Seasonal Reflections - 2024

ആട്ടിടയന്മാരും സന്തോഷത്തിന്റെ സദ്വാർത്തയും | ഉണ്ണീശോയെ സ്വന്തമാക്കാൻ 25 പ്രാർത്ഥനകൾ | പതിനാറാം ദിനം

ഫാ. ജയ്സൺ കുന്നേൽ എം‌സി‌ബി‌എസ്/ പ്രവാചകശബ്ദം 16-12-2024 - Monday

വചനം: ‍

ദൂതന്‍ അവരോടു പറഞ്ഞു: ഭയപ്പെടേണ്ടാ. ഇതാ, സകല ജനത്തിനുംവേണ്ടിയുള്ള വലിയ സന്തോഷത്തിന്റെ സദ്വാര്‍ത്ത ഞാന്‍ നിങ്ങളെ അറിയിക്കുന്നു (ലൂക്കാ 2 : 10).

വിചിന്തനം ‍

ലൂക്കായുടെ സുവിശേഷത്തിൽ ഈശോയുടെ ജനനത്തിന്‍റെ സദ്വാർത്ത ദൈവദൂതൻ രാത്രിയിൽ ആടുകളെ കാത്തു കൊണ്ടിരുന്ന ഇടയന്മാരെ അറിയിക്കുന്നതാണ് സന്ദർഭം. രക്ഷകന്‍റെ ജനത്തിൻ്റെ മംഗള വാർത്ത ആദ്യമേ കേൾക്കാൻ സ്വർഗ്ഗം അവസരം ഒരുക്കിയ ഭാഗ്യവാൻമാർ ആട്ടിടയന്മാരായിരുന്നു. അതും രാത്രിയിൽ ആടുകളെ കാത്തിരുന്ന ഇടയന്മാർക്ക്.

ആടുകളെ കാക്കുന്ന ഇടയന്മാർ ഉണ്ടാവുക അതാണല്ലോ കാലഘട്ടത്തിൻ്റെ ആവശ്യം. ആടുകളുടെ ഗന്ധമുള്ള ഇടയൻ, അവരുടെ സന്തോഷങ്ങളും ദുഃഖങ്ങളും ആകുലതകളും അടുത്തറിഞ്ഞ് അവരിൽ ഒരാളായി തീരുന്ന ഇടയൻ, ആടുകളെ അറിയുന്ന ഇടയൻ. ഉണ്ണിയേശുവിൻ്റെ ജനനത്തിൻ്റെ സന്തോഷം നമ്മുടെ ജീവിതത്തിൻ്റെ ഭാഗമാകണമെങ്കിൽ ഇടയ മനസ്സു നമ്മൾ സ്വന്തമാക്കണം.

പ്രാർത്ഥന ‍

സ്വർഗ്ഗീയ പിതാവേ, നിൻ്റെ തിരുക്കുമാരന്റെ തിരുപ്പിറവിയുടെ സന്തോഷം ആദ്യം ശ്രവിക്കാൻ ഭാഗ്യം ലഭിച്ചത് ആട്ടിടയന്മാർക്കാണല്ലോ. ഉണ്ണീശോയുടെ ജനത്തിൻ്റെ സന്തോഷം അനുഭവിക്കാൻ കഴിയണമെങ്കിൽ ആട്ടിടയന്മാരെപ്പോലെ നിരന്തരം ജാഗ്രതയുള്ള കണ്ണുകളും എളിമയുള്ള ഹൃദയവും അനുകമ്പയുള്ള മനസ്സും ആവശ്യമാണുന്നു ഞങ്ങൾ തിരിച്ചറിയുന്നു. മനുഷ്യനായി അവതരിച്ച വചനമായ ഈശോയെ നിൻ്റെ തിരുപ്പിറവിയിൽ ഞങ്ങളെത്തന്നെ ആട്ടിടയ മനോഭാവത്തിലേക്ക് വളർത്തണമേ. നിത്യം പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശ്വരാ എന്നേക്കും. ആമ്മേൻ.

സുകൃതജപം ‍

നല്ല ഇടയനായ ഈശോയെ, ആഗമന കാലത്തു ഇടറി വീഴാതെ എന്നെ കാക്കണമേ.


Related Articles »