News - 2025

ദാരുണ മരണങ്ങൾക്ക് പിന്നാലെ ഉയരുന്ന ജനവികാരവും പ്രതിക്കൂട്ടിൽ നിർത്തപ്പെടുന്നവരും

വിജിലന്‍റ് കാത്തലിക് 04-03-2025 - Tuesday

ജീവിക്കാൻ മാർഗ്ഗമില്ലാതെയും മാനസികമായി തകർന്നുമുള്ള കൂട്ട ആത്മഹത്യകൾ കേരളത്തിൽ അപൂർവമല്ല. ഏറ്റവും ഒടുവിൽ കോട്ടയം, ഏറ്റുമാനൂരിൽ അമ്മയ്ക്കും രണ്ടു പെൺകുട്ടികൾക്കും സംഭവിച്ച ദാരുണാന്ത്യം മുഴുവൻ മലയാളികളുടെയും മനസിനെ മുറിപ്പെടുത്തിയ അത്യന്തം ദൗർഭാഗ്യകരമായ ഒരു ദുരന്തമായിരുന്നു. എന്നാൽ, മുൻകാലങ്ങളിൽ മറ്റു ചില സംഭവങ്ങളിൽ കാണപ്പെട്ടതിന് സമാനമായതും വാസ്തവവിരുദ്ധമായതുമായ ചർച്ചകളാണ് പ്രസ്തുത സംഭവത്തിന് പിന്നാലെ സമൂഹമാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്നത്. മുൻധാരണാപരവും യാതൊരു തെളിവുകളുമില്ലാത്തതുമായ ചില ദുരാരോപണങ്ങൾ ഉയർന്നതിൽ ചില ഓൺലൈൻ മാധ്യമങ്ങൾക്കും ചില വ്യക്തികൾക്കും പങ്കുണ്ട്.

കുടുംബപരമായ പ്രതിസന്ധികളും അനുബന്ധമായ മാനസിക തകർച്ചയുമാണ് ഇത്തരമൊരു ദാരുണ സംഭവത്തിലേക്ക് വഴിതെളിച്ചത് എന്നത് പ്രഥമ ദൃഷ്ട്യാ വ്യക്തമാണെങ്കിലും ഏറ്റവും ആദ്യം പ്രതിപ്പട്ടികയിൽ നിർത്തപ്പെട്ടത് കാരിത്താസ് ആശുപത്രിയും പിന്നീട് പ്രതിയായി ചിത്രീകരിക്കപ്പെട്ടത് മരിച്ച സ്ത്രീയുടെ ഭർതൃ സഹോദരനായ വൈദികനുമാണ്. തുടർന്ന് പരോക്ഷമായി സഭാ നേതൃത്വം മുഴുവനോടെ ചിലരുടെ പ്രതിപ്പട്ടികയിൽ ഉൾപ്പെട്ടു. കാരിത്താസ് ഹോസ്പിറ്റൽ ജോലി നൽകാതിരുന്നതാണ് അവരെ മരണത്തിലേയ്ക്ക് നയിച്ചത് എന്ന് ചിലർ പ്രചരിപ്പിച്ചപ്പോൾ, അവർ ജോലിക്ക് അപേക്ഷിച്ചിടത്തെല്ലാം മേൽപ്പറഞ്ഞ വൈദികൻ ജോലി ലഭിക്കുന്നതിന് തടസം നിന്നു എന്ന് മറ്റു ചിലർ സ്ഥാപിക്കാൻ ശ്രമിച്ചു.

കാരിത്താസ് ആശുപത്രിയിൽനിന്ന് ലഭ്യമായ വിവരങ്ങൾ: ‍

കുടുംബ പ്രശ്നങ്ങളെ തുടർന്ന് ഭർതൃ ഭവനത്തിൽനിന്ന് വിട്ട് സ്വഭവനത്തിൽ മക്കളുമായി താമസമാക്കേണ്ടതായി വന്നതിന് ശേഷം തനിക്ക് ഒരു ജോലി ആവശ്യമാണെന്ന് ഇടവക വികാരിയച്ചനോട് അവർ പറഞ്ഞതിനെ തുടർന്നാണ് വികാരിയച്ചൻ ഇപ്രകാരമൊരു ആവശ്യം കാരിത്താസ് ആശുപത്രി മാനേജ്‌മെന്റിനെ അറിയിക്കുന്നത്. അതേത്തുടർന്ന് ഏതാണ്ട് ആറുമാസം മുമ്പ് (2024 സെപ്റ്റംബറിൽ) അസിസ്റ്റന്റ് നഴ്‌സിംഗ് സൂപ്രണ്ട് അവരെ ബന്ധപ്പെടുകയും നേരിട്ടു സംസാരിക്കുകയും ചെയ്തു.

