News
"ചോസണ്‍: ലാസ്റ്റ് സപ്പർ"; യേശുവിന്റെ മരണത്തിന് തൊട്ടുമുമ്പുള്ള സുപ്രധാന ഭാഗങ്ങളുമായി ട്രെയിലർ പുറത്ത്
പ്രവാചകശബ്ദം 21-02-2025 - Friday
ന്യൂയോര്‍ക്ക്: യേശു ക്രിസ്തുവിന്റെ പരസ്യജീവിതത്തെ കേന്ദ്രമാക്കി നിര്‍മ്മിച്ച് പ്രേക്ഷകര്‍ക്ക് ഇടയില്‍ വന്‍ ഹിറ്റായി മാറിയ 'ദ ചോസൺ' ബൈബിള്‍ പരമ്പരയിലെ "ചോസണ്‍: ലാസ്റ്റ് സപ്പർ" സീസൺ 5-ന്റെ ഔദ്യോഗിക ട്രെയിലർ പുറത്തിറങ്ങി. ഇന്നലെ ഫെബ്രുവരി 20-ന് പുറത്തിറക്കിയ ട്രെയിലര്‍ ഇതിനോടകം ഏഴുലക്ഷത്തിലധികം പേരാണ് കണ്ടിരിക്കുന്നത്. യേശുവിന്റെ മരണത്തിന് തൊട്ടുമുമ്പുള്ള ആഴ്‌ചയിലെ നിരവധി സുപ്രധാന നിമിഷങ്ങളെ അടയാളപ്പെടുത്തിയാണ് ട്രെയിലര്‍. ജറുസലേമിലേക്കുള്ള യേശുവിന്റെ രാജകീയ പ്രവേശനം, ദേവാലയ ശുദ്ധീകരണം, യൂദാസിന്റെ വഞ്ചന, അന്ത്യ അത്താഴം എന്നിവ ഉൾപ്പെടെ സീസൺ 5ല്‍ പ്രമേയമാകുന്നുണ്ടെന്നാണ് ട്രെയിലര്‍ സൂചിപ്പിക്കുന്നത്.
"ദി ചോസൻ: ലാസ്റ്റ് സപ്പർ" മൂന്ന് ഭാഗങ്ങളായാണ് തീയേറ്ററുകളിൽ റിലീസ് ചെയ്യുന്നത്. ഇതിന്റെ ആദ്യ ഭാഗം മാർച്ച് 28നും ഭാഗം 2 ഏപ്രിൽ 4നും ഭാഗം 3 ഏപ്രിൽ 11നും റിലീസ് ചെയ്യുമെന്ന് ചോസണ്‍ ടീം മാധ്യമങ്ങളെ അറിയിച്ചിട്ടുണ്ട്. അതേസമയം "ദി ചോസൻ" സീരീസിന്റെ യുഎസ് സ്ട്രീമിംഗ് പങ്കാളി മുന്‍ നിര ഓടിടി പ്ലാറ്റ്ഫോമായ ആമസോണ്‍ പ്രൈം വീഡിയോയായിരിക്കുമെന്ന് ഷോയുടെ നിര്‍മ്മാതാവും സംവിധായകനുമായ ഡാളസ് ജെങ്കിൻസ് പ്രഖ്യാപിച്ചു. ജെങ്കിൻസിൻ്റെ 5&2 സ്റ്റുഡിയോയും ആമസോൺ എംജിഎം സ്റ്റുഡിയോയും തമ്മിലുള്ള പുതിയ കരാറിന്റെ ഭാഗമായാണ് ഇതെന്ന് മാധ്യമ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.
സീസൺ അഞ്ചിന്റെ തിയേറ്റർ റിലീസിന് ശേഷം, പ്രൈം വീഡിയോയ്ക്ക് 90 ദിവസത്തേക്ക് എക്സ്ക്ലൂസീവ് സ്ട്രീമിംഗ് അവകാശം ഉണ്ടായിരിക്കും. 90 ദിവസത്തെ കാലയളവിന് ശേഷം, സീസൺ 5 സൗജന്യമായി ചോസണ്‍ ആപ്പിൽ റിലീസ് ചെയ്യും. തുടര്‍ന്നു ചോസണ്‍ അഞ്ച് സീസണുകളും പ്രൈം വീഡിയോയിലും ചോസണ്‍ ആപ്പിലും ലഭ്യമാകുമെന്നും 5&2 സ്റ്റുഡിയോ അറിയിച്ചു. പൂര്‍ണ്ണമായും ക്രൌഡ് ഫണ്ടിംഗിലൂടെ നിര്‍മ്മിച്ച ദി ചോസണ്‍ ലോകത്ത് ഏറ്റവുമധികം ആളുകള്‍ കണ്ടിട്ടുള്ള പരമ്പരകളില്‍ ഒന്നാണ്. ഏതാണ്ട് 60 കോടി ആളുകളാണ് ഈ പരമ്പരയ്ക്കു പ്രേക്ഷകരായിട്ടുള്ളത്.
ലോക ചരിത്രത്തില്‍ ഏറ്റവുമധികം തര്‍ജ്ജമ ചെയ്യപ്പെട്ട പരമ്പര എന്ന പദവിക്ക് അരികിലാണ് ‘ദി ചോസണ്‍’ ഇപ്പോള്‍. അന്‍പതോളം ഭാഷകളില്‍ ഈ പരമ്പര തര്‍ജ്ജമ ചെയ്തിട്ടുണ്ട്. 600 ഭാഷകളില്‍ സബ്ടൈറ്റില്‍ ലഭ്യമാക്കുവാനും അണിയറക്കാര്‍ക്ക് പദ്ധതിയുണ്ട്. ഇറങ്ങിയ മുന്‍ സീരിസുകള്‍ എല്ലാം തന്നെ ഹിറ്റായതിനാല്‍ പുതിയ എപ്പിസോഡിന് വേണ്ടി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ലോകമെമ്പാടുമുള്ള പ്രേക്ഷകര്‍.
♦️ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️
