News - 2025

യുക്രൈന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് അമേരിക്കന്‍ മെത്രാന്‍ സമിതി

പ്രവാചകശബ്ദം 04-03-2025 - Tuesday

വാഷിംഗ്ടണ്‍ ഡി‌സി: റഷ്യന്‍ അധിനിവേശ ആക്രമണങ്ങള്‍ക്കിടയില്‍ നിന്നു കരകയറുവാന്‍ പാടുപ്പെടുന്ന യുക്രൈന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് അമേരിക്കന്‍ മെത്രാന്‍ സമിതി. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും യുക്രൈൻ പ്രസിഡൻ്റ് സെലൻസ്‌കിയും തമ്മിൽ വെള്ളിയാഴ്‌ച വൈറ്റ് ഹൗസിൽ നടന്ന ചർച്ച അലസിപ്പിരിഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് യുക്രൈന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് യു‌എസ് മെത്രാന്‍ സമിതി അധ്യക്ഷന്‍ ആർച്ച് ബിഷപ്പ് തിമോത്തി ബ്രോഗ്ലിയോ രംഗത്ത് വന്നിരിക്കുന്നതെന്നത് ശ്രദ്ധേയമാണ്. പ്രാർത്ഥനയുടെയും, പ്രായശ്ചിത്തത്തിന്റെയും, ജീവകാരുണ്യ പ്രവർത്തനങ്ങളുടെയും സമയമായ വിശുദ്ധ നോമ്പുകാലം ആരംഭിക്കുമ്പോൾ യുക്രൈനിലെ രക്തസാക്ഷികളായ ജനങ്ങളോടുള്ള ഐക്യദാർഢ്യത്തിൽ പരിശുദ്ധ പിതാവായ ഫ്രാൻസിസ് പാപ്പയോടൊപ്പം ചേരുകയാണെന്ന് ആർച്ച് ബിഷപ്പ് പറഞ്ഞു.

റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനെയോ യുക്രൈന്‍ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കിയെയോ പേരെടുത്ത് പറയാതെ, റഷ്യൻ അധിനിവേശ പ്രദേശങ്ങളില്‍ കത്തോലിക്കാ സഭയെ പീഡിപ്പിക്കുന്നതിനെയും യുക്രൈന്‍ സർക്കാർ യുക്രേനിയൻ ഓർത്തഡോക്സ് സഭയെ (മോസ്കോ പാത്രിയാർക്കേറ്റ്) അടിച്ചമർത്തുന്നതിനെയും ആർച്ച് ബിഷപ്പ് ബ്രോഗ്ലിയോ അപലപിച്ചു. കത്തോലിക്കരായ നമുക്ക്, യുക്രൈനിലെ കഴിഞ്ഞ കാല അധിനിവേശങ്ങൾ രാജ്യത്ത് കത്തോലിക്കാ സഭയെ പലതരത്തിലുള്ള അടിച്ചമർത്തലുകൾക്ക് വിധേയമാക്കിയിട്ടുണ്ടെന്ന് നന്നായി അറിയാം; നമ്മുടെ സഹോദരീസഹോദരന്മാരെ വീണ്ടും രഹസ്യമായി പീഡിപ്പിക്കുന്നതിന് നാം അനുവദിക്കരുത്. എല്ലാ യുക്രൈന്‍ക്കാരുടെയും മതസ്വാതന്ത്ര്യത്തെ മാനിക്കണമെന്ന ഫ്രാൻസിസ് മാർപാപ്പയുടെ അഭ്യർത്ഥന ഞാൻ ആവര്‍ത്തിക്കുന്നു.

ഒരു ക്രൈസ്തവ സഭയും നേരിട്ടോ അല്ലാതെയോ തടയപ്പെടരുത്. ദേവാലയങ്ങള്‍ അക്രമത്തിന് ഇരയാക്കരുത്. വിഭൂതി ബുധനാഴ്ച ആചരണത്തില്‍ ലഭിക്കുന്ന തുക യുക്രൈന്‍ ഉൾപ്പെടെയുള്ള രാജ്യങ്ങളിലെ സഭയ്ക്ക് പ്രയോജനകരമാകുമെന്നും അമേരിക്കയിലെ കത്തോലിക്കർ, യുക്രൈന്‍റെ സമാധാനത്തിനായി പ്രാർത്ഥിക്കണമെന്നും അമേരിക്കന്‍ മെത്രാന്‍ സമിതി പ്രസിഡന്‍റ് ആഹ്വാനം ചെയ്തു. അതേസമയം ട്രംപും സെലൻസ്‌കിയും തമ്മില്‍ നടന്ന ചര്‍ച്ച അലസിയതോടെ കിഴക്കൻ യുക്രൈനിലെ ജനവാസ കേന്ദ്രങ്ങളായ ബർലാറ്റ്സ്കെയും സ്‌കുഡ്‌നെയും റഷ്യൻ സൈന്യം കീഴടക്കി. യുക്രൈനിലുടനീളം വെള്ളിയാഴ്‌ച രാത്രി വലിയ രീതിയിലുള്ള ആക്രമണമാണ് നടത്തിയത്. ഖാർഗിവ് മേഖലയിലായിരുന്നു കൂടുതൽ ആക്രമണം. 154 ഡ്രോണുകളാണ് റഷ്യ വിക്ഷേപിച്ചത്. ആക്രമണത്തിൽ നിരവധി പേർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുകയാണെന്ന റിപ്പോര്‍ട്ട് പുറത്തുവന്നിരിന്നു.

♦️ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️



Related Articles »