയാണ്: "40,000 അർമേനിയക്കാരാണ് ഇവിടെനിന്നു നിർബന്ധിത പലായനത്തിന് വിധേയരാക്കപ്പെട്ടത്. എന്തിനുവേണ്ടിയാണ് തങ്ങളെ കൊണ്ടു പോകുന്നതെന്ന് അവർക്ക് അറിയില്ലായിരുന്നു. അതിർത്തിയിൽ എത്തുംമുമ്പേ പലരും തളർന്നു വീണു മരിച്ചു. ക്രെമാ എന്ന പട്ടണത്തിലെത്തിയപ്പോൾ നിരവധിപ്പേരെ വാളിനിരയാക്കി, യൂഫ്രട്ടീസ് നദിയിൽ തള്ളി. ദെർ-എ-സാർ പട്ടണത്തിലെത്തിയപ്പോൾ കേവലം 200 പേർ മാത്രമേ അവശേഷിച്ചിരുന്നുള്ളൂ. 99.30 ശതമാനം മരണം!"

സിറിയൻ മരുഭൂമിയിൽ അർമേനിയക്കാരെ ഉപേക്ഷിക്കാനായിരുന്നു തുർക്കിയുടെ നീക്കം. അതിനായി, ചുട്ടു പൊള്ളുന്ന വെയിലിൽ ആയിരത്തിലധികം കിലോമീറ്ററുകൾ അർമേനിയക്കാരെ കാല്‍ നടയായി കൊണ്ടുപോയി. കുതിരപ്പുറത്ത് തുർക്കി പട്ടാളക്കാർ അവരെ അനുഗമിച്ചു. യാത്രക്കിടയിൽ പെൺകുഞ്ഞുങ്ങളെയടക്കം അവർ ലൈംഗികപീഡനത്തിന് ഇരയാക്കി. പല സ്ത്രീകളും കുട്ടികളെയുംകൊണ്ട് പാലങ്ങളിൽനിന്നു ചാടി മരിച്ചു. മരുഭൂമിയുടെ നടുക്കെത്തിയപ്പോൾ പട്ടാളക്കാർ തിരിച്ചുപോയി. വിശപ്പും ദാഹവും സഹിക്കാനാവാതെ ചുട്ടു പൊള്ളുന്ന സിറിയൻ മരുഭൂമിയിൽ ആ അർമേനിയൻ ക്രിസ്ത്യാനികൾ പിടഞ്ഞുവീണു മരിച്ചു.

4. അർമേനിയൻ സ്വത്വം നശിപ്പിക്കൽ ‍

അർമേനിയൻ സ്വത്വം നശിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ബോധപൂർവകമായ നടപടികൾ തുർക്കി ആരംഭിച്ചു. സ്ത്രീകളെയും കുട്ടികളെയും നിർബന്ധപൂർവം ഇസ്ലാംമതത്തിലേക്ക് പരിവർത്തനം ചെയ്തത് ഇതിന്റെ ഭാഗമായായിരുന്നു. പതിനായിരക്കണക്കിനു സ്ത്രീകളെയും കുട്ടികളെയും തട്ടിക്കൊണ്ടു പോയി മതപരിവർത്തനം നടത്തിച്ചിട്ടുണ്ട്. കൊൻയാ, ബെയ്റൂട്ട് എന്നീ പട്ടണങ്ങളിലെ വലിയ മുസ്ലീം അനാഥാലയങ്ങളിലേക്ക് അനേകായിരം അർമേനിയൻ കുട്ടികൾ മാറ്റപ്പെട്ടു. അവിടെ അവർ മുസ്ലീംകുട്ടികളായി വളർന്നുവന്നു. അവർക്ക് തുർക്കിഷ് പേരുകൾ നല്‌കുകയും തുർക്കിഷ് ഭാഷ മാത്രം പഠിപ്പിക്കുകയും ചെയ്തു. അർമേനിയൻ പൊതുബോധം നശിപ്പിക്കുന്ന പ്രക്രിയയായിരുന്നു ഇത്. സ്ത്രീകളെ അടിമകളാക്കി, അവരിൽനിന്നു ജനിച്ച കുട്ടികൾ പിന്നീ മുസ്ലീങ്ങളായി വളർത്തപ്പെട്ടു.

