News

ട്രംപ് എഫക്റ്റോ?; ട്രാന്‍സ് ജെന്‍ഡര്‍ ഒഴിവാക്കി, ഒന്നര പതിറ്റാണ്ടിന് ശേഷം ഡിസ്നി പ്ലസില്‍ ആദ്യമായി ക്രിസ്ത്യൻ കഥാപാത്രം

പ്രവാചകശബ്ദം 05-03-2025 - Wednesday

വാഷിംഗ്ടണ്‍ ഡി‌സി: അമേരിക്ക ആസ്ഥാനമായ വാള്‍ട്ട് ഡിസ്നി കമ്പനിയുടെ ഓണ്‍ലൈന്‍ വീഡിയോ ഓൺ-ഡിമാൻഡ് സ്ട്രീമിംഗ് പ്ലാറ്റ്ഫോമായ ഡിസ്നി പ്ലസില്‍ ഒന്നര പതിറ്റാണ്ടിന് ശേഷം ശേഷം ആദ്യമായി ഒരു ക്രിസ്ത്യൻ കഥാപാത്രം. പിക്സാർ ആനിമേറ്റഡ് പരമ്പരയായ 'വിൻ ഓർ ലൂസി'ലാണ് ക്രിസ്തീയത കേന്ദ്രമാക്കിയ ഒരു കഥാപാത്രമുണ്ടാകുന്നതെന്നത് ശ്രദ്ധേയമാണ്. 2007-ൽ പുറത്തിറങ്ങിയ ബ്രിഡ്ജ് ടു ടെറാബിതിയ എന്ന ചിത്രത്തിലാണ് ക്രിസ്ത്യൻ കഥാപാത്രത്തെ പ്രധാനമായും അവതരിപ്പിച്ച് ഡിസ്നി അവസാനമായി പുറത്തിറക്കിയ സിനിമ. ഒരു സ്കൂൾ സോഫ്റ്റ്ബോൾ ടീം അവരുടെ ചാമ്പ്യൻഷിപ്പ് മത്സരത്തിനായി തയ്യാറെടുക്കുന്ന യാത്രയെയാണ് ദൃശ്യാവിഷ്ക്കാരത്തില്‍ അവതരിപ്പിക്കുന്നത്.

ആദ്യ എപ്പിസോഡിൽ ടീമിന്റെ പരിശീലകന്റെ മകളായ ലോറി, സ്വന്തം കഴിവുകളില്‍ സംശയവും അരക്ഷിതാവസ്ഥയും അനുഭവിക്കുന്ന ഒരു അത്‌ലറ്റായി അവതരിപ്പിക്കപ്പെടുന്നു. ഈ വെല്ലുവിളികളെ മറികടക്കാൻ അവൾ തന്റെ ക്രിസ്തീയ വിശ്വാസത്തിൽ ആശ്രയിക്കുന്നതായാണ് പരമ്പരയുടെ ആമുഖത്തില്‍ അവതരിപ്പിക്കുന്നത്. മാർഗനിർദേശത്തിനായി അവൾ "സ്വർഗ്ഗസ്ഥനായ പിതാവിനോട്" പ്രാർത്ഥിക്കുന്നതും മുറിയിൽ മാലാഖമാരുടെ രൂപങ്ങളുള്ളതും ദൃശ്യമാണ്.

ഡിസ്നി സീരീസില്‍ ക്രിസ്തീയ വിശ്വാസത്തെ പോസിറ്റീവ് പശ്ചാത്തലത്തില്‍ അവതരിപ്പിക്കുന്ന അപൂര്‍വ്വതയാണ് ഇതില്‍ കാണുന്നതെന്ന് 'പ്രീമിയര്‍ ന്യൂസ്' റിപ്പോര്‍ട്ട് ചെയ്യുന്നു. ഡിസ്നി പരമ്പരയിൽ നിന്ന് ഒരു ട്രാൻസ്‌ജെൻഡർ കഥാസന്ദർഭം നീക്കം ചെയ്തതായി നേരത്തെ റിപ്പോർട്ട് ഉണ്ടായിരിന്നു. ഇതിന് തൊട്ടുപിന്നാലെയാണ് ലോറിയുടെ ആമുഖമെന്നത് ശ്രദ്ധേയമാണ്. യുഎസ് പ്രസിഡന്റായി ഡൊണാൾഡ് ട്രംപ് അടുത്തിടെ തിരഞ്ഞെടുക്കപ്പെട്ട പശ്ചാത്തലത്തിലാണ് ഡിസ്നിയുടെ മനംമാറ്റമെന്ന് കരുതുന്നവര്‍ നിരവധിയാണ്.

അമേരിക്കയില്‍ സ്ത്രീയും പുരുഷനും മാത്രമേയുള്ളൂവെന്നും അതില്‍ ട്രാന്‍സ്ജണ്ടര്‍ എന്നൊരു വിഭാഗമില്ലായെന്നും യുഎസ് കോൺഗ്രസിനെ അഭിസംബോധന ചെയ്തുള്ള ആദ്യ പ്രസംഗത്തില്‍ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞിരിന്നു. ക്രിസ്തീയ വിശ്വാസത്തിന് മുന്‍തൂക്കം നല്‍കുന്ന ട്രംപിന്റെ നിലപാടും ഡിസ്നിയുടെ നിലപാട് മാറ്റത്തിന് ഒരു കൂട്ടര്‍ പറയുമ്പോള്‍ ഡിസ്നിയുടെ ജനപ്രീതി കുറഞ്ഞതിനെ തുടർന്ന്, കമ്പനിയുടെ ആകർഷണീയത വർദ്ധിപ്പിക്കുന്നതിനുള്ള തന്ത്രപരമായ നീക്കമാണെന്ന് അനുമാനിക്കുന്നവരുമുണ്ട്.

♦️ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️


Related Articles »