Editor's Pick

സ്വർഗ്ഗം: ഇസ്ലാമിക വീക്ഷ്ണത്തിലും ക്രൈസ്തവ വിശ്വാസത്തിലും | ലേഖനപരമ്പര 11

ഡോ. ആന്റണി തട്ടാശ്ശേരി 26-05-2024 - Sunday

മരണത്തെയും മരണാനന്തരജീവിതത്തെയും കുറിച്ച് എല്ലാ മതങ്ങൾക്കും തനതായ കാഴ്ചപ്പാടുകളുണ്ട്. വിധിയെയും മരണാനന്തരജീവിതത്തെയും കുറിച്ചു ക്രിസ്തുവിശ്വാസത്തിലും ഇസ്ലാം മതത്തിലുമുള്ള വീക്ഷണങ്ങളിൽ ബാഹ്യമായ ചില സാമ്യങ്ങൾ കാണാമെങ്കിലും അടിസ്ഥാനപരമായി അവ വിരുദ്ധ ധ്രുവങ്ങളിലാണ്. ഈ കാഴ്ചപ്പാടുകളുടെ ഒരു താരതമ്യ പഠനമാണിവിടെ ലക്ഷ്യം വയ്ക്കുന്നത്.

മരണവും മരണാനന്തരജീവിതവും ക്രൈസ്‌തവ വീക്ഷണത്തിൽ ‍

ക്രൈസ്തവനെ സംബന്ധിച്ച്, മരണം അവൻറെ ഭൗമികജീവിതത്തിന്റെ അന്ത്യമാണ്. മിശിഹായിൽ വെളിവാക്കപ്പെട്ട കൃപാവരത്തെ സ്വീകരിക്കുന്നതിനോ തിരസ്‌കരിക്കുന്നതിനോ സാധ്യമായ സമയം എന്ന നിലയിലുള്ള മനുഷ്യജീവിതത്തിന് മരണം അന്ത്യം കുറിക്കുന്നു (കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം 1021). ആത്മാവിന്റെയും ശരീരത്തിന്റെയും വേർതിരിക്കപ്പെടലാണ് മരണം. പക്ഷേ, അതു താല്ക്കാലികമാണ്. മരണത്തിൽ ആത്മാവ് ശരീരത്തിൽ നിന്നു വേർതിരിക്കപ്പെടുന്നുവെങ്കിലും, മരിച്ചവരുടെ പുനരുത്ഥാനദിവസം അതു ശരീരവുമായി വീണ്ടും യോജിപ്പിക്കപ്പെടും (കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം 1005, 1016).

കത്തോലിക്കാസഭയുടെ പ്രബോധനമനുസരിച്ച് മരണാനന്തരം രണ്ടു വിധികളുണ്ട്: തനതുവിധിയും (Particular judgement) പൊതുവിധിയും (General judgement). ഒരുവൻ്റെ മരണത്തോടെ ശരീരവും ആത്മാവും വേർപെടുന്ന അവസ്ഥയിൽ സംഭവിക്കുന്നതാണ് തനതുവിധി. അതിനെത്തുടർന്ന്, ഒരുവനു നിത്യമായ സ്വർഗമോ, നിത്യമായ നരകമോ, ശുദ്ധീകരണാവസ്ഥയോ ലഭിക്കുന്നു. ഈ ലോകത്തിൽവച്ചു ദൈവൈക്യത്തിൽ ജീവിച്ചവർ നേരിട്ട് സ്വർഗത്തിലേക്ക് പ്രവേശിക്കുന്നു. അവിടെ ദൈവിക മുഖദർശനവും നിത്യമായ സന്തോഷവും അവരെ കാത്തിരിക്കുന്നു. മാരക പാപാവസ്ഥയിൽ മരിക്കുന്നവർ ദൈവൈക്യ സാധ്യതയിൽനിന്നുപോലും നിത്യമായി വേർതിരിക്കപ്പെടുന്ന അവസ്ഥയാണു നരകം. മാരകമല്ലാത്ത പാപങ്ങ ളാൽ ദൈവത്തോടുള്ള ബന്ധം തടസ്സപ്പെട്ടിരിക്കുന്നവർ പാപത്തിന്റെ കാലിക ശിക്ഷയ്ക്കു വിധേയപ്പെട്ട് ശുദ്ധീകരണ അവസ്ഥയിലൂടെ കടന്നുപോകണം (കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം 1472).