5. സാംസ്ക‌ാരിക പൈതൃകം നശിപ്പിക്കൽ ‍

അർമേനിയക്കാരുടേതായിരുന്ന സാംസ്‌കാരിക പൈതൃക നിർമ്മിതികൾ ഇല്ലാതാക്കുകയായിരുന്നു അടുത്ത പടി. തുർക്കി മുസ്ലീങ്ങൾ അർമേനിയൻ ദൈവാലയങ്ങൾ നശിപ്പിച്ചു. പുസ്‌തകങ്ങൾക്ക് തീയിട്ടു. കെട്ടിടങ്ങളിലെ അർമേനിയൻ ബോർഡുകൾ നീക്കം ചെയ്തു. അർമേനിയൻ മതത്തിൻ്റെയോ സംസ്കാരത്തിന്റെയോ ഒരു തരിപോലും അവശേഷിപ്പിക്കില്ല എന്നതായിരുന്നു അവരുടെ തീരുമാനം. അർമേനിയൻ ദേവാലയങ്ങളും ആശ്രമങ്ങളും ലൈബ്രറികളും പൂർണമായി നശിപ്പിക്കപ്പെട്ടു.

1914-ൽ അർമേനിയൻ സമൂഹത്തിന് 2,600 പള്ളികളും 450 ആശ്രമങ്ങളും 2,000 സ്‌കൂളുകളും ഉണ്ടായിരുന്നു. വംശഹത്യയുടെ അവസാനമെത്തിയപ്പോഴേക്കും ഏകദേശം 3,000 അർമേനിയൻ വാസസ്ഥലങ്ങളിൽ (ഗ്രാമങ്ങൾ, പട്ടണങ്ങൾ) ഒരു അർമേനിയക്കാരൻപോലും ഇല്ലാതായി. ഇന്ന്, ഇസ്‌താംബൂളിലൊഴിച്ച് തുർക്കിയിൽ മറ്റൊരിടത്തും അർമേനിയക്കാർ ഇല്ല. ഇപ്പോൾ അർമേനിയൻ സമൂഹത്തിന് തുർക്കിയിൽ 35 പള്ളികൾ മാത്രമാണുള്ളത്; ഒരൊറ്റ സ്കൂളും ആശ്രമവും പൂർണമായി സ്വതന്ത്രമല്ല.

6. ദൃക്സാക്ഷിയുടെ വിവരണം ‍

അർമേനിയൻ വംശഹത്യയ്ക്കു നേർസാക്ഷ്യം വഹിച്ച പലരും അവരുടെ അനുഭവം ഭാവിതലമുറയ്ക്കായി രേഖപ്പെടുത്തി വച്ചിട്ടുണ്ട്. അവരുടെയും വംശഹത്യയെ അതിജീവിച്ചവരുടെയും വിവരണങ്ങൾ വഴിയാണ് അർമേനിയൻ ജനത അനുഭവിച്ച ക്രൂരതയുടെ ഒരംശമെങ്കിലും പുറംലോകം അറിയാനിടയായത്.

അതിൽ മരിയ ജോക്കോബ്സൺ (1882-1960) എന്ന ഡാനിഷ് മിഷ്ണറിയുടെ 'ഒരു ഡാനിഷ് മിഷ്ണറിയുടെ ഡയറിക്കുറിപ്പുകൾ" എന്ന പുസ്‌തകം പ്രസിദ്ധമാണ്. 1915 ജൂൺ 26-ന് അർമേനിയക്കാരുടെ നിർബന്ധിത പലായനം ആരംഭിച്ചപ്പോൾ അവർ ഡയറിയിൽ എഴുതി: “ഈ നിർബന്ധിത പലായനത്തിൻ്റെ ലക്ഷ്യം അർമേനിയക്കാരെ ഉന്മൂലനം ചെയ്യുക എന്നതാണ്. 20 വർഷങ്ങൾക്കുമുമ്പു നടന്ന കൂട്ടക്കൊലയുടെ (ഹമീദിയൻ കൂട്ടക്കൊല) സമയത്തുണ്ടായിരുന്ന സാഹചര്യങ്ങൾ ഇപ്പോൾ പൂർണമായും മാറിയിരിക്കുന്നു. അന്നു തുർക്കികൾക്ക് അസാധ്യമായത് ഇന്നു സാധ്യമാണ്.