ഒമ്പത് വർഷത്തോളം ജോലിയിൽനിന്ന് വിട്ടു നിന്നിരുന്നതിനാൽ തൽക്കാലം നഴ്‌സിംഗ് അസിസ്റ്റന്റ് ആയി ജോലിയിൽ പ്രവേശിപ്പിക്കാമെന്നും ക്രമേണ നഴ്സ് ജോലിയിലേക്ക് പരിഗണിക്കാമെന്നുമാണ് അവർ നൽകിയ വാഗ്ദാനം. കാരിത്താസ് പോലൊരു വലിയ ആശുപത്രിയ്ക്ക് ഇത്തരം കാര്യങ്ങളിൽ വ്യക്തമായ മാനദണ്ഡങ്ങൾ പാലിക്കേണ്ടതുണ്ട് എന്നതിൽ തർക്കമില്ല. കുടുംബക്കാരുമായി ആലോചിച്ച് തീരുമാനം പറയാം എന്ന് പറഞ്ഞ് അന്ന് കാരിത്താസിൽനിന്ന് മടങ്ങിയ അവർ പിന്നീട് അങ്ങോട്ട് ചെന്നിട്ടില്ല. എന്നാൽ, കുറച്ചു നാളുകൾക്ക് ശേഷം അസിസ്റ്റന്റ് നഴ്‌സിംഗ് സൂപ്രണ്ടിനെ യാദൃശ്ചികമായി വെളിയിൽ കണ്ടുമുട്ടിയ അവർ, താൻ വീടിനടുത്തുള്ള റോസാ മിസ്റ്റിക്ക പാലിയേറ്റിവ് കെയർ സെന്ററിൽ ജോലിക്ക് പ്രവേശിച്ചു എന്ന് അറിയിച്ചിരുന്നു.

പാലിയേറ്റിവ് കെയറിലെ ജോലി നഷ്ടപ്പെട്ടതിന് പിന്നിൽ അവരുടെ തന്നെ പിതാവിന്റെ അവിവേകത്തോടെയുള്ള ചില നീക്കങ്ങളായിരുന്നു എന്ന ആരോപണം ആരംഭഘട്ടത്തിൽ തന്നെ ഉയർന്നിരുന്നു. പ്രസ്തുത പാലിയേറ്റിവ് കെയർ സെന്ററിനെതിരെ അയാൾ അനാവശ്യമായ ആരോപണങ്ങൾ ഉയർത്തുകയും അവരുടെ നിലനിൽപ്പ് പ്രതിസന്ധിയിലാകുകയും ചെയ്ത സാഹചര്യത്തിലാണ് ജോലി നഷ്ടമായതെന്നാണ് ലഭ്യമായ വിവരം. എന്നാൽ, പിന്നീട് ചില തല്പര കക്ഷികൾ അതിന്റെ കാരണക്കാരനും ഭർതൃസഹോദരനായ വൈദികനാണെന്ന് പ്രചരിപ്പിച്ചു.

മരണപ്പെട്ട സ്ത്രീയെ ദുരുപയോഗിക്കാൻ അദ്ദേഹം ശ്രമിച്ചിരുന്നു, കുടുബ പ്രശ്‌നങ്ങൾക്കെല്ലാം കാരണമായത് അദ്ദേഹമാണ് എന്നിങ്ങനെയുള്ള അടിസ്ഥാനരഹിതമായ ആരോപണങ്ങളും ചിലർ ഉയർത്തി. പ്രസ്തുത വൈദികൻ മാസങ്ങളായി വിദേശത്ത് സേവനമനുഷ്ഠിച്ചു വരികയാണ് എന്നുള്ളതാണ് വസ്തുത. എന്നാൽ, തുടർന്ന് ഇത്തരമൊരു സംഭവത്തിന്റെ ഉത്തരവാദിത്തം സഭയുടേത് മാത്രമാണ് എന്ന് സ്ഥാപിക്കാൻ ചില തൽപരകക്ഷികൾ സമൂഹമാധ്യമങ്ങളിലൂടെ ശ്രമം ആരംഭിച്ചു. ഒട്ടേറെപ്പേരിൽ തെറ്റിദ്ധാരണകൾ വളർത്താൻ അത്തരം പ്രചരണങ്ങൾ കാരണമായി.

ഈ വിഷയം പോലീസിന്റെ ഗൗരവമായ അന്വേഷണ പരിധിയിൽ തുടരുകയാണ്. രൂക്ഷമായ കുടുംബ പ്രശ്നങ്ങൾ നിലനിന്നിരുന്ന പശ്ചാത്തലത്തിൽ, മാനസികമായും സാമ്പത്തികമായും തകർന്ന അവസ്ഥയിലായിരുന്നു ആ സ്ത്രീ എന്നതിൽ തർക്കമില്ല. കുടുംബശ്രീ അക്കൗണ്ടിൽ നിന്നെടുത്ത ലോണിന്റെ തിരിച്ചടവ് മുടങ്ങിയത് കേസായി മാറിയത്, വിദേശ ജോലിക്കായി ശ്രമിച്ചത് തടസ്സപ്പെട്ടത്, ഭർത്താവ് അവധിക്കായി നാട്ടിലെത്തി തിരിച്ചു പോയ ദിവസമാണ് സംഭവമെന്നത് എന്നിങ്ങനെ ഒട്ടേറെ മറ്റു സാഹചര്യങ്ങളും ഇത്തരമൊരു ദാരുണ സംഭവത്തിന് പിന്നിലുണ്ടായിരിക്കെ, മരണപ്പെട്ട സ്ത്രീയോ, ജീവിച്ചിരിക്കുന്ന കുടുംബാംഗങ്ങളോ, അന്വേഷണ ഉദ്യോഗസ്ഥരോ ഇനിയും കുറ്റക്കാരെന്ന് കരുതാത്തവർക്കെതിരെ വിരൽ ചൂണ്ടി അവാസ്തവങ്ങൾ പ്രചരിപ്പിക്കുകയും ആശയക്കുഴപ്പങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നവർക്ക് മറ്റെന്തോ ലക്ഷ്യങ്ങളുണ്ട് എന്ന് കരുതാതെ തരമില്ല.