പൊതുവിധിയിൽ എന്താണു സംഭവിക്കുന്നത്? ശുദ്ധീകരണ അവസ്ഥയിലൂടെ കടന്നുപോയവർ താൽക്കാലിക ശിക്ഷ പൂർത്തിയാക്കി സ്വർഗത്തിലേക്കു പ്രവേശിക്കും. സ്വർഗത്തിലും നരകത്തിലുമായിരിക്കുന്നവർ അതേ അവസ്ഥകളിൽ തുടരും. ആത്മാവ് ശരീരത്തോടുചേർന്ന് ഓരോരുത്തർക്കും അവകാശപ്പെട്ട ഭാഗധേയത്തിൽ ഔദ്യോഗികമായി ഉറപ്പിക്കപ്പെടും.

മരണവും മരണാനന്തരജീവിതവും ഇസ്ലാം മത വീക്ഷണത്തിൽ ‍

ഇസ്ലാംമത കാഴ്ച്‌ചപ്പാടിൽ മരണത്തോടെ ശരീരത്തിൽനിന്ന് ആത്മാവ് വേർപെടുമെങ്കിലും അന്ത്യവിധിവരെ ആത്മാവിന് ഒരു താല്ക്കാലിക ശരീരം നല്‌കപ്പെടും; അതു ഭൗമികശരീരം പോലെയല്ല. ഐഹികകാലത്തെ കർമ്മങ്ങൾക്കനുസൃതമായി പ്രകാശ പൂർണമോ അന്ധകാരപൂർണമോ ആയ ശരീരമായിരിക്കും അത്. മനുഷ്യന്റെ ഈ ഭൂമിയിലെ കർമ്മങ്ങളാണ് ഈ ഘട്ടത്തിൽ അവനു ശരീരമായിത്തീരുന്നത്. മരണശേഷം ഓരോ മനുഷ്യനും അവനവൻ്റെ നല്ലതും ചീത്തയുമായ പ്രവൃത്തികൾ രേഖപ്പെടുത്തപ്പെട്ട പുസ്തകപ്രകാരം വിധിക്കപ്പെടും (സൂറ 36, 12; 84,7-12).

സ്വർഗം ക്രൈസ്‌തവ കാഴ്ച്ചപ്പാടിൽ ‍

സ്വർഗം എന്ന പദം സാധാരണയായി ആകാശത്തെ സൂചിപ്പിക്കുന്നു. 'ഷെമായിം' എന്ന ഹെബ്രായ പദമാണ് സ്വർഗത്തെ സൂചിപ്പിക്കാൻ പഴയനിയമം ഉപയോഗിക്കുന്നത്. ദൈവത്തിന്റെ വാസസ്ഥാനമാണ് സ്വർഗം. പുതിയനിയമം സ്വർഗത്തെ സൂചിപ്പിക്കുവാൻ വിവിധ വിശേഷണങ്ങൾ ഉപയോഗിക്കുന്നുണ്ട്: 'പിതാവിന്റെ രാജ്യം', 'സ്വർഗരാജ്യം', 'ജീവൻ', 'നിത്യമായ ജീവൻ', 'പിതാവായ ദൈവത്തിന്റെ ഭവനം', 'പറുദീസാ', ഈശോമിശിഹാ സ്വർഗത്തെ ഒരു "വിവാഹവിരുന്ന്' ആയാണ് അവതരിപ്പിക്കുന്നത് (മത്താ 22,1-14; ലൂക്കാ 14,15-24).

