News - 2025
നൈജീരിയയിൽ നിന്ന് തട്ടിക്കൊണ്ടുപോയ രണ്ട് വൈദികര്‍ക്ക് മോചനം
പ്രവാചകശബ്ദം 11-03-2025 - Tuesday
അബൂജ: ഫെബ്രുവരി അവസാന വാരത്തില്‍ നൈജീരിയയിൽ നിന്ന് തട്ടിക്കൊണ്ടുപോയ രണ്ട് വൈദികര്‍ക്ക് മോചനം. ഫെബ്രുവരി 22 പുലർച്ചെ വടക്കുകിഴക്കൻ നൈജീരിയയിലെ അഡമാവാ സംസ്ഥാനത്തെ ഡെംസ ലോക്കൽ ഗവൺമെൻ്റ് ഏരിയയിൽ സ്ഥിതി ചെയ്യുന്ന ഗ്വേദ-മല്ലത്തിലെ പ്രീസ്റ്റ് റെക്‌റ്ററിയില്‍ നിന്നു സായുധധാരികള്‍ ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോയ യോല കത്തോലിക്കാ രൂപതാംഗമായ ഫാ. മാത്യു ഡേവിഡ് ദത്സെമി, ജലിങ്കോ രൂപതാംഗമായ ഫാ. എബ്രഹാം സൗമ്മം എന്നിവര്‍ക്കാണ് മോചനം ലഭിച്ചിരിക്കുന്നത്.
തട്ടിക്കൊണ്ടുപോയവരിൽ ഒരാളായ തഹമാഡോ ഡെമിയനെ പോലീസ് അറസ്റ്റ് ചെയ്തതോടെയാണ് വൈദികരുടെ മോചനം സാധ്യമായത്. നുമാൻ, ഡെംസ പ്രദേശങ്ങൾക്കിടയിലുള്ള ഒറ്റപ്പെട്ട പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഗ്വേദ-മല്ലം ഗ്രാമത്തിൽ ബന്ദികളെ തടവിലാക്കിയ സ്ഥലം നിയമപാലകർക്ക് കണ്ടെത്താൻ കഴിഞ്ഞിരിന്നു. രണ്ട് വൈദികരെയും പരിക്കേൽക്കാതെ രക്ഷപ്പെടുത്താന്‍ പോലീസിനു സാധിച്ചു. അതേസമയം ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
പ്രാദേശികമായി നിർമ്മിച്ച തോക്ക്, മൊബൈൽ ഫോൺ, നിരവധി സിം കാർഡുകൾ എന്നിവ ഓപ്പറേഷനിടെ പോലീസ് ഉദ്യോഗസ്ഥര്‍ കണ്ടെടുത്തു. സംസ്ഥാനത്തുടനീളം കുറ്റവാളികളുടെ ഒളിത്താവളങ്ങൾ കണ്ടെത്തുന്നതിനായി നിയമ നിർവ്വഹണ ഏജൻസികൾ സംയുക്തമായി പ്രവർത്തനങ്ങൾ നടത്തിവരികയാണ്. ഇരകളെ മോചിപ്പിക്കുന്നതിന് ആരും മോചനദ്രവ്യം നൽകിയിട്ടില്ലെന്ന് പോലീസ് സ്ഥിരീകരിച്ചു. അതേസമയം സായുധധാരികള്‍ തട്ടിക്കൊണ്ടുപോയവരില്‍ 2 വൈദികരും ഒരു സെമിനാരി വിദ്യാര്‍ത്ഥിയും ഇപ്പോഴും തടങ്കലില്‍ തുടരുകയാണ്.
⧪ സുവിശേഷം അനേകരിലേക്ക് എത്തിക്കുവാൻ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ?
