News

ജീവന്റെ സംരക്ഷണത്തിന് തലേന്ന് പ്രാര്‍ത്ഥന, പിറ്റേന്ന് തെരുവില്‍ റാലി; അമേരിക്കയെ ഇളക്കി മറിച്ച് വീണ്ടും മാര്‍ച്ച് ഫോര്‍ ലൈഫ്

പ്രവാചകശബ്ദം 25-01-2025 - Saturday

വാഷിംഗ്ടൺ ഡി.സി: ഓരോ മനുഷ്യ ജീവനും ദൈവത്തിന്റെ ദാനവും അമൂല്യ സമ്മാനവുമാണെന്ന പ്രഘോഷണത്തോടെ അമേരിക്കയിലെ വാഷിംഗ്ടണില്‍ നടന്ന 'മാര്‍ച്ച് ഫോര്‍ ലൈഫ്' പ്രോലൈഫ് റാലിയില്‍ ലക്ഷങ്ങളുടെ പങ്കാളിത്തം. ഇന്നലെ വെള്ളിയാഴ്ച വാഷിംഗ്ടൺ ഡി.സി.യിലെ നാഷണൽ മാളിൽ നിന്ന് സുപ്രീം കോടതി പരിസരത്തേക്ക് നടന്ന 52-ാമത് വാർഷിക മാർച്ച് ഫോർ ലൈഫിനായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് മലയാളികള്‍ ഉള്‍പ്പെടെ പതിനായിരങ്ങള്‍ എത്തിച്ചേരുകയായിരിന്നു. കൻസാസ് സിറ്റി അതിരൂപതയിലെ ആർച്ച് ബിഷപ്പ് ജോസഫ് നൗമാൻ പ്രാർത്ഥന നയിച്ചു.

റെക്കോർഡ് ചെയ്ത വീഡിയോ സന്ദേശത്തിലൂടെ പുതിയ യു‌എസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് സന്ദേശം നല്‍കിയപ്പോള്‍ വൈസ് പ്രസിഡൻ്റ് ജെഡി വാൻസ് നേരിട്ടു സന്ദേശം നല്‍കി. മാർച്ച് ഫോർ ലൈഫ് പ്രസിഡൻ്റ് ജെന്നി ബ്രാഡ്‌ലി ലിച്ചർ, ഫ്ലോറിഡ ഗവർണർ റോൺ ഡിസാന്‍റിസ്, നോർത്ത് ഡക്കോട്ടയിലെ സെനറ്റര്‍ ജോൺ തുൺ, ഹൗസ് സ്പീക്കർ മൈക്ക് ജോൺസൺ, ന്യൂജേഴ്‌സിയിലെ റിപ്പബ്ലിക്കൻ പ്രതിനിധി ക്രിസ് സ്മിത്ത് തുടങ്ങീ ഒട്ടേറെ പ്രമുഖരും ജീവന് വേണ്ടി സ്വരമുയര്‍ത്തി സന്ദേശം നല്‍കി.

റാലിയുടെ തലേന്ന് വ്യാഴാഴ്ച വാഷിംഗ്ടൺ ഡി.സി.യിലെ നാഷണൽ ഇമ്മാക്കുലേറ്റ് കൺസെപ്‌ഷന്‍ കത്തീഡ്രലില്‍ നടന്ന ജാഗരണ പ്രാര്‍ത്ഥനയില്‍ അയ്യായിരത്തിലധികം വിദ്യാർത്ഥികളും നൂറുകണക്കിന് കത്തോലിക്ക വിശ്വാസികളും പങ്കെടുത്തു. കൻസാസ് സിറ്റി ആർച്ച് ബിഷപ്പ് ജോസഫ് നൗമാൻ, പ്രാരംഭ ബലിയില്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചു സന്ദേശം നല്‍കി. നാല് കർദ്ദിനാളുമാരും 21 ബിഷപ്പുമാരും ആര്‍ച്ച് ബിഷപ്പിനൊപ്പം വിശുദ്ധ കുർബാന അർപ്പിച്ചു. 50 ഡീക്കൻമാരും 300 സെമിനാരി വിദ്യാര്‍ത്ഥികളും നിരവധി സന്യസ്ഥരും സന്നിഹിതരായിരുന്നു.

ഗർഭഛിദ്രത്തിനെതിരെ വാഷിംഗ്ടണ്‍ ഡി.സിയിൽ എല്ലാവർഷവും നടത്തിവരാറുള്ള പ്രതിഷേധ റാലിയാണ് ‘മാർച്ച് ഫോർ ലൈഫ്’. ഡിഫെൻസ് ഫണ്ടിന്റേയും മാർച്ച് ഫോർ എഡ്യുക്കേഷന്റേയും സഹകരണത്തോടെയാണ് റാലി സംഘടിപ്പിക്കുന്നത്. ഭ്രൂണഹത്യ എന്ന മാരക തിന്മയ്ക്കെതിരെ നടക്കുന്ന ലോകത്തെ ഏറ്റവും വലിയ പ്രോലൈഫ് റാലിയാണ് മാര്‍ച്ച് ഫോര്‍ ലൈഫ്. കത്തോലിക്ക സഭയില്‍ നിന്നു ഉള്‍പ്പെടെ വിവിധ ക്രൈസ്തവ സമൂഹങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ റാലിയില്‍ പങ്കെടുക്കുന്നുണ്ട്. എല്ലാ വര്‍ഷവും റാലിയില്‍ നൂറുകണക്കിന് മലയാളികളും അണിനിരക്കുന്നുണ്ട്.

കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ?


Related Articles »