ക്രിസ്തീയ സ്വർഗം ആത്മീയവും അവർണനീയവും ആനന്ദദായകവും നിത്യവുമാണ് (റോമാ 14,17). ആത്മാവിന്റെ രൂപവും ഭാവവുമാണ് സ്വർഗത്തിന്റെ ആകർഷണം; ലൗകികവസ്തുക്കളുടെ ധാരാളിത്തമല്ല. ദൈവിക സഹവാസവും പരിശുദ്ധ സ്നേഹത്തിന്റെ മഹാഘോഷവുമാണ് (റോമാ 14,17) ക്രിസ്തുവിശ്വാസത്തെ സംബന്ധിച്ചിടത്തോളം സ്വർഗം. മാലാഖമാരും വിശുദ്ധന്മാരും നിത്യതയിൽ ത്രിയേകദൈവത്തെ ആരാധിക്കുകയും അവർണനീയമായ ആത്മീയാനന്ദത്തിൽ കഴിയുകയും ചെയ്യുന്ന അവസ്ഥയാണത് (1 കോറി 2,9; വെളി 19,6-9).

മരണത്തോടെ മനുഷ്യശരീരം രൂപാന്തരപ്പെടുന്നതിനാൽ, സ്വർഗത്തിൽ ശരീരത്തോടു ബന്ധപ്പെട്ട ആവശ്യങ്ങൾക്കു പ്രസക്തിയില്ല. “മരണശേഷം ഉയിർക്കുമ്പോൾ, സ്ത്രീപുരുഷന്മാർ വിവാഹിതരാവുകയില്ല. മറിച്ച്, അവർ സ്വർഗത്തിലെ ദൂതന്മാരെപ്പോലെയായിരിക്കും" (മർക്കോ 12, 25). ഇപ്പോൾ നാം കണ്ണാടിയിലെന്നപോലെ അവ്യക്തമായി കാണുന്നവ, അപ്പോൾ നമ്മൾ മുഖാമുഖം ദർശിക്കും (1 കോറി 13,12; 1 യോഹ 3,2; വെളി 22,4). ദൈവരാജ്യം ഭക്ഷണവും പാനീയവുമല്ല (റോമാ 14,17).

ദൈവശാസ്ത്രപരമായി, സ്വർഗം ഒരു 'സ്ഥലം' എന്നതിനേ ക്കാൾ ഒരു 'അവസ്ഥ'യാണ് (state). പരിശുദ്ധ ത്രിത്വവുമായുള്ള അഭേദ്യമായ ബന്ധമാണ് സ്വർഗപ്രാപ്‌തി. സ്വർഗത്തിലെ സന്തോഷം ദൈവത്തെ മുഖാഭിമുഖം കാണുന്നതിലാണ്. മരണശേഷം ആത്മാവ് നമ്മിൽനിന്നു വേർപിരിയുമെങ്കിലും ശരീരം ഇതിനോടു കൂടിച്ചേരുന്നത് അവസാനവിധിയിലെ ഉത്ഥാനത്തോടെയാണ്. ദുഃഖമോ വേദനയോ മരണമോ ഇല്ലാത്ത സന്തോഷത്തിന്റെ അവസ്ഥയാണ് സ്വർഗം. സ്വർഗത്തിൽ നമ്മുടെ വ്യക്തിത്വം (Individuality) നമുക്കു നഷ്ട്‌ടപ്പെടുന്നില്ല. ദൈവത്തിൻ്റെ ജീവനിൽ പങ്കുചേരുന്നെങ്കിലും സത്താപരമായി (essentially) നമ്മൾ ദൈവമായിത്തീരുന്നുമില്ല.

