News

ചരിത്രം കുറിച്ച് ഫ്രാന്‍സിസ് പാപ്പയുടെ കോര്‍സിക്ക സന്ദര്‍ശനം

പ്രവാചകശബ്ദം 16-12-2024 - Monday

അജാസിയോ: മെഡിറ്ററേനിയൻ ഫ്രഞ്ച് ദ്വീപായ കോർസിക്ക സന്ദര്‍ശിക്കുന്ന കത്തോലിക്ക സഭയുടെ ആദ്യ പരമാധ്യക്ഷന്‍ എന്ന ഖ്യാതിയോടെ ഫ്രാന്‍സിസ് പാപ്പയുടെ ഏകദിന സന്ദര്‍ശനം പൂര്‍ത്തിയാക്കി. ഇന്നലെ ഡിസംബര്‍ 15 ഞായറാഴ്ചയാണ് “യേശു നന്മചെയ്തുകൊണ്ട് ചുറ്റിസഞ്ചരിച്ചു” എന്ന ആപ്തവാക്യവുമായി ഫ്രാന്‍സിസ് പാപ്പ ഫ്രഞ്ച് ദ്വീപായ കോര്‍സിക്കയില്‍ സന്ദര്‍ശനം നടത്തിയത്. പൗരാധികാരികളുടെയും പ്രാദേശിക സഭാധികാരികളുടെയും ക്ഷണം സ്വീകരിച്ചുകൊണ്ട് തലസ്ഥാനമായ അജാസിയോയിൽ നടന്ന മതസമ്മേളനത്തിന്റെ സമാപനത്തിൽ പങ്കെടുക്കുക എന്ന ലക്ഷ്യമായിരിന്നു പ്രധാനമായും പാപ്പയ്ക്കു ഉണ്ടായിരിന്നത്.

രാവിലെ പ്രാദേശികസമയം 9 മണിക്ക് എതാനും മനിറ്റുകൾക്കു മുമ്പ് അജക്സിയോയിലെ നെപ്പോളിയന്‍ ബോണപാർത് വിമാനത്താവളത്തിൽ എത്തിച്ചേര്‍ന്ന പാപ്പയ്ക്കു ഊഷ്മള സ്വീകരണമാണ് നല്‍കിയത്. പാപ്പയെ സ്വീകരിക്കുന്നതിന് ഫ്രഞ്ച് ആഭ്യന്തര മന്ത്രി ബ്രുണോ ഉള്‍പ്പെടെ വിവിധ അധികാരികള്‍ വിമാനത്താവളത്തിൽ എത്തിയിരിന്നു. പാപ്പയെ മന്ത്രി ഹസ്തദാനമേകി സ്വീകരിച്ചപ്പോൾ നാലു ബാലികാബാലന്മാർ ചേർന്ന് പാപ്പയ്ക്ക് പൂച്ചെണ്ടുകള്‍ സമര്‍പ്പിച്ച് ആദരവ് അറിയിച്ചു. കുട്ടികളോടു കുശലം പറഞ്ഞ പാപ്പ അവര്‍ക്ക് സമ്മാനം നല്‍കി. തുടർന്ന് നീങ്ങിയ പാപ്പയെ വത്തിക്കാൻറെയും ഫ്രാൻസിൻറെയും ദേശീയ ഗാനങ്ങൾ മുഴക്കി സൈനികബാൻറ് പാപ്പയ്ക്കു അഭിവാദനം അര്‍പ്പിച്ചു.

സ്പെയിൻ, സിസിലി, സാർഡിനിയ, തെക്കൻ ഫ്രാൻസ് എന്നിവിടങ്ങളിൽ നിന്നുള്ള നാനൂറോളം പേർ പങ്കെടുത്ത കോൺഫറൻസില്‍ പാപ്പ സന്ദേശം നല്‍കി. 17-ാം നൂറ്റാണ്ടിലെ സാന്താ മരിയ അസുന്ത കത്തീഡ്രലില്‍ വൈദികരുമായി കൂടിക്കാഴ്ച, വിശ്വാസികളുമായുള്ള സ്നേഹ സംഭാഷണങ്ങള്‍, ഏഴായിരത്തോളം പേരോടൊപ്പമുള്ള ദിവ്യബലി, ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവേല്‍ മാക്രോണുമായുള്ള കൂടിക്കാഴ്ച എന്നിവ കോര്‍സിക്ക സന്ദര്‍ശനത്തിന്റെ ഭാഗമായി നടന്നു.

ഫ്രാൻസിസ് പാപ്പയുടെ നാല്പത്തിയേഴാം വിദേശ അപ്പസ്തോലിക പര്യടനമായിരുന്നു ഇത്. അപ്പസ്തോല പ്രവർത്തനം പത്താം അദ്ധ്യായത്തിലെ മുപ്പത്തിയെട്ടാമത്തെ വാക്യത്തിൽ നിന്ന് അടർത്തിയെടുത്തതാണ് “യേശു നന്മചെയ്തുകൊണ്ട് ചുറ്റിസഞ്ചരിച്ചു” എന്ന പാപ്പയുടെ സന്ദര്‍ശന ആപ്ത വാക്യം. ഫ്രാൻസിസ് പാപ്പ ഫ്രാൻസിൽ നടത്തിയ മൂന്നാമത്തെ സന്ദർശനമാണെങ്കിലും ദ്വീപായ കോര്‍സിക്കായില്‍ സന്ദര്‍ശനം നടത്തിയിട്ടില്ലായിരിന്നു. 2014-ൽ സ്ട്രാസ്ബർഗ് 2023-ൽ മർസേയില്‍ എന്നീ ഫ്രഞ്ചു നഗരങ്ങൾ പാപ്പ സന്ദർശിച്ചിരുന്നു.

കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ?


Related Articles »