News

നയതന്ത്രജ്ഞനായ സ്വിസ് കർദ്ദിനാൾ പോൾ എമിൽ ഷെറിഗ് ദിവംഗതനായി

പ്രവാചകശബ്ദം 13-05-2026 - Wednesday

റോം: ഇറ്റലിയുൾപ്പെടെ വിവിധ രാജ്യങ്ങളിൽ അപ്പസ്തോലിക ന്യൂൺഷ്യോയായി സേവനം ചെയ്ത സ്വിസ് കർദ്ദിനാൾ പോൾ എമിൽ ഷെറിഗ് (79) ദിവംഗതനായി. അപ്പസ്തോലിക നൂൺഷ്യോ എന്ന നിലയിലും, പരിശുദ്ധ സിംഹാസനത്തിന്റെ വിവിധ ഡിക്കാസ്റ്ററികളിലെ അംഗമെന്ന നിലയിലും, സേവനം ചെയ്ത അദ്ദേഹം സ്വിറ്റ്സർലണ്ടിലെ സിയോൺ രൂപതാംഗമാണ്. വത്തിക്കാനിലെ സാന്താ മാർത്ത ഭവനത്തില്‍ വിശ്രമ ജീവിതം നയിച്ചു വരികയായിരിന്ന അദ്ദേഹം ഇന്നലെ മെയ് 12 ചൊവ്വാഴ്ചയാണ് നിത്യസമ്മാനത്തിന് വിളിക്കപ്പെട്ടത്.

കര്‍ദ്ദിനാളിന്റെ വിയോഗത്തില്‍ മാര്‍പാപ്പ അനുശോചനം രേഖപ്പെടുത്തി. "സുവിശേഷത്തിന്റെ ശുശ്രൂഷിയായി സേവനമനുഷ്ഠിച്ചയാൾ" എന്നാണ് പാപ്പ കര്‍ദ്ദിനാളിനെ വിശേഷിപ്പിച്ചത്. സഭയോടും പത്രോസിന്റെ പിൻഗാമികളായ പാപ്പമാരോടുമുള്ള സ്നേഹത്തിന്റെ സാക്ഷ്യമായിരുന്നു കർദ്ദിനാൾ ഷെറിഗിന്റെ ജീവിതമെന്നും അസ്തമയമില്ലാത്ത പ്രകാശത്തിലേക്ക് കർത്താവ് അദ്ദേഹത്തെ സ്വീകരിക്കട്ടെയെന്നും ആശംസിച്ചു. പരേതനെ പരിശുദ്ധ അമ്മയുടെ മാതൃതുല്യമായ പ്രാർത്ഥനകൾക്ക് സമർപ്പിച്ച പാപ്പ, കര്‍ദ്ദിനാളിന്റെ വേർപാടിൽ ദുഃഖിക്കുന്നവർക്കു തന്റെ അപ്പസ്തോലിക ആശീർവാദവും നൽകി.

1947 ഫെബ്രുവരി 3-ന് സ്വിറ്റ്സർലണ്ടിലെ സിയോണിൽ ജനിച്ച അദ്ദേഹം, 1974 ഏപ്രിൽ 11ന് രൂപത വൈദികനായി അഭിഷിക്തനായി. റോമിലെ ഗ്രിഗോറിയൻ യൂണിവേഴ്സിറ്റിയിൽ നിന്ന് കാനോനികനിയമത്തിൽ ഡോക്ടറേറ്റ് നേടി. 1978 മുതൽ പരിശുദ്ധ സിംഹാസനത്തിന്റെ നയതന്ത്ര വിഭാഗത്തിൽ സേവനമാരംഭിച്ചു. ഉഗാണ്ട, തെക്കൻ കൊറിയ, മംഗോളിയ, ബംഗ്ലാദേശ് എന്നിവിടങ്ങളിലെ നയതന്ത്രവിഭാഗത്തിൽ സഹകാരിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1996 മെയ് 4ന് ആര്‍ച്ച് ഭിഷപ്പായി ഉയര്‍ത്തപ്പെട്ടു.

ഇതിനു പിന്നാലെ ബുറുണ്ടിയിലേക്കുള്ള അപ്പസ്തോലിക ന്യൂൺഷ്യോയായി നിയമിതനായി. 2000-ൽ അന്റിലിസ് ദ്വീപുകളിലേക്കും, 2004-ൽ കൊറിയയിലേക്കും, തുടർന്ന് 2008-ൽ നോർഡിക് രാജ്യങ്ങളിലേക്കും, 2012-ൽ അർജന്റീനയിലേക്കും അപ്പസ്തോലിക ന്യൂൺഷ്യോയായി അയക്കപ്പെട്ടു. 2017ന് ഇറ്റലിയിലേക്കുള്ള ഇറ്റലിയുടെ പുറത്തുനിന്നുള്ള പ്രഥമ അപ്പസ്തോലിക ന്യൂൺഷ്യോ ആയി നിയമിക്കപ്പെട്ട അദ്ദേഹത്തെ 2023 സെപ്റ്റംബർ 30ന് ഫ്രാൻസിസ് പാപ്പ കർദ്ദിനാൾ പദവിയിലേക്കുയർത്തി. രണ്ടു വര്‍ഷം മുന്‍പ് നയതന്ത്രവിഭാഗത്തിലെ പ്രവർത്തനം അവസാനിപ്പിച്ച അദ്ദേഹം റോമിൽ വിശ്രമജീവിതം നയിച്ചുവരികയായിരുന്നു.

♦️ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️




Related Articles »