News

ലെയോ പാപ്പയെ കേന്ദ്രമാക്കിയുള്ള ഡോക്യുമെന്ററിയുടെ ട്രെയിലര്‍ പുറത്ത്

പ്രവാചകശബ്ദം 18-09-2025 - Thursday

ചിക്കാഗോ: അമേരിക്കന്‍ സ്വദേശിയായ ലെയോ പതിനാലാമൻ മാർപാപ്പയുടെ ചിക്കാഗോയിലെ ജീവിതം സൂക്ഷ്മമായി അടയാളപ്പെടുത്തിയുള്ള ഡോക്യുമെന്ററിയുടെ ട്രെയിലര്‍ പുറത്ത്. "ചിക്കാഗോയിൽ നിന്നുള്ള ലെയോ" എന്ന പേര് നല്കിയിരിക്കുന്ന ഡോക്യുമെന്ററി ചിത്രത്തിന്റെ ട്രെയിലർ കഴിഞ്ഞ ദിവസമാണ് വത്തിക്കാന്‍ പുറത്തുവിട്ടത്. ലെയോ പാപ്പയുടെ സഹോദരന്മാരായ ലൂയിസും ജോണും പാപ്പയുടെ ജീവിതത്തെ കുറിച്ച് ഡോക്യുമെന്ററിയിൽ സംസാരിക്കുന്നുണ്ട്.

റോബർട്ട് പ്രെവോസ്റ്റ് എന്ന ലെയോ പാപ്പയുടെ ചിക്കാഗോയിലെ ജീവിതത്തെ മുഖ്യകേന്ദ്രമാക്കിയാണ് അവതരണം. വത്തിക്കാൻ മീഡിയായുടെ യൂട്യൂബ് ചാനലുകളിൽ വിവിധ ഭാഷകളിലായാണ് ഡോക്യുമെന്ററി പുറത്തിറക്കുന്നത്. അമേരിക്കയില്‍ ഉടനീളമുള്ള ലെയോ പതിനാലാമൻ മാർപാപ്പയുടെ ആദ്യകാല ജീവിതത്തിന്റെ ഛായാചിത്രമായിരിക്കും കാഴ്ചക്കാർക്ക് വാഗ്ദാനം ചെയ്യുകയെന്ന് വത്തിക്കാന്‍ വ്യക്തമാക്കി. കഴിഞ്ഞ ജൂണിൽ പുറത്തിറങ്ങിയ "ലിയോൺ ഡി പെറു" എന്ന ഡോക്യുമെന്ററിയുടെ തുടർച്ചയാണ് "ലെയോ ഫ്രം ചിക്കാഗോ".

പെറുവിലെ സേവനത്തിനായുള്ള പാപ്പയുടെ യാത്രയെക്കുറിച്ചും ചിത്രം സംസാരിക്കും. ഗണിതത്തിലും ദൈവശാസ്ത്രത്തിലും പഠനം നടത്തിയ ശേഷം വിശുദ്ധ അഗസ്റ്റിന്റെ സന്യാസ സമൂഹത്തില്‍ ചേര്‍ന്ന പാപ്പയുടെ ആദ്യകാല ജീവിതവും സഹ വിദ്യാർത്ഥികളുമായുള്ള ബന്ധവും പ്രോലൈഫ് പ്രവര്‍ത്തനങ്ങളോട് കാണിച്ച സമീപനവും ഡോക്യുമെന്ററിയില്‍ പ്രമേയമാകുമെന്നാണ് സൂചന. ഡോക്യുമെന്ററി ഒക്ടോബറിൽ പുറത്തിറക്കുമെന്നാണ് കരുതപ്പെടുന്നത്.

പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍


Related Articles »