യൂറോപ്പിൽ ഉയരുന്ന യുദ്ധത്തിൻ്റെ ഭീകരത തുർക്കിക്ക് നന്നായി അറിയാം. അർമേനിയക്കാരെ രക്ഷിക്കാൻ പറ്റാത്തത്ര തിരക്കിലാണ് യൂറോപ്യൻ ക്രിസ്‌ത്യൻ രാജ്യങ്ങൾ. ആയതിനാൽ തുർക്കി അവരുടെ 'ശത്രുക്കളെ' ഉന്മൂലനം ചെയ്യാൻ ഈ അവസരം നന്നായി ഉപയോഗിക്കുകയാണ്."

തുർക്കി പട്ടാളക്കാർ ഒരിക്കൽ തന്നോടു ചോദിച്ച ചോദ്യവും മരിയ ഡയറിയിൽ എഴുതിയിരിക്കുന്നു: “നിങ്ങളെന്തിനാണ് ഈ ജനങ്ങൾക്ക് പണവും ഭക്ഷണവും നൽകുന്നത്? അവർ കൊല്ലപ്പെടാൻവേണ്ടി മാത്രമാണ് മലമുകളിലേക്കു പോകുന്നത്."

ജൂലൈ 6-ന് മരിയ ജാക്കോബ്സണും മറ്റൊരു ഡാനിഷ് മിഷ്ണറിയായ റ്റാസി അറ്റ്കിൻസണും (Tacy Atkinson) മലയിടുക്കിൽ വച്ചു കൂട്ടക്കൊലചെയ്യപ്പെട്ട 800 പുരുഷന്മാരെക്കുറിച്ച് വിവരിക്കുന്നുണ്ട്. 13 വയസ്സിനു മുകളിൽ പ്രായമുള്ള ആണുങ്ങളെയാണ് അറസ്റ്റ് ചെയ്തതും പിന്നീട് വധിച്ചതും. ഒമ്പതു വയസ്സിനു മുകളിൽ പ്രായമുള്ള ആൺകുട്ടികളെ കുർദ്ദുകളും ഒരു പട്ടാളവിഭാഗവും ചേർന്ന് മോസ്കിലേക്കു കയറ്റി. 'രക്തത്തിൽ കുതിർന്ന വസ്ത്രവുമായിട്ടായിരുന്നു അവർ തിരിച്ചിറങ്ങിയത്.'

പുരുഷന്മാരെ കൊന്നൊടുക്കുകയും സ്ത്രീകളെ പിടിച്ചുകൊണ്ടു പോവുകയും ചെയ്‌തപ്പോൾ പതിനായിരക്കണക്കിന് കുട്ടികൾ അനാഥരാക്കപ്പെട്ടു. താമസിക്കാൻ ഇടവും ഭക്ഷണവും ഇല്ലാതിരുന്ന അവരെയും അവർ ക്രമേണ ഇല്ലാതാക്കി.

മരിയ വിവരണം തുടരുന്നു: 'ഇവിടെയുള്ള എല്ലാ കുട്ടികളും വിശന്ന് മരിച്ചുപോകുമെന്നു ഞങ്ങൾ ഭയന്നു. ഓരോ ദിവസവും വിശന്നു വലഞ്ഞ കുട്ടികളുടെ കൂട്ടങ്ങൾ ഞങ്ങളുടെ കെട്ടിടത്തിന്റെ മുമ്പിൽ വന്നു ഭക്ഷണത്തിനും പാർപ്പിട സൗകര്യത്തിനുമായി കെഞ്ചി. പക്ഷേ, എനിക്കെന്തു നല്‌കാനാകും? എൻ്റെ കയ്യിലുള്ളതെല്ലാം കൊടുത്തിരുന്നു. അവർക്കായി നൽകാൻ പുതുതായി ഒന്നുമില്ലായിരുന്നു.

