News - 2025

പാലസ്തീൻ ജനത നാടുകടത്തപ്പെടരുത്, അവര്‍ക്ക് സ്വന്തം നാട്ടിൽ ജീവിക്കാൻ കഴിയണം: കർദ്ദിനാൾ പരോളിൻ

പ്രവാചകശബ്ദം 15-02-2025 - Saturday

റോം: പാലസ്തീൻ ജനത നാടുകടത്തപ്പെടരുതെന്നും അവര്‍ക്ക് സ്വന്തം നാട്ടിൽ ജീവിക്കാൻ കഴിയുന്ന സാഹചര്യം ഉണ്ടാക്കണമെന്നും വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയട്രോ പരോളിൻ. ലാറ്ററൻ ഉടമ്പടി പ്രകാരം ഇറ്റലിയിൽ നിന്ന് വത്തിക്കാൻ സ്വതന്ത്രമായി ഒരു പരമാധികാര നഗര രാഷ്ട്രമായിത്തീർന്നതിൻറെ തൊണ്ണൂറ്റിയാറാം വാർഷികത്തോടനുബന്ധിച്ച ഫെബ്രുവരി 13 വ്യാഴാഴ്‌ച നടന്ന സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഇറ്റലിയുടെ പ്രസിഡൻറ് സേർജിയോ മത്തരേല്ല ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരിന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഗാസയിൽ ജനിച്ചുവളർന്നവർക്ക് സ്വന്തം മണ്ണിൽ ജീവിക്കാൻ കഴിയണമെന്നും അവരെ അവിടെനിന്ന് ഒഴിപ്പിക്കാനുള്ള ശ്രമങ്ങൾ പിരിമുറുക്കങ്ങൾ സൃഷ്ടിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഗാസയിൽ നിന്നു പുറത്തുപോകാൻ നിർബന്ധിതരാകുന്നവരെ സ്വീകരിക്കുന്ന കാര്യത്തിൽ ജോർദ്ദാൻറെ രാജാവ് വിസമ്മതം പ്രകടിപ്പിച്ചതും കർദ്ദിനാൾ പരോളിൻ ചൂണ്ടിക്കാട്ടി. പാലസ്തീൻ ജനതയ്ക്ക് പാലസ്തീൻ രാഷ്ട്രവും ഇസ്രായേൽ ജനതയ്ക്ക് ഇസ്രായേൽ രാഷ്ട്രവും എന്ന പരിഹാരം ആണ് വേണ്ടതെന്നും ഇത് ജനതകൾക്ക് പ്രത്യാശ പകരുമെന്നും കർദ്ദിനാൾ പിയട്രോ പരോളിൻ പറഞ്ഞു.

പാലസ്തീനികളെ സമീപരാഷ്ട്രങ്ങളിലേക്ക്‌ മാറ്റിയ ശേഷം ഗാസ സ്വന്തമാക്കുമെന്നു അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് കഴിഞ്ഞ ദിവസം പറഞ്ഞിരിന്നു. ഇത് വലിയ വിവാദത്തിന് കാരണമായിരിന്നു. ഈ പശ്ചാത്തലത്തിലാണ് വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറിയുടെ പ്രതികരണമെന്നതും ശ്രദ്ധേയമാണ്. ഹമാസ് ഇസ്രായേലിന് നേർക്ക് നടത്തിയ ആക്രമണത്തിന് പിന്നാലെ ഒരുകൊല്ലത്തിലധികമായി നടന്നുവരുന്ന യുദ്ധത്തെ തുടർന്ന് അതിദാരുണമായ ജീവിതമാണ് പാലസ്‌തീനികൾ നയിക്കുന്നതെന്നും അതിനാൽ ഗാസ വിടുന്നതിൽ പാലസ്തീനികൾക്ക് സന്തോഷമേ ഉണ്ടാകുകയുള്ളൂവെന്നു ട്രംപ് കഴിഞ്ഞ ദിവസം പറഞ്ഞിരിന്നു.

♦️ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️


Related Articles »