ഇസ്ലാമിന്റെ ഭൗതിക സ്വർഗം ‍

ഒരു വിശ്വാസിയുടെ ദൈവവിചാരം, മതജീവിതം, ധാർമിക ചിന്തകൾ, സാമൂഹികജീവിതം എന്നിവയെല്ലാം സ്വർഗത്തെ ക്കുറിച്ചുള്ള ദർശനത്തെ ആശ്രയിച്ചാണിരിക്കുന്നത്. സ്വർഗം ഒരു പരലോക യാഥാർത്ഥ്യമാകയാൽ അതെക്കുറിച്ചു ദൈവത്തിനു മാത്രമേ വെളിപ്പെടുത്താനാവൂ. എന്നാൽ, മനുഷ്യന്റെ ബുദ്ധിയിൽ വിരിയുന്ന സ്വർഗം അവൻ്റെ ഭാവനയ്ക്കും ആഗ്രഹങ്ങൾക്കും മാത്രമനുസരിച്ചുള്ളതായിരിക്കും. കാരണം, ഭൗമികനായ മനുഷ്യനു ഭൗതികമായി മാത്രമേ സ്വർഗത്തെപ്പോലും സങ്കല്പ‌ിക്കാൻ കഴിയൂ.

പരലോകജീവിതത്തെ ഖുർആൻ വിവരിക്കുന്നത് സകലവിധ ഭൗതിക സുഖസൗകര്യങ്ങളുടെയും ആഡംബരങ്ങളുടെയും സ്ഥലം എന്ന വിധത്തിൽ മാത്രമാണ്. ഖുർആൻ പ്രകാരം അവിടെയെത്തുന്നവർ സ്വർണവളകളും മുത്തും അണിയിക്കപ്പെടും. പട്ടായിരിക്കും അവർക്ക് അവിടെയുള്ള വസ്ത്രം (സൂറ 22,23; 44,53), പച്ചനിറമുള്ള തലയണകളിലും അഴകുള്ള പരവതാനികളിലും (സൂറ 55,76) സ്വർണനൂലുകൊണ്ട് മെടഞ്ഞുണ്ടാക്കിയ കട്ടിലുകളിലും (സൂറ 56,15) ചാരിക്കിടക്കുന്ന അവർക്ക് വെയിലോ കൊടും തണുപ്പോ അനുഭവപ്പെടുകയില്ല. സ്വർഗത്തിലെ തണലുകൾ അവരുടെമേൽ എപ്പോഴും ഉണ്ടായിരിക്കും.

മനസ്സുകൾ കൊതിക്കുന്നതും കണ്ണുകൾക്ക് ആനന്ദകരവുമായ കാര്യങ്ങൾ അവിടെ ഉണ്ടായിരിക്കും. അവിടെ പഴങ്ങൾ ധാരാളമായി ഉണ്ടാകും; അതിൽനിന്ന് ഇഷ്‌ടംപോലെ ഭക്ഷിക്കാം (സൂറ 43.71-73; 76,13-14). അതിലെ കനികളും തണലും ശാശ്വതമാണ് (സൂറ 13,15). സ്വർണത്തിൻ്റെ തളികകളും പാനപാത്രങ്ങളും അവർക്കു ചുറ്റും കൊണ്ടുനടക്കപ്പെടും. നിത്യരായ ബാലന്മാർ കൊതിപ്പിക്കുന്ന തരത്തിലുള്ള പക്ഷിമാംസവുംകൊണ്ട് അവരുടെ ഇടയിൽ ചുറ്റിനടക്കും (സൂറ 56,17-23).

അതികഠിനമായ ചൂടനുഭവിക്കുന്ന അറേബ്യൻ മരുഭൂമിയിലെ അന്നത്തെ നാടോടി അറബിക്ക് ഭൗതികസുഖത്തിന് ആവശ്യമായിരുന്നത് എന്തോ അതാണ് മുഹമ്മദ് വിഭാവനം ചെയ്ത സ്വർഗത്തിലുള്ളത്. അള്ളായ്ക്കുവേണ്ടി യുദ്ധം ചെയ്യുന്നവരെ, താഴ്ഭാഗത്തുകൂടി അരുവികൾ ഒഴുകുന്ന സ്വർഗത്തോപ്പുകളിൽ പ്രവേശിപ്പിക്കും (സൂറ 3,195). അവിടെ അവർക്കു സമ്യദ്ധമായി ലഹരിപാനീയങ്ങളും ലഭിക്കും. കുടിക്കുന്നവർക്ക് ആസ്വാദ്യമായ മദ്യത്തിന്റെ അരുവികളും ശുദ്ധീകരിക്കപ്പെട്ട തേനിന്റെ അരുവികളുമുണ്ടവിടെ (സൂറ 47,15). ഇതു കുടിച്ചാൽ അവർക്കു ലഹരി ബാധിക്കുകയില്ല (സൂറ 37,47).

