News - 2025

കോംഗോയിലെ സാഹചര്യങ്ങളില്‍ കടുത്ത ആശങ്കയറിയിച്ച് യൂറോപ്യൻ മെത്രാൻ സമിതി

പ്രവാചകശബ്ദം 14-02-2025 - Friday

സെന്‍റ് ഗാല്ലന്‍ (സ്വിറ്റ്സര്‍ലന്‍ഡ്): വിമത പോരാളികള്‍ നടത്തിയ ആക്രമണങ്ങളും, അതിനെത്തുടർന്നുണ്ടായ പ്രത്യാക്രമണങ്ങളും മൂലം സാധാരണ ജനജീവിതം ഗുരുതരാവസ്ഥയിലായ കോംഗോ ഡെമോക്രാറ്റിക്‌ റിപ്പബ്ലിക്കിലെ ആളുകൾ നേരിടുന്ന ദുരിതങ്ങളിൽ ആശങ്കയറിയിച്ച് യൂറോപ്പിലെ സംയുക്ത മെത്രാൻ സമിതി. രാജ്യം നേരിടുന്ന പ്രതിസന്ധിയിൽ യൂറോപ്പിന്റെ അടിയന്തിര ഇടപെടലുണ്ടാകണമെന്ന് ഫെബ്രുവരി പന്ത്രണ്ടിന് പുറത്തുവിട്ട പ്രസ്താവനയിലൂടെ മെത്രാൻ സമിതി പ്രസിഡന്റ് ബിഷപ്പ് മരിയാനോ ക്രൊച്ചാത്ത ആവശ്യപ്പെട്ടു. യൂറോപ്യൻ യൂണിയൻ സംയുക്ത മെത്രാൻ സമിതിയിൽ എത്തിയ ഗോമ രൂപതാദ്ധ്യക്ഷൻ ബിഷപ്പ് വില്ലി എൻഗുംബി എൻഗെൻഗെലെ കോംഗോയിലെ സ്ഥിതിഗതികളേക്കുറിച്ച് വിവരിച്ചതിന് പിന്നാലെയാണ് ആര്‍ച്ച് ബിഷപ്പ് മരിയാനോ മെത്രാൻ സമിതിയുടെ പേരിൽ ദുഃഖവും ആശങ്കയും രേഖപ്പെടുത്തിയത്.

വിമത സംഘടന പ്രവർത്തകരും സഖ്യകക്ഷികളും ഗോമ നഗരത്തിലും, കോംഗോയുടെ മറ്റിടങ്ങളിലും അഴിച്ചുവിട്ട കടുത്ത ആക്രമണങ്ങളിൽ മൂവായിരത്തോളം ആളുകൾ കൊല്ലപ്പെടുകയും, പതിനായിരക്കണക്കിനാളുകൾ കുടിയിറങ്ങാൻ നിർബന്ധിതരാവുകയും ചെയ്തിരുന്നു. ദേവാലയങ്ങൾ, ആശുപത്രികൾ, സ്‌കൂളുകൾ, തുടങ്ങി വിവിധ സ്ഥാപനങ്ങൾക്കു നേരെ നടന്ന ആക്രമണങ്ങളിൽ, നിരവധി നവജാതശിശുക്കളും സ്ത്രീകളും കുട്ടികളും കൊല്ലപ്പെട്ടിരുന്നു. യൂറോപ്യൻ യൂണിയൻ കോംഗോയ്‌ക്കുള്ള മാനവികസഹായമായി ഏർപ്പെടുത്തിയ അറുപത് മില്യൺ യൂറോയുടെ പാക്കേജ്‌, സമാധാനത്തിലേക്ക് കത്തോലിക്ക - പ്രൊട്ടസ്റ്റന്റ് കൂട്ടായ്മ മുന്നോട്ടുവച്ച പദ്ധതി എന്നിവയെ ബിഷപ്പ് ചെയ്തു.

സാധാരണ ജനത്തിന്റെ സംരക്ഷണത്തിനായും, മാനവികസഹായങ്ങൾ ലഭ്യമാക്കുന്നതിനായും കൂടുതൽ ശക്തമായ ശ്രമങ്ങൾ വേണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു. കോംഗോയിലെ സംഘർഷം സമാധാനപരമായ മാർഗ്ഗങ്ങളിലൂടെ അവസാനിപ്പിക്കാൻ, പ്രാദേശിക അധികാരികളോടും, അന്താരാഷ്ട്രസമൂഹത്തോടും യൂറോപ്യൻ യൂണിയൻ മെത്രാൻ സമിതികളുടെ പ്രസിഡന്റ് ആവശ്യപ്പെട്ടു. ജനുവരി 27നാണ് മധ്യ ആഫ്രിക്കന്‍ രാജ്യമായ റുവാണ്ട പിന്തുണയുള്ള M23 വിമത സൈന്യത്തിലെ ആളുകള്‍ നഗരത്തില്‍ ആക്രമണം ആരംഭിക്കുന്നത്. മരുന്നുകളുടെ ക്ഷാമം ഉൾപ്പെടെയുള്ള പ്രതിസന്ധികൾ മൂലം രോഗികളും പരിക്കേറ്റവരും കടുത്ത ബുദ്ധിമുട്ടിലാണെന്ന് ഗോമ രൂപതാദ്ധ്യക്ഷൻ അടുത്തിടെ വെളിപ്പെടുത്തിയിരിന്നു.

♦️ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️



Related Articles »