News
വത്തിക്കാന്‍ ഗവർണറേറ്റിന്റെ തലപ്പത്ത് ആദ്യമായി വനിത; ചരിത്ര നിയോഗവുമായി സിസ്റ്റർ റാഫേല്ല പെട്രിനി
പ്രവാചകശബ്ദം 22-01-2025 - Wednesday
വത്തിക്കാൻ സിറ്റി: വത്തിക്കാൻ ഭരണസിരാകേന്ദ്രമായ ഗവർണറേറ്റിൻ്റെ തലപ്പത്ത് ആദ്യമായി വനിത നിയമനം. കർദ്ദിനാൾ ഫെർണാണ്ടോ വേർഗെസ് അൽസാഗ വിരമിക്കുന്ന ഒഴിവിലാണ് ഗവർണറേറ്റിൻറെ പുതിയ പ്രസിഡൻറായി സിസ്റ്റർ റാഫേല്ല പെട്രിനിയെ ഫ്രാൻസിസ് മാർപാപ്പ നിയമിച്ചിരിക്കുന്നത്. മാർച്ച് മാസം മുതലാണ് പുതിയ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടത്. വത്തിക്കാനിൽ ഭരണകേന്ദ്രങ്ങളിൽ വനിതകൾക്ക് കൂടുതൽ പ്രാതിനിധ്യം നൽകുന്ന നിരവധി നിയമനങ്ങള്‍ മാര്‍പാപ്പ ഇതിനോടകം നടത്തിയിരിന്നു. ചരിത്രത്തില്‍ ആദ്യമായി റോമൻ കൂരിയയുടെ ഭാഗമായ സമർപ്പിത സമൂഹങ്ങൾക്കുവേണ്ടിയുള്ള വത്തിക്കാൻ ഡിക്കാസ്റ്ററിയുടെ പ്രീഫെക്ടായി ഇറ്റാലിയന്‍ സ്വദേശിനിയായ സിസ്റ്റർ സിമോണ ബ്രാംബില്ലയെ ഫ്രാന്‍സിസ് പാപ്പ നിയമിച്ചത് ജനുവരി ആദ്യവാരത്തിലാണ്.
1969 ജനുവരി 15 ന് റോമിലാണ് സിസ്റ്റർ റാഫേല്ല പെട്രിനിയുടെ ജനനം. ഫ്രാൻസിസ്കൻ സിസ്റ്റേഴ്‌സ് ഓഫ് ദി യൂക്കരിസ്റ്റിക്ക് എന്ന സന്യസ സമൂഹാംഗമാണ്. റോമിലെ ലൂയിസ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് പൊളിറ്റിക്കൽ സയൻസിൽ ബിരുദവും ബാർണി സ്‌കൂൾ ഓഫ് ബിസിനസ്സിൽ നിന്ന് "സയൻസ് ഓഫ് ഓർഗനൈസേഷൻ ബിഹേവിയർ" എന്ന വിഷയത്തിൽ ബിരുദാനന്തര ബിരുദവും സെന്റ് തോമസ് അക്വിനാസിന്റെ പൊന്തിഫിക്കൽ യൂണിവേഴ്‌സിറ്റിയിൽ നിന്ന് സോഷ്യൽ സയൻസസിൽ ഡോക്ടറേറ്റും അവര്‍ നേടി.
2015 മുതൽ 2019 വരെ റോമിലെ കാമിലിയൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാസ്റ്ററൽ തിയോളജി ഓഫ് ഹെൽത്തിൽ സഭയുടെ സാമൂഹിക സിദ്ധാന്തവും ആരോഗ്യ സാമൂഹ്യശാസ്ത്രവും പഠിപ്പിച്ച സിസ്റ്റർ റാഫേല്ല, പൊന്തിഫിക്കൽ യൂണിവേഴ്സിറ്റി ഓഫ് സോഷ്യൽ സയൻസസിലെ ഫാക്കൽറ്റി ഓഫ് സോഷ്യൽ സയൻസസിൽ വെൽഫെയർ ഇക്കണോമിക്സ്, സോഷ്യോളജി ഓഫ് എക്കണോമിക് പ്രോസസ് പ്രൊഫസറായി സേവനം ചെയ്തിട്ടുണ്ട്. ഇതോടൊപ്പം വത്തിക്കാൻ മ്യൂസിയങ്ങൾ, പോസ്റ്റ് ഓഫീസ്, പോലീസ് എന്നിവയുടെ ചുമതലയും വഹിച്ചു. 2021 മുതല്‍ വത്തിക്കാൻ സിറ്റി സ്റ്റേറ്റ് ഗവർണറേറ്റിന്റെ സെക്രട്ടറി ജനറലായി സേവനം ചെയ്തു വരികയായിരിന്നു സിസ്റ്റർ റാഫേല്ല പെട്രിനി.
▛ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ▟