തുടുത്ത മാർവിടമുള്ള സമപ്രായക്കാരായ തരുണികളാണ് ഇസ്ലാമിന്റെ സ്വർഗത്തിലെ ആകർഷണമായി അവതരിപ്പിക്കപ്പെടുന്ന പ്രധാന ഘടകം (സൂറ 78,33). വിശാലമായ നേത്രങ്ങളുള്ള വെളുത്ത സ്ത്രീകളെ അവർക്ക് ഇണകളായി ലഭിക്കും (സൂറ 44,54; 56,17-23); അവർ ചിപ്പികളിൽ ഒളിച്ചു വെക്കപ്പെട്ട മുത്തുപോലെയും മാണിക്യവും പവിഴവും പോലെയായിരിക്കും (സൂറ 55,58; സൂറ 56,36).

സ്വർഗത്തിൽ അവരുടെ അടുത്തു ചുറ്റിത്തിരിഞ്ഞു കൊണ്ടിരിക്കുന്ന മുത്തുകൾ പോലെയുള്ള ബാലന്മാരും ചെറുപ്പക്കാരും (സൂറ 52,24; 56,17; 76,19) സ്വവർഗഭോഗത്തിന്റെ സൂചനകളാണു നല്‌കുന്നത് എന്നഭിപ്രായപ്പെടുന്നവരുണ്ട്.

ഖുർആൻ്റെ വീക്ഷണത്തിൽ പരലോകത്തിലെ സുഖങ്ങൾ ആത്മീയമല്ല, ഭൗതികം മാത്രമാണ്. ഇന്ദ്രിയബദ്ധവും രതികേന്ദ്രീകൃതവുമാണ് ഇസ്ലാമിക സ്വർഗം.

ക്രൈസ്തവ വീക്ഷണത്തിൽ സ്വർഗം ആത്മീയമാണ്. ദൈവത്തെ മുഖാമുഖം ദർശിക്കലാണ്. മാലാഖമാരോടും വിശുദ്ധരോടുമൊത്തുള്ള നിത്യമായ ആരാധാനയാണത്. ഇസ്ലാമിക വീക്ഷണപ്രകാരം, സ്വർഗമെന്നത് തികച്ചും ഭൗതികം മാത്രമാണ്. പുരുഷന്മാർക്കു സ്വർഗത്തിൽ നിരവധി ഹൂറിമാരെ ലഭിക്കുമെന്നു പറയുന്നെങ്കിലും (സൂറ 78,31-34; അൽ റെഹ്‌മാൻ 55,56-58) സ്ത്രീകൾക്ക് അവിടേക്കു പ്രവേശനംപോലും നിഷേധിച്ചിരിക്കുന്നു. സ്വാഹിഹ് മുസ്ലിം, 1,1; 132,79). ഏതുവിധേനയും ഇത്തരത്തിലുള്ള സ്വർഗം അവകാശപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇസ്ലാമിസ്റ്റു തീവ്രവാദികൾ അന്യമത വിശ്വാസികളെ കൊലചെയ്യുന്നതും സ്വയം പൊട്ടിത്തെറിക്കുവാൻ തയ്യാറാകുന്നതും.

➤( 2022-ല്‍ പുറത്തിറക്കിയ ''ക്രൈസ്തവ വിശ്വാസവും ഇസ്ലാമിക വീക്ഷണങ്ങളും'' എന്ന പുസ്തകത്തില്‍ നിന്നെടുത്തതാണ് ഈ ലേഖനം).

