News
ഫാത്തിമ നാഥയുടെ സംരക്ഷണ വലയത്തില്‍: വിശുദ്ധ ജോൺ പോൾ രണ്ടാമന് വെടിയേറ്റതിനു ഇന്നേക്ക് 45 വര്‍ഷം
പ്രവാചകശബ്ദം 13-05-2026 - Wednesday
വത്തിക്കാന്‍ സിറ്റി: ഫാത്തിമ നാഥയുടെ തിരുനാൾ ദിനത്തിൽ വിശുദ്ധ ജോൺ പോൾ രണ്ടാമന് മാർപാപ്പയ്ക്ക് വെടിയേറ്റതിനു ഇന്നേക്ക് 45 വര്‍ഷം. 1981 മെയ് 13നാണ് വിശുദ്ധ രണ്ടാം ജോൺ പോൾ മാർപാപ്പായ്ക്ക് വത്തിക്കാന്‍ ചത്വരത്തില്‍ വെടിയേറ്റത്. ഫാത്തിമാനാഥയുടെ തിരുന്നാൾ ദിനത്തിലെ സായാഹ്നത്തിൽ, വത്തിക്കാനിൽ വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ അങ്കണത്തിൽ പ്രതിവാര പൊതുദർശനം അനുവദിക്കാനെത്തിയ രണ്ടാം ജോൺ പോൾ മാർപാപ്പ, പേപ്പൽ വാഹനത്തിൽ ജനസഞ്ചയത്തെ വലം വയ്ക്കുന്ന അവസരത്തിലാണ് തുർക്കി ഭീകരൻ മെഹമത്ത് അലി അഖ്ഗാ പാപ്പായെ വെടിവെച്ചത്.
രണ്ടു വെടിയുണ്ട പാപ്പയുടെ ശരീരത്തില്‍ സ്പര്‍ശിച്ചു. ഉടനെ തന്നെ പാപ്പയെ ആശുപത്രിയിലേക്ക് മാറ്റി. തനിക്കു വെടിയേറ്റതിൻറെ ഒന്നാം വാർഷിക ദിനത്തിൽ അതായത് 1982 മെയ് 13ന് വിശുദ്ധ രണ്ടാം ജോൺ പോൾ മാർപാപ്പ ഫാത്തിമാ നാഥയുടെ സന്നിധിയിലെത്തുകയും നന്ദിസൂചകമായി പരിശുദ്ധ അമ്മയ്ക്ക് മകുടം ചാർത്തുകയും ചെയ്തിരിന്നു. പാപ്പയുടെ ശരീരത്തിൽ നിന്നെടുത്തു രണ്ടു വെടിയുണ്ടകളിൽ ഒരെണ്ണം ഈ കിരീടത്തിൽ പതിച്ചിട്ടുണ്ട്.
ഇതേ വര്‍ഷം ഡിസംബര്‍ 27ന് പാപ്പ റോമിലെ റെബീബിയയിലുള്ള തടവറയിലെത്തി അലി അഖ്കായെ സന്ദർശിക്കുകയും മാപ്പു നല്‍കുകയും ചെയ്തിരുന്നു. പാപ്പയുടെ അഭ്യർത്ഥനപ്രകാരം ഇറ്റാലിയൻ പ്രസിഡന്റ് കാർലോ അസെഗ്ലിയോ സിയാമ്പി കുറ്റവാളിക്ക് മാപ്പ് നൽകി. വൈകാതെ ഇയാളെ തുർക്കിയിലേക്ക് മടക്കി അയച്ചു. ഫാത്തിമ തിരുനാള്‍ ദിനത്തില്‍ വത്തിക്കാന്‍ ചത്വരത്തില്‍ നടന്ന വധശ്രമവും അതില്‍ നിന്നു മാര്‍പാപ്പ അത്ഭുതകരമായി രക്ഷപ്പെട്ടതും പ്രതിയ്ക്ക് പാപ്പ നിരുപാധികം മാപ്പ് നല്കിയതും നാലര പതിറ്റാണ്ടിന് ശേഷവും ഇന്നും സഭാചരിത്രത്തില്‍ മറക്കാത്ത ഓര്‍മ്മയായി അവശേഷിക്കുകയാണ്.
♦️ 'പ്രവാചകശബ്ദ'ത്തെ സഹായിക്കാമോ? ♦️


