ഇവിടെ ഉത്തരം ലഭിക്കേണ്ട ചോദ്യങ്ങൾ പലതുണ്ട്: ‍

- പാലിയേറ്റിവ് കെയർ സ്ഥാപനത്തിൽ ജോലിക്ക് കയറിയ അവർക്ക് ആ ജോലി നഷ്ടപ്പെടാനുണ്ടായ കാരണം എന്താണ്?

- ഭർത്താവ് വിദേശത്ത് നിന്നുവന്ന് തിരികെ പോകുന്ന ദിവസം തന്നെ ഈ ദാരുണമായ സംഭവം ഉണ്ടായ സ്ഥിതിക്ക് ആ ദിവസങ്ങളിൽ സംഭവിച്ചിട്ടുള്ളത് എന്തൊക്കെയാണ്?

- ആറുമാസങ്ങൾക്ക് മുമ്പ് ജോലി അന്വേഷിച്ചു മടങ്ങി എന്ന കാരണത്താൽ മാത്രം കാരിത്താസ് ആശുപത്രിക്കെതിരെ ഇപ്രകാരമുള്ള ഗുരുതരമായ ആരോപണങ്ങൾ ഉന്നയിക്കുന്നവരുടെ ലക്ഷ്യമെന്ത്?

- മറ്റു പല ആശുപത്രികളിലും പിന്നീട് അവർ ജോലി അന്വേഷിച്ചിരുന്നെങ്കിലും എവിടെയും ജോലി ലഭിച്ചിരുന്നില്ല എന്ന വെളിപ്പെടുത്തലുകളിൽ വാസ്തവമുണ്ടെങ്കിൽ എന്തുകൊണ്ടാണ് അപ്രകാരം സംഭവിച്ചത്?

- വിദേശത്ത് ജോലിക്കായി പോകാനായുള്ള ശ്രമം ആ സ്ത്രീ നടത്തിയിരുന്നെങ്കിലും കുടുംബശ്രീയിൽനിന്നെടുത്ത ലോണുമായി ബന്ധപ്പെട്ട കേസ് നിലവിലുണ്ടായിരുന്നത് അത് തടസമായി എന്ന ആരോപണങ്ങളുണ്ട്. എന്താണ് അതിന്റെ വാസ്തവം, ആരാണ് ഉത്തരവാദികൾ?

- മകന്റെ പേരിൽ ആ സ്‌ത്രീയ്‌ക്കെതിരെ ഒരു കേസ് നിലവിലുണ്ടായിരുന്നു എന്ന ആരോപണങ്ങളുണ്ട്. എന്താണ് അതിന്റെ വാസ്തവം?

- ഭർതൃ സഹോദരനായ വൈദികനെതിരെ ഗുരുതരമായ ആരോപണങ്ങളുമായി ചിലർ രംഗത്തുണ്ട്. അവർ ഉന്നയിക്കുന്ന ആരോപണങ്ങൾക്ക് അടിസ്ഥാനമെന്താണ്?

മക്കളുമായി ജീവനൊടുക്കാൻ ശ്രമിച്ച സ്ത്രീ ഒരു ആത്മഹത്യാക്കുറിപ്പ് പോലും എഴുതിവയ്ക്കാൻ തയ്യാറായിട്ടില്ല, കുടുംബാംഗങ്ങളോ അടുപ്പമുള്ള സുഹൃത്തുക്കളോ ഇനിയും ഇത്തരം ആരോപണങ്ങളുമായി രംഗത്തുവന്നിട്ടില്ല എന്നീ സാഹചര്യങ്ങൾ നിലനിൽക്കെ, വളരെ ഗുരുതരമായ മേൽപ്പറഞ്ഞ ആരോപണങ്ങളുമായി രംഗപ്രവേശം ചെയ്ത വ്യക്തികളും ഓൺലൈൻ മാധ്യമങ്ങളും ഈ ചോദ്യങ്ങൾക്ക് സമൂഹത്തോടും പോലീസിനും നീതിപീഠത്തിനും മുന്നിലും ഉത്തരം പറയാൻ ബാധ്യസ്ഥരാണ്. അല്ലാത്തപക്ഷം വ്യാജ ആരോപണങ്ങളും വ്യാജപ്രചാരണങ്ങളും നടത്തി പലർക്കും അപകീർത്തി വരുത്തിവച്ച ഇവർ നിയമനടപടികൾ നേരിടുക തന്നെ വേണം.


Related Articles »