➤➤ (തുടരും...)

➤➤➤ ഈ ലേഖനപരമ്പരയുടെ ആദ്യ പത്തു ഭാഗങ്ങള്‍ ഈ ലേഖനത്തിന് ഏറ്റവും താഴെ നല്‍കുന്നു: ➤➤➤

സഹായഗ്രന്ഥങ്ങൾ ‍

1. Bstech Andreas, ed., Islam Questioning Christianity: Christian Faith in the Encounter with Islam, I, Modling 2007.

2. Chalackal Sebastian, Eschatology: Preliminary Notions for Beginners in Theology, Kottayam 2013.

3. Hughes Thomas Patrick, Dictionary of Islam, New Delhi 1976.

4. സി.എൻ. അഹ്‌മദ് മൗലവി, ഇസ്ലാം ഒരു സമഗ്രപഠനം, കോഴിക്കോട് 1976.

5. ഹസ്റത്ത് മിർസാ ഗുലാം അഹ്‌മദ്, ഇസ്ലാംമതതത്ത്വജ്ഞാനം, ഖാദിയാൻ 1896.

6. മുഹമ്മദ് അബുൽ ജലാൽ, ഇസ്ലാം ഒറ്റനോട്ടത്തിൽ, കോഴിക്കോട് 1983,

7. സീറോ മലബാർ മതബോധന കമ്മീഷൻ, വിശ്വാസവഴിയിലെ സംശയങ്ങൾ, കാക്കനാട് 2018.

ഈ ലേഖനപരമ്പരയുടെ ആദ്യ പത്ത് ഭാഗങ്ങള്‍ താഴെ നല്‍കുന്നു നല്‍കുന്നു:

ആമുഖം | ആയിഷ ആവര്‍ത്തിക്കാതിരിക്കാന്‍...! 'പ്രവാചകശബ്ദ'ത്തില്‍ ലേഖന പരമ്പര ‍

യഹൂദ ക്രൈസ്തവ മതങ്ങളുടെ ചരിത്രത്തോട് ബന്ധപ്പെടുത്തി ഇസ്ലാമിനെ അവതരിപ്പിക്കുന്നത് തികച്ചും അധാർമ്മികം | ലേഖനപരമ്പര 01 ‍

ബൈബിളിന്റെയും ഖുർആന്റെയും രചനാപാരമ്പര്യവും ഉള്ളടക്കവും | ലേഖനപരമ്പര 02 ‍

വിശുദ്ധ ബൈബിൾ: വ്യാഖ്യാന ശൈലിയും മാനദണ്ഡവും | ലേഖനപരമ്പര 03 ‍

പരിശുദ്ധ ത്രിത്വം: രഹസ്യവും വിശ്വാസ സത്യവും | ലേഖനപരമ്പര 04 ‍

ബൈബിളിലെ ഈശോയും ഖുർആനിലെ ഈസായും | ലേഖനപരമ്പര 05 ‍

വിശുദ്ധ ബൈബിളും ഖുര്‍ആനും: പ്രചരിക്കപ്പെടുന്ന തെറ്റുദ്ധാരണകൾ | ലേഖനപരമ്പര 06 ‍

ഈശോയുടെ അമ്മയായ മറിയവും ഖുറാനിലെ ഈസായുടെ അമ്മയായ മർയയും | ലേഖനപരമ്പര 07 ‍

ബൈബിളിലെ പ്രവാചകരും ഇസ്ലാമിലെ മുഹമ്മദും | ലേഖനപരമ്പര 08 ‍

വിശുദ്ധ പൗലോസും ഇസ്ലാമിസ്റ്റുകളും | ലേഖനപരമ്പര 09 ‍

സ്ത്രീകള്‍: ഇസ്ലാം മതത്തിലും ക്രൈസ്തവ വിശ്വാസത്തിലും | ലേഖനപരമ്പര 10 ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »