News - 2025
നാമകരണ നടപടികൾക്കായുള്ള ഡിക്കാസ്റ്ററിയുടെ മുൻ തലവൻ കർദ്ദിനാൾ ആഞ്ചലോ അമാത്തോ ദിവംഗതനായി
പ്രവാചകശബ്ദം 02-01-2025 - Thursday
വത്തിക്കാൻ സിറ്റി: വിശുദ്ധരുടെ നാമകരണ നടപടികൾക്കായുള്ള വത്തിക്കാൻ ഡിക്കാസ്റ്ററിയുടെ മുൻ തലവൻ കർദ്ദിനാൾ ആഞ്ചലോ അമാത്തോ (86) ദിവംഗതനായി. ജോൺ പോൾ രണ്ടാമൻ മാർപാപ്പ, മദർ തെരേസ, പോർച്ചുഗലിലെ ഫാത്തിമയില്‍ ദൈവമാതാവിന്റെ ദര്‍ശനം ലഭിച്ച ഫ്രാൻസിസ്കോ, ജസീന്ത തുടങ്ങി 913 സമുന്നത വ്യക്തിത്വങ്ങളെ വിശുദ്ധരുടെ ഗണത്തിലേക്ക് ഉയർത്താനുള്ള നടപടിക്രമങ്ങൾക്ക് മേല്‍നോട്ടം വഹിച്ച വ്യക്തിയാണ് അദ്ദേഹം.
ഇറ്റാലിയന്‍ പൗരനും സലേഷ്യൻ സന്യാസ സമൂഹാംഗവുമായിരുന്ന കർദ്ദിനാൾ ആഞ്ചലോ നാലു പതിറ്റാണ്ടോളം വത്തിക്കാനിൽ വിവിധ മേഖലകളിൽ ശുശ്രൂഷ ചെയ്‌തിട്ടുണ്ട്. ഭാരതത്തിന്റെ ആദ്യ രക്തസാക്ഷി സിസ്റ്റർ റാണി മരിയയുടെ വാഴ്ത്തപ്പെട്ട രക്തസാക്ഷിത്വ പദവി പ്രഖ്യാപനത്തിനു നേതൃത്വം നൽകാൻ 2017ൽ അദ്ദേഹം ഇൻഡോറിലെത്തിയിരുന്നു. 2008ൽ ബനഡിക്‌ട് പതിനാറാമൻ മാർപാപ്പയാണ് അദ്ദേഹത്തെ വിശുദ്ധരുടെ നാമകരണത്തിനായുള്ള ഡിക്കാസ്റ്ററിയുടെ അധ്യക്ഷനായി നിയമിച്ചത്.
2 വര്‍ഷങ്ങള്‍ക്ക് ശേഷം ബനഡിക്ട് പതിനാറാമൻ മാർപാപ്പ അദ്ദേഹത്തെ കർദ്ദിനാൾ സ്ഥാനത്തേക്ക് ഉയർത്തി. കർദ്ദിനാൾ ആഞ്ചലോ അമാത്തോയുടെ നിര്യാണത്തിൽ ഫ്രാൻസിസ് മാർപാപ്പ അനുശോചിച്ചു. കബറടക്ക ശുശ്രൂഷ ഇന്ന് പ്രാദേശികസമയം ഉച്ചകഴിഞ്ഞു രണ്ടിന് സെൻ്റ് പീറ്റേഴ്സ‌് ബസിലിക്കയിൽ നടക്കും. കർദ്ദിനാൾ കോളേജ് ഡീന്‍ ജിയോവാന്നി ബാറ്റിസ്റ്റ മുഖ്യകാർമികത്വം വഹിക്കും. മൃതസംസ്കാര ശുശ്രൂഷയുടെ അവസാനഘട്ട കർമങ്ങൾക്ക് ഫ്രാൻസിസ് മാർപാപ്പ മുഖ്യ കാർമികത്വം വഹിക്കും.
▛ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ▟