News - 2025

നൈജീരിയയില്‍ വീണ്ടും വൈദികന്‍ കൊല്ലപ്പെട്ടു

പ്രവാചകശബ്ദം 02-01-2025 - Thursday

അബൂജ: ക്രൈസ്തവ വിരുദ്ധ ആക്രമണങ്ങളാല്‍ കുപ്രസിദ്ധമായ നൈജീരിയയില്‍ വീണ്ടും വൈദികന്‍ കൊല്ലപ്പെട്ടു. തിരുസഭയിലെ ആദ്യ രക്തസാക്ഷിയായ വിശുദ്ധ സ്റ്റീഫന്‍റെ തിരുനാള്‍ ദിനമായ ഡിസംബർ 26ന് വൈകുന്നേരം തെരുവിൽവെച്ചാണ് ഫാ. ടോബിയാസ് ചുക്വുജെക്വു വെടിയേറ്റ് കൊല്ലപ്പെട്ടത്. തെക്കുകിഴക്കൻ നൈജീരിയയിലെ ഇഹിയാലയിലെ ഒനിത്ഷാ-ഒവേരി എക്‌സ്‌പ്രസ്‌വേയിൽ വാഹനത്തില്‍ യാത്ര ചെയ്യുന്നതിനിടെ ഒരു കൂട്ടം അജ്ഞാതർ വൈദികനെ തടയുകയായിരിന്നു. തുടര്‍ന്നു വൈദികന് നേരെ ആയുധധാരികള്‍ നിറയൊഴിച്ചതിനെ തുടര്‍ന്നു കൊല്ലപ്പെടുകയായിരിന്നു.

പൊതുജനാരോഗ്യ സേവനത്തിൽ മുന്‍പന്തിയിലായിരിന്ന ഫാ. ടോബിയാസ് ഫാർമസിസ്റ്റ് കൂടിയായിരിന്നു. 2024-ൽ കൊല്ലപ്പെട്ട മിഷ്ണറിമാരെയും അജപാലന ശുശ്രൂഷകരെയും കുറിച്ചുള്ള ഫിഡെസിൻ്റെ വാർഷിക റിപ്പോർട്ടിൽ 13 പേരുടെ മരണമാണ് റിപ്പോര്‍ട്ട് ചെയ്തിരിന്നത്. ഫാ. ടോബിയാസ് കൊല്ലപ്പെട്ടതോടെ കഴിഞ്ഞ 365 ദിവസങ്ങള്‍ക്കിടെ കൊല്ലപ്പെട്ട അജപാലകരുടെയും മിഷ്ണറിമാരുടെയും ആകെ എണ്ണം 14 ആയി ഉയർന്നു. 2024-ൽ കൊല്ലപ്പെട്ട ആകെ വൈദികരുടെ എണ്ണം 9 ആയി. 2024-ൽ ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ, ആകെ 7 മിഷ്ണറിമാരാണ് കൊല്ലപ്പെട്ടിരിക്കുന്നത്.

അമേരിക്ക ആസ്ഥാനമായ ഗവേഷണ ഏജന്‍സിയായ പ്യൂ റിസർച്ച് സെന്ററിന്റെ കണക്കുകള്‍ പ്രകാരം ആഫ്രിക്കയിലെ ഏറ്റവും അധികം ക്രൈസ്തവരുള്ളത് നൈജീരിയയിലാണ്. നൈജീരിയയിലെ തെക്കൻ മധ്യ മേഖലകളിലാണ് ക്രൈസ്തവര്‍ തിങ്ങിപാര്‍ക്കുന്നത്. ഇസ്ലാമിക തീവ്രവാദികളുടെ എണ്ണം മേഖലയില്‍ വലിയ തോതില്‍ വര്‍ദ്ധിച്ചതോടെ ക്രൈസ്തവര്‍ കനത്ത ഭീഷണിയാണ് നേരിടുന്നത്. ക്രൈസ്തവര്‍ക്ക് നേരെയുള്ള അതിക്രമങ്ങളും കൊലപാതകങ്ങളും പതിവ് സംഭവങ്ങളായി രാജ്യത്തു മാറിയിരിക്കുകയാണ്.

കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ?


Related Articles »