ഒരു ദിവസം പുതുതായി വന്നെത്തിയ കുട്ടികളുടെ കൂട്ടത്തിൽ ഒരു പതിമൂന്നു വയസ്സുകാരൻ ഉണ്ടായിരുന്നു. ഞാൻ നോക്കിയപ്പോൾ അവന് മറ്റു കുട്ടികളുടെ ഒപ്പം ക്ഷീണമുള്ളതായി തോന്നിയില്ല. അതിനാൽ ഞാൻ അവനോട് പറഞ്ഞു: “നിന്നേക്കാളും മോശം അവസ്ഥയിലുള്ള നിരവധി കുട്ടികൾ ഉള്ളതിനാൽ നിന്നെ ഇവിടെ എടുക്കാൻ പറ്റില്ല.' അന്നു വൈകിട്ട് ഞാൻ അടുക്കളയിൽ ചെന്നപ്പോൾ അടുപ്പിലെ ചാരത്തിൽ പൊതിഞ്ഞ് ഒരു കുട്ടി മരിച്ചുകിടക്കുന്നതാണു കണ്ടത്! ജീവിതത്തിൽ പിന്നീടൊരിക്കലും എനിക്ക് ചിരിക്കാൻ കഴിയില്ലായെന്ന് അന്നെനിക്കു തോന്നി. ഓരോ ദിവസവും വിശപ്പുമൂലം പത്തും പതിനഞ്ചും കുട്ടികൾ മരിച്ചുവീണിരുന്നു.

നിർബന്ധിത പലായനത്തിനു വിധിക്കപ്പെട്ടവരെക്കുറിച്ച് മരിയ ഇങ്ങനെയാണ് എഴുതിയത്: “അവരെ കണ്ടാൽ മനുഷ്യരാണെന്നു പോലും പറയില്ല. മൃഗങ്ങളെപ്പോലും ഈ അവസ്ഥയിൽ നമ്മൾ കണ്ടിട്ടുണ്ടാവില്ല. ഈ സ്ഥിതിയിൽ മരണം എന്നത് അവരോട് കാണിക്കാവുന്ന ദയയാണ്."

അക്കാലത്തെ ഓട്ടോമൻ സാമ്രാജ്യത്തിലെ അമേരിക്കൻ അംബാസഡർ ഹെൻറി മോർഗെൻ (Henry Morgenthanu 18 1946) തുർക്കി നടത്തുന്ന വംശഹത്യയെക്കുറിച്ച് സംബന്ധിച്ചു റിപ്പോർട്ടുകൾ വാഷിംഗ്‌ടണിലേക്ക് അയച്ചിരുന്നു. 'ഒരു വംശത്തെ ഇല്ലാതാക്കാനുള്ള ശ്രമമാണ് പുരോഗമിക്കുന്നത്' എന്നാണ് അദ്ദേഹം എഴുതിയിരുന്നത്. 1918-ൽ അദ്ദേഹം 'അംബാസഡർ മോർഗെൻതുവിന്റെ കഥ' (Ambassador Morgenthau's Story) എന്ന പേരിൽ പ്രസിദ്ധീകരിച്ച ഓർമ്മക്കുറിപ്പിലെ 'ഒരു രാജ്യത്തിന്റെ കൊലപാതകം' (The Murder of a Nation) എന്ന പേരിലുള്ള അധ്യായം അർമേനിയൻ വംശഹത്യയെക്കുറിച്ചാണ്. 'മനുഷ്യചരിത്രത്തിലിന്നോളം ഇത്രമാത്രം ഭീകരമായ സംഭവങ്ങൾ അരങ്ങേറിയിട്ടില്ല എന്ന് എനിക്കുറപ്പുണ്ട്' എന്നാണ് അദ്ദേഹം അതിൽ എഴുതിയിരിക്കുന്നത്.

