News

അപകടനില തരണം ചെയ്‌തിട്ടില്ല; ഫ്രാന്‍സിസ് പാപ്പ ഒരാഴ്ച കൂടി ആശുപത്രിയിൽ തുടരേണ്ടി വരുമെന്ന് മെഡിക്കല്‍ ടീം

പ്രവാചകശബ്ദം 22-02-2025 - Saturday

വത്തിക്കാൻ സിറ്റി: ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യാവസ്ഥയില്‍ പുരോഗതിയുണ്ടെന്നും അതേസമയം അപകടനില തരണം ചെയ്‌തിട്ടില്ലായെന്നും മെഡിക്കൽ സംഘത്തിലെ ഡോ. സെർജിയോ ആൽഫിയേരി മാധ്യമങ്ങളെ അറിയിച്ചു. ഒരാഴ്ച കൂടി പാപ്പ ആശുപത്രിയിൽ തുടരേണ്ടിവരുമെന്നും തന്റെ ആരോഗ്യനിലയെക്കുറിച്ചുള്ള വിവരങ്ങളൊന്നും ലോകത്തിനുമുമ്പാകെ മറച്ചുവയ്ക്കരുതെന്ന് മാർപാപ്പ നിർദേശിച്ചിട്ടുണ്ടെന്നും ഡോക്‌ടർ വെളിപ്പെടുത്തി. മുന്‍പ് വത്തിക്കാന്‍ വക്താവ് മാറ്റിയോ ബ്രൂണിയാണ് പാപ്പയുടെ ആരോഗ്യാവസ്ഥ സംബന്ധിക്കുന്ന വിവരം ലോകത്തെ അറിയിച്ചിരിന്നതെങ്കില്‍ പതിവിനു വിപരീതമായി ഇതാദ്യമായി മാർപാപ്പയെ ചികിത്സിക്കുന്ന മെഡിക്കൽ സംഘം നേരിട്ടു മാധ്യമങ്ങളെ കാണുകയായിരിന്നു.

റോമിലെ ജെമെല്ലി ഹോസ്പിറ്റലിൽ വത്തിക്കാൻ നടത്തിയ പത്രസമ്മേളനത്തിൽ, ജെമെല്ലി ഹോസ്പിറ്റലിൻ്റെ മെഡിക്കൽ ടീം മേധാവി ഡോ. സെർജിയോ ആൽഫിയേരിയും വത്തിക്കാനില്‍ നിന്ന് മാർപാപ്പയെ റഫർ ചെയ്ത ഡോക്ടർ ഡോ. ലൂയിജി കാർബോണും സംസാരിച്ചു. 88 വയസ്സുള്ള പരിശുദ്ധ പിതാവ് കൂടുതല്‍ മെച്ചപ്പെട്ട ചികിത്സയ്ക്കായി ആശുപത്രിയിൽ തുടരേണ്ട സാഹചര്യമുണ്ടെന്നും ഇരുവരും അറിയിച്ചു. അടുത്ത ആഴ്ച്ച മുഴുവൻ ഫ്രാന്‍സിസ് പാപ്പ ആശുപത്രിയില്‍ തുടരുമെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി. ഒരുപക്ഷേ സാഹചര്യം മാറിയേക്കാമെന്നും അവര്‍ പറഞ്ഞു.

ആശുപത്രിയിൽ ആയിരിക്കുമ്പോൾ മാർപാപ്പ രേഖകൾ വായിക്കുകയും ജോലി ചെയ്യുകയും ഒപ്പിടുകയും ചെയ്യുന്നതായി ജെമെല്ലി മെഡിക്കൽ ടീം മേധാവി സ്ഥിരീകരിച്ചു. ശ്വാസകോശ സംബന്ധമായ അണുബാധ ആയിരിന്നു ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. ആദ്യം ന്യുമോണിയ ഇല്ലായിരുന്നു. തുടർന്നുള്ള ദിവസങ്ങളിൽ സിടി സ്കാനിലാണ് ബൈലാറ്ററല്‍ ന്യുമോണിയ കണ്ടെത്തിയത്. ഇതുവരെ മാര്‍പാപ്പയെ മെഡിക്കല്‍ ജീവനോപാധികളുമായി ബന്ധിപ്പിച്ചിട്ടില്ല. എങ്കിലും, ശ്വസനത്തെ സഹായിക്കാൻ അദ്ദേഹം ഇടയ്ക്കിടെ ഓക്സിജൻ സഹായം ഉപയോഗിക്കുന്നുണ്ടെന്നും മെഡിക്കല്‍ ടീം അറിയിച്ചു. ഇക്കഴിഞ്ഞ 14നാണ് ഫ്രാൻസിസ് മാർപാപ്പയെ റോമിലെ ജെമെല്ലി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

♦️ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️


Related Articles »