ഹൃദയത്തെ പിളർക്കുന്നതും കണ്ണുകളെ ഈറനണിയിക്കുന്നതുമാണ് വംശഹത്യയെ അതിജീവിച്ചവരുടെയും ദൃക്‌സാക്ഷികളുടെയും വിവരണങ്ങൾ. ഈ ഭൂമിയിൽ തങ്ങളുടെ മതം മാത്രം മതി എന്ന ചിന്തയിൽ മറ്റു മനുഷ്യരെ കൊന്നൊടുക്കുന്നവർ മനുഷ്യരാണോ എന്നു നമുക്കു സംശയം തോന്നാം. തീർച്ചയായും അവർ മനുഷ്യർ തന്നെയാണ്; കാരണം, മൃഗങ്ങൾ ഇത്രമാത്രം ക്രൂരത സ്വന്തം ഗണത്തിൽപെട്ടവരോടും ശത്രുക്കളോടുപോലും കാണിക്കില്ല. 1997-ൽ ഇന്റർനാഷണൽ അസോസിയേഷൻ ഓഫ് ജീനോസൈഡ് സ്കോളേഴ്‌സ് (IAGS) ഓട്ടോമൻ മുസ്ലീംഭരണകൂടം അർമേനിയൻ ക്രിസ്‌ത്യാനികളോടു ചെയ്‌ത മനുഷ്യത്വരഹിതമായ ക്രൂരത വംശഹത്യയാണെന്ന് അംഗീകരിച്ചു."

➤( 2022-ല്‍ പുറത്തിറക്കിയ ''ക്രൈസ്തവ വിശ്വാസവും ഇസ്ലാമിക വീക്ഷണങ്ങളും'' എന്ന പുസ്തകത്തില്‍ നിന്നെടുത്തതാണ് ഈ ലേഖനം).

➤➤ (തുടരും...)

ഈ ലേഖനപരമ്പരയുടെ ആദ്യ പതിമൂന്നു ഭാഗങ്ങള്‍ താഴെ നല്‍കുന്നു നല്‍കുന്നു:

ആമുഖം | ആയിഷ ആവര്‍ത്തിക്കാതിരിക്കാന്‍...! 'പ്രവാചകശബ്ദ'ത്തില്‍ ലേഖന പരമ്പര ‍

യഹൂദ ക്രൈസ്തവ മതങ്ങളുടെ ചരിത്രത്തോട് ബന്ധപ്പെടുത്തി ഇസ്ലാമിനെ അവതരിപ്പിക്കുന്നത് തികച്ചും അധാർമ്മികം | ലേഖനപരമ്പര 01 ‍

ബൈബിളിന്റെയും ഖുർആന്റെയും രചനാപാരമ്പര്യവും ഉള്ളടക്കവും | ലേഖനപരമ്പര 02 ‍

വിശുദ്ധ ബൈബിൾ: വ്യാഖ്യാന ശൈലിയും മാനദണ്ഡവും | ലേഖനപരമ്പര 03 ‍

പരിശുദ്ധ ത്രിത്വം: രഹസ്യവും വിശ്വാസ സത്യവും | ലേഖനപരമ്പര 04 ‍

ബൈബിളിലെ ഈശോയും ഖുർആനിലെ ഈസായും | ലേഖനപരമ്പര 05 ‍

വിശുദ്ധ ബൈബിളും ഖുര്‍ആനും: പ്രചരിക്കപ്പെടുന്ന തെറ്റുദ്ധാരണകൾ | ലേഖനപരമ്പര 06 ‍

ഈശോയുടെ അമ്മയായ മറിയവും ഖുറാനിലെ ഈസായുടെ അമ്മയായ മർയയും | ലേഖനപരമ്പര 07 ‍

ബൈബിളിലെ പ്രവാചകരും ഇസ്ലാമിലെ മുഹമ്മദും | ലേഖനപരമ്പര 08 ‍

വിശുദ്ധ പൗലോസും ഇസ്ലാമിസ്റ്റുകളും | ലേഖനപരമ്പര 09 ‍

സ്ത്രീകള്‍: ഇസ്ലാം മതത്തിലും ക്രൈസ്തവ വിശ്വാസത്തിലും | ലേഖനപരമ്പര 10 ‍

സ്വർഗ്ഗം: ഇസ്ലാമിക വീക്ഷ്ണത്തിലും ക്രൈസ്തവ വിശ്വാസത്തിലും | ലേഖനപരമ്പര 11 ‍

ഇസ്ലാമിന്റെ ആഗമനവും മധ്യപൂര്‍വ്വദേശത്തെ ക്രൈസ്തവ സഭകളുടെ തിരോധാനവും | ലേഖനപരമ്പര 12 ‍

ഇസ്ലാം തിരുസഭയുടെ കാഴ്ചപ്പാടിൽ | ലേഖനപരമ്പര 13 ‍

കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